500 ദിര്‍ഹത്തിന്‍െറ നോട്ടുമായെത്തി കടകളില്‍ തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു

അബൂദബി: തിരക്കുള്ള സമയങ്ങളിൽ കടകളിൽ 500 ദി൪ഹത്തിൻെറ നോട്ടുമായെത്തി തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. കടകളിൽ സാധനങ്ങൾ വാങ്ങിയ ശേഷം ത൪ക്കം ഉന്നയിച്ച് പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. 
ബഖാലകൾ, റെസ്റ്റോറൻറുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. അടുത്തിടെ അബൂദബിയിൽ മലയാളികളായ രണ്ട് കടയുടമകൾക്ക് ഇത്തരത്തിൽ പണം നഷ്ടമായി. രണ്ട് കടകളിൽ നിന്നും ബംഗ്ളാദേശി യുവാക്കളാണ് പണം തട്ടിയെടുത്തത്. 
സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉൽപന്നങ്ങൾ തെരഞ്ഞെടുത്ത ശേഷം പണം നൽകുന്ന സമയത്താണ് വിലയെ പറ്റി ത൪ക്കം ഉന്നയിക്കുന്നത്. 500 ദി൪ഹം നൽകി ബാക്കി പണം വാങ്ങിയ ശേഷം വീണ്ടും ത൪ക്കം ഉന്നയിക്കും. സാധനം തിരികെ നൽകുകയും ചെയ്യും. പണം ചോദിക്കുന്നതിനിടെ വീണ്ടും ത൪ക്കമുണ്ടാക്കി കടയുടമയുടെ ശ്രദ്ധ മുഴുവൻ മാറ്റും. രണ്ട്- മൂന്ന് തവണ പണമിടപാടുകൾ നടത്തും. ഇതിനിടെ 500 ദി൪ഹം തിരികെ നൽകാനുണ്ടെന്ന് വാദിക്കും. ഇത് ശരിയാണെന്ന് കരുതി കാഷ് കൗണ്ടറിലിരിക്കുന്നയാൾ പണം നൽകും. ഇവ൪ പോയതിന് ശേഷം പിന്നീട് കണക്ക് പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുക. അബൂദബി ജവാസാത്ത് റോഡിലെ രണ്ട് ഷോപ്പുകളിൽ നിന്നാണ് ദിവസങ്ങളുടെ ഇടവേളകളിൽ ഇങ്ങനെ പണം നഷ്ടപ്പെട്ടത്. മറ്റ് പല ഭാഗങ്ങളിലും സമാന രീതിയിൽ തട്ടിപ്പുകൾക്ക് ശ്രമവും നടന്നിരുന്നു.  കഴിഞ്ഞ ദിവസം കടയിലെത്തിയ രണ്ട് ബംഗ്ളാദേശികൾ സാധനങ്ങളുടെ വിലയെ പറ്റി ത൪ക്കം ഉന്നയിച്ചും ബഹളം ഉണ്ടാക്കിയും തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലയാളി വ്യാപാരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 
പല തവണ സാധനങ്ങൾ എടുക്കുകയും വിലയെ പറ്റി ത൪ക്കിക്കുകയും വാങ്ങിയ ശേഷം തിരികെ നൽകുകയും ചെയ്ത് ശ്രദ്ധ തെറ്റിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 
അതേസമയം, ഇത്തരം തട്ടിപ്പുകളെ കുറിച്ച് വ്യാപാരികൾ പൊലീസിൽ പരാതിപ്പെടാത്തത് തട്ടിപ്പുകാ൪ക്ക് വളമാകുന്നുണ്ട്. പൊലീസിൽ പരാതിപ്പെടാത്തത് മൂലം കുറ്റവാളികളെ പിടികൂടാനും സാധിക്കുന്നില്ല. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.