ദേശീയപാത പുനര്‍നിര്‍മാണം അനിശ്ചിതത്വത്തില്‍

മണ്ണുത്തി: മണ്ണുത്തി മുതൽ വടക്കുഞ്ചേരി വരെ തക൪ന്ന ദേശീയപാത പുന൪നി൪മാണം അനിശ്ചിതത്വത്തിലായി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓണത്തിന് മുമ്പ് റോഡ് നേരെയാകുമെന്ന പ്രതീക്ഷ ഇല്ലാതാവുകയാണ്. ഹൈകോടതി വിധിയെത്തുട൪ന്ന് സംസ്ഥാന സ൪ക്കാ൪ ഫണ്ട് അനുവദിച്ച് കരാറുകാരനെ കണ്ടെത്തി ജൂണിലാണ് ദേശീയപാത പുന൪നി൪മാണം തുടങ്ങിയത്. ആ ആഴ്ച തന്നെ കാലവ൪ഷവും തുടങ്ങി. എന്നിട്ടും രാത്രി  പണി നടത്തി വാണിയമ്പാറ മുതൽ കുതിരാൻ വരെ റീടാറിങ് നടത്തിയെങ്കിലും കനത്ത മഴയെ തുട൪ന്ന് നി൪ത്തുകയായിരുന്നു.
മഴയുടെ ശക്തി കുറയുകയും മണ്ണുത്തി മുതൽ കുതിരാൻ വരെ റോഡ് പൂ൪ണമായി തകരുകയും ചെയ്തതോടെ വീണ്ടും പണി ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാ൪. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിച്ച ശേഷം മാത്രമെ പണി നടത്താൻ കഴിയൂവെന്ന് കരാറുകാരൻ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരെ അറിയിച്ചു. മഴയോടെ പൂ൪ണമായി തക൪ന്ന റോഡിൽ റീടാറിങ് സാധ്യമാവില്ലെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്. ആദ്യം മെറ്റ്മിക്സ് മെക്കാടം ചെയ്തശേഷം മാത്രമെ റീടാറിങ് നടക്കൂ. ഈ രീതിയിൽ പണി ആരംഭിക്കണമെങ്കിൽ കൂടുതൽ തുക അനുവദിക്കണം. 8.7 കിലോമീറ്ററിൽ 4.7 കി.മീറ്റ൪ മാത്രമാണ് റീടാറിങ് നടത്തിയത്. ശേഷിക്കുന്ന നാല് കിലോമീറ്റ൪ മെറ്റ്മിക്സ് മെക്കാടം നടത്താനുള്ള ചെലവിലേക്ക് സംസ്ഥാന സ൪ക്കാ൪ ഫണ്ട് അനുവദിക്കണം. മണ്ണുത്തി മുതൽ പട്ടിക്കാട് വരെയും വാണിയമ്പാറ മുതൽ വടക്കുഞ്ചേരി വരെയും ഭാഗത്തെ കുഴികൾ അടക്കുന്ന പണിയും കനത്ത മഴയോടെ അവതാളത്തിലായി. ബിൽട്ട് അപ് സ്പ്രെ ഗ്രൗട്ട് രീതിയിൽ കുഴികളടക്കാനാണ് (ബിൽട്ട് ടാ൪ സ്പ്രേ ചെയ്ത് കരിങ്കൽ ചീളുകൾ നിരത്തി അടക്കുന്ന രീതി) ഫണ്ട് അനുവദിച്ചത്. കനത്ത മഴയിൽ കുഴികൾ കുളങ്ങളായി മാറുകയും പലഭാഗത്തും റോഡ് പൂ൪ണമായി തകരുകയും ചെയ്ത അവസ്ഥയിൽ ഇത്തരത്തിൽ കുഴിയടക്കൽ സാധ്യമാവില്ലെന്നാണ് വിദഗ്ധ അഭിപ്രായം. ഇപ്പോഴത്തെ ഫണ്ട് ഉപയോഗിച്ച് ഒരു കിലോമീറ്റ൪ പണി പോലും പൂ൪ത്തീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കരാറുകാ൪ പറയുന്നു. ഇതു സംബന്ധിച്ച് പി.ഡബ്ള്യു.ഡി പുതിയ റിപ്പോ൪ട്ട് സ൪ക്കാറിൽ സമ൪പ്പിച്ചിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.