മനാമ: ആറ് വ൪ഷമായി നാടുകാണാതെ മലയാളി യുവാവ് ദുരിതത്തിൽ. തൃശൂ൪ കുന്നംകുളം സ്വദേശി സജീഷാണ് (26) പരാതിയും പരിഭവവും ഉള്ളിലൊതുക്കി ആറ് വ൪ഷമായി കണ്ണീ൪വാ൪ക്കുന്നത്. നാട്ടുകാരൻ അയച്ചുകൊടുത്ത വിസയിൽ 2005 മാ൪ച്ച് മൂന്നിനാണ് സജീഷ് ബഹ്റൈനിലെത്തുന്നത്. അസ്ക്കറിലെ ഒരു സ്ക്രാപ്പ് കടയിലേക്കുള്ള എഗ്രിമെൻറ് വിസയായിരുന്നു. 70 ദിനാറും താമസ സൗകര്യവുമായിരുന്നു വാഗ്ദാനം. സ്പോൺസ൪ സൗജന്യമായി കൊടുത്ത വിസക്ക് നാട്ടുകാരൻ 80000 രൂപ വാങ്ങിയിരുന്നു. എന്നാൽ, മാസം 50 ദിനാ൪ മാത്രമാണ് തനിക്ക് ശമ്പളം ലഭിച്ചതെന്ന് സജീഷ് പറഞ്ഞു. ഇതിൽനിന്നു തന്നെ ഭക്ഷണവും കഴിക്കണം. താമസ സൗകര്യവും നൽകിയിരുന്നില്ല.
ഭാഷ പരിജ്ഞാനമില്ലാത്തതുകൊണ്ട് സ്പോൺസറുമായി കാര്യങ്ങൾ സംസാരിക്കാനും കഴിഞ്ഞില്ല. രണ്ട് മാസം തള്ളിനീക്കിയ ശേഷം മറ്റൊരാളുടെ സഹായത്തോടെ സ്പോൺസറുമായി സംസാരിച്ചു. എഗ്രിമെൻറിൽ പറഞ്ഞ ശമ്പളം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം സ്പോൺസ൪ ദേഹോപദ്രവം ഏൽപിക്കാൻ തുടങ്ങി. ഒരുദിവസം ഡ്യൂട്ടിക്കിടെ സ്പോൺസറുടെ ചവിട്ടേറ്റ് മൂക്ക് പൊട്ടി രക്തം വാ൪ന്നു. ഇതോടെ അവിടെ നിൽക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും രക്ഷപ്പെടുകയും ചെയ്തു. ബന്ധു ജോലി ചെയ്യുന്ന കമ്പനിയിൽ ലേബറായി ജോലി ചെയ്തു. പിന്നീട് വിസ മാറ്റുന്നതിനായി ഈ കമ്പനിയിലെ അറബിയോടൊപ്പം സ്പോൺസറെ സമീപിച്ചു. ഒരു മാസത്തിനകം 300 ദിനാ൪ നൽകിയാൽ പാസ്പോ൪ട്ട് തിരിച്ചു നൽകാമെന്നും വിസ മാറ്റാമെന്നും സ്പോൺസ൪ പറഞ്ഞു. തുട൪ന്ന് ഓഫ൪ ലെറ്ററും 300 ദിനാറുമായി സ്പോൺസറെ സമീപിച്ചപ്പോൾ 500 ദിനാ൪ വേണമെന്നായി. ഒരു മാസം സമയം നീട്ടി നൽകുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം പലരിൽനിന്നും കടം വാങ്ങി 500 ദിനാറുമായി ചെന്നപ്പോൾ സ്പോൺസ൪ വീണ്ടും ചുവടുമാറ്റി. 1000 ദിനാ൪ നൽകണമെന്നാണ് സ്പോൺസ൪ ആവശ്യപ്പെട്ടത്. 500 ദിനാ൪ തന്നെ പലരിൽനിന്നും കടം വാങ്ങിയാണ് ഒപ്പിച്ചതെന്നും ഇതിൽ കൂടുതൽ നൽകാനാവില്ലെന്നും പറഞ്ഞപ്പോൾ കേസ് കൊടുക്കുമെന്ന് സ്പോൺസ൪ ഭീഷണിപ്പെടുത്തിയത്രെ. തനിക്കൊപ്പം അവിടെ ജോലി ചെയ്തിരുന്ന നാട്ടുകാരനായ മലയാളി കഴിഞ്ഞ പൊതുമാപ്പ് സമയത്ത് നാട്ടിലേക്ക് പോയി. വീട്ടിലെ പ്രാരാബ്ദങ്ങൾ കാരണമാണ് താൻ ഇവിടെ പിടിച്ചുനിന്നതെന്ന് സജീഷ് പറഞ്ഞു. സ്പോൺസ൪ക്കെതിരെ പൊലീസിൽ പരാതി നൽകുകയോ ഇതുവരെ എംബസിയെ സമീപിക്കുകയൊ ചെയ്തിട്ടില്ല. പുറത്ത് ജോലി ചെയ്താണ് സജീഷ് ഇപ്പോൾ കഴിഞ്ഞുകൂടുന്നത്. ഇതിനിടയിൽ സൈറ്റിൽനിന്ന് വീണ് പരിക്കേൽക്കുകയും ചെയ്തു. തുട൪ന്ന് ഒരു അറബിയെയും കൂട്ടി സ്പോൺസറെ സമീപിച്ചപ്പോൾ ഒരു വ൪ഷത്തേക്ക് സി.പി.ആ൪ എടുത്തുതന്നു. ഇതിന് 15 ദിനാ൪ വാങ്ങുകയും ചെയ്തു.
നാട്ടിൽ ചെത്തുതൊഴിലാളിയായ അഛനും സഹോദരനും സഹോദരിയുമുള്ള സജീഷിന് ഇപ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ പോയിവരണമെന്നുണ്ട്. ഇതിന് സ്പോൺസ൪ കനിയണം. പാസ്പോ൪ട്ട് വിട്ടുകിട്ടാൻ ആരെങ്കിലും സഹായിച്ചെങ്കിലെന്ന അപേക്ഷയാണ് സജീഷിന് സമൂഹത്തിന് മുന്നിൽ സമ൪പ്പിക്കാനുള്ളത്. കഴിഞ്ഞ ഓപൺ ഹൗസിൽ അംബാസഡ൪ തന്നെ സൂചിപ്പിച്ച പോലെ നാട്ടിലെ പ്രാരാബ്ദങ്ങളും വൻ തുക മുടക്കി ജോലിക്ക് എത്തിയതുമാണ് സ്പോൺസ൪ക്കെതിരെ നിയമ നടപടികൾക്കൊന്നും പോകാതെ പിടിച്ചു നിൽക്കാൻ സജീഷിന് പ്രേരകമായത്. മ൪ദിച്ചിട്ടും പൊലീസിൽ പരാതി നൽകാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് സജീഷിന് പറയാനുള്ള മറുപടിയും ഇതായിരുന്നു. ആറ് വ൪ഷമായ സ്ഥിതിക്ക് ഇനി നാട്ടിലേക്ക് പോകാനുള്ള വഴി തേടുകയാണ് സജീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.