കോട്ടയത്ത് സംഘര്‍ഷം മുഖ്യമന്ത്രിക്ക് വഴി നീളെ കരിങ്കൊടി

കോട്ടയം: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ കരിങ്കൊടിയുമായി ഇടതുയുവജന സംഘടന പ്രവ൪ത്തക൪ ചാടിവീണു. 
വ്യാഴാഴ്ച വൈകുന്നേരം 5.45ന് തിരുവനന്തപുരം-ചെന്നൈ മെയിലിൽ തൊടുപുഴയിലേക്ക് പോകാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡിൽ പലയിടങ്ങളിലായി നിന്നാണ് പ്രതിഷേധിച്ചത്. ജില്ല പൊലീസ് ചീഫ് എം.വി. ദിനേശിൻെറ നേതൃത്വത്തിൽ പ്രതിഷേധം മുന്നിൽ കണ്ട് കനത്ത സുരക്ഷ ഏ൪പ്പെടുത്തിയിരുന്നു.
ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ പ്ളാറ്റ്ഫോമിൽ നിന്ന് മുദ്രാവാക്യം വിളിച്ച നാലുപ്രവ൪ത്തകരെ പൊലീസ് ഉടൻ പിടികൂടി ജീപ്പിൽ കയറ്റി കൊണ്ടുപോയി. വി.ഐ.പി ഗേറ്റിലൂടെ മുഖ്യമന്ത്രി കാറിനടുത്തേക്ക് നീങ്ങിയതും റെയിൽവേ സ്റ്റേഷൻ റോഡിലുണ്ടായിരുന്ന നൂറോളം പ്രവ൪ത്തക൪ കരിങ്കൊടിയുമായി പൈലറ്റ് ജീപ്പിന് മുന്നിൽ നിലയുറപ്പിച്ചു. ഇവരെ നീക്കാൻ പൊലീസുകാ൪ ശ്രമിച്ചതോടെ നേരിയ സംഘ൪ഷം ഉടലെടുത്തു. വൻപൊലീസ് സംഘം പ്രവ൪ത്തകരെ വളഞ്ഞ് മാറ്റി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കൊണ്ടുപോയി. കാറിൻെറ ചില്ല്താഴ്ത്തിയിട്ടിരുന്ന മുഖ്യമന്ത്രിയുടെ കൺമുന്നിലാണ് പ്രവ൪ത്തക൪ കരിങ്കൊടി ഉയ൪ത്തിയത്. മുഖ്യമന്ത്രി കടന്നുപോയയുടൻ പ്രവ൪ത്തക൪ പ്രകടനമായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി ഉപരോധം ആരംഭിച്ചു. പിടികൂടിയ പ്രവ൪ത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ജെയ്ക് തോമസ്, ഏരിയ  സെക്രട്ടറി കെ.ബി. ബിബിൻ, കെ.എസ്. ദീപു, സുരേഷ്, വി.ആ൪. രാജേഷ്, പി.എസ്. ശരത് എന്നിവരെ പൊലീസ് മ൪ദിച്ചെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. 
സമാധാനപരമായി സമരം ചെയ്ത ഇടതുയുവജനസംഘടന  പ്രവ൪ത്തകരെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.വൈ.എഫ് ജില്ല എക്സിക്യൂട്ടീവ് ആരോപിച്ചു. പ്രതിഷേധ സമരത്തിന് എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി അഡ്വ. വി.എസ്. മനുലാൽ, സംസ്ഥാന ജോയൻറ് സെക്രട്ടറി അഡ്വ. പ്രശാന്ത് രാജൻ, സംസ്ഥാന സമിതിയംഗം മനോജ് ജോസഫ്, എ.ഐ.എസ്.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി ശുഭേഷ് സുധാകരൻ, സുരേഷ് കെ. ഗോപാൽ, ലിജോയ് കുര്യൻ, അശോക് കുമാ൪, പ്രദീപ് നെടുംകുന്നം, രാജേഷ് ചെങ്ങളം, ഫിലിപ്പ് ഉലഹന്നാൻ എന്നിവ൪ നേതൃത്വം നൽകി.
ഇടതുപക്ഷ വിദ്യാ൪ഥി- യുവജനസംഘടന  പ്രവ൪ത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്ത് മ൪ദിച്ച കോട്ടയം ഈസ്റ്റ് സി.ഐ റിജോ പി. ജോസഫിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ- എസ്.എഫ്.ഐ നേതൃത്വത്തിൽ വെള്ളിയാഴ്ച ഈസ്റ്റ് സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തും. രാവിലെ 10നാണ് മാ൪ച്ച്. മ൪ദനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ മേഖലാ, ബ്ളോക് കേന്ദ്രങ്ങളിൽ പ്രകടനത്തിന് ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് പി.എൻ. ബിനുവും സെക്രട്ടറി കെ. രാജേഷും ആഹ്വാനം ചെയ്തു.  
പാലാ: തൊടുപുഴയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോയ മുഖ്യമന്ത്രിക്കുനേരെ വഴിനീളെ കരിങ്കൊടി. ട്രെയിൻ മാ൪ഗം കോട്ടയത്ത് എത്തിയ മുഖ്യമന്ത്രിയെ തൊടുപുഴക്കുള്ള യാത്രാമധ്യേ  കിടങ്ങൂ൪, മുത്തോലി, പുലിയന്നൂ൪, പാലാ എന്നിവിടങ്ങളിൽ ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ കരിങ്കൊടി കാണിച്ചു. പ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.