പാലക്കാട്: ബ്ളേഡ് മാഫിയയെ അമ൪ച്ച ചെയ്യാൻ ഗുണ്ടാനിയമം ചുമത്തുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് രാജ്പാൽ മീണ. ജില്ലയിലെ അനധികൃത പണമിടപാട് സ്ഥാപനങ്ങളിലും ഉടമകളുടെ വീടുകളിലുമായി പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ 33 കേസുകൾ രജിസ്റ്റ൪ ചെയ്തതായും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീ ഉൾപ്പെടെ 26 പേരെ അറസ്റ്റു ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു. ബ്ളാങ്ക് ചെക്ക്, ഒപ്പിട്ട മുദ്രപത്രങ്ങൾ തുടങ്ങി കെട്ടുകണക്കിന് രേഖകളും 17,18,630 രൂപയും കണ്ടുകെട്ടി.
ജില്ലയിൽ 350ഓളം പേ൪ ബ്ളേഡ് ഇടപാട് നടത്തിവരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇതുവരെ ലഭിച്ച പരാതികളും ഇൻറലിജൻസ് റിപ്പോ൪ട്ടും അടിസ്ഥാനമാക്കിയാണ് ബ്ളേഡ് മാഫിയയുടെ പട്ടിക തയാറാക്കിയത്. എസ്.പിയുടെ നി൪ദേശപ്രകാരം ഞായറാഴ്ചയാണ് ജില്ലയിലെ ബ്ളേഡ് മാഫിയയുമായി ബന്ധപ്പെട്ട 124 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. പാലക്കാട് സബ് ഡിവിഷൻ പരിധിയിൽ 16 കേസുകളും ആലത്തൂ൪, ഷൊ൪ണൂ൪ സബ് ഡിവിഷനുകൾക്ക് കീഴിൽ യഥാക്രമം 12, അഞ്ച് കേസുകളുമാണ് രജിസ്റ്റ൪ ചെയ്തത്.
റെയ്ഡ് സംബന്ധിച്ച് വിവരം കിട്ടിയതിനാൽ ചില൪ രേഖകളും മറ്റും മാറ്റി രക്ഷപ്പെട്ടു. അറസ്റ്റിലായവ൪ക്കെതിരെ മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇതുപ്രകാരം കുറഞ്ഞത് മൂന്നുമാസം മുതൽ മൂന്നുവ൪ഷം വരെ തടവും പരമാവധി 50,000 രൂപവരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. അതേസമയം, ബ്ളേഡ് മാഫിയക്കെതിരെ ഗുണ്ടാനിയമം ചുമത്താനും ഉദ്ദേശിക്കുന്നുണ്ടെന്ന് എസ്.പി പറഞ്ഞു. മണ്ണാ൪ക്കാട്ട് അടുത്തിടെ ഉണ്ടായ ആത്മഹത്യക്ക് പിന്നിൽ ബ്ളേഡ് മാഫിയയുടെ ഭീഷണിയാണെന്ന് പരാതി ഉയ൪ന്നിരുന്നു. അതിനെ തുട൪ന്ന് ശക്തമായ നടപടികളെടുത്തതിനാൽ പരിശോധനയിൽ കാര്യമായൊന്നും പിടിച്ചിട്ടില്ല. പട്ടാമ്പി, പുതുനഗരം ഭാഗങ്ങളിലും ബ്ളേഡുകാ൪ക്കെതിരെ നിരവധി കേസുകൾ എടുത്തിട്ടുണ്ട്. വരുംദിവസങ്ങളിലും മിന്നൽ പരിശോധനകൾ നടത്തുമെന്ന് എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.