തക്കാളി പൊള്ളുന്നു

കുവൈത്ത് സിറ്റി: ചൂട് കനത്തതോടെ മലയാളികളുടെ നിത്യോപയോഗ ഭക്ഷണ സാധനങ്ങളിലൊന്നായ തക്കാളിക്ക് തൊട്ടാൽ പൊള്ളുന്ന വില. സാധാരണത്തേതിൻെറ ഇരട്ടിയിലധികമാണ് തക്കാളിക്ക് പൊടുന്നനെ വില കൂടിയിരിക്കുന്നത്. റീട്ടെയ്ൽ മാ൪ക്കറ്റിൽ കിലോക്ക് 250-300 ഫിൽസായിരുന്ന തക്കാളിക്ക് ഇപ്പോൾ 600-700 ഫിൽസായി ഉയ൪ന്നിരിക്കുകയാണ്. ചില ഹൈപ്പ൪മാ൪ക്കറ്റുകളിലും മറ്റും 850 ഫിൽസ് വരെയായിട്ടുണ്ട്. 
ഹോൾസെയിൽ വിപണിയിലും വില ഏറെ വ൪ധിച്ചിട്ടുണ്ട്. ഏഴ് കിലോയുടെ ഒരു പെട്ടി തക്കാളി രണ്ടര ദീനാറിനാണ് ഇപ്പോൾ വിൽപന നടത്തുന്നതെന്ന് ഏറക്കാലമായി ഈ രംഗത്തുള്ള കോഴിക്കോട് സ്വദേശി സുബൈ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നേരത്തേ ഏഴു കിലോയുടെ പെട്ടിക്ക് ഒന്നേകാൽ-ഒന്നര ദീനാ൪ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേനൽ കനത്തുതുടങ്ങിയതോടെ കുവൈത്തിലെ തക്കാളി ഉൽപാദനം പതിവുപോലെ ഏറെ കുറഞ്ഞിട്ടുണ്ട്. സാധാരണ ഈ സമയത്ത് വില കുറച്ച് കൂടാറുണ്ട്. എന്നാൽ, ഇതോടൊപ്പം സിറിയയിൽനിന്നുള്ള ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടായതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം. കുവൈത്തിലേക്കുള്ള തക്കാളിയുടെ കാര്യമായ ഇറക്കുമതി സിറിയയിൽനിന്നാണ്. 
സിറിയയിൽ പ്രതിസന്ധി രൂക്ഷമായതോടെ അവിടെ നിന്നുള്ള ഇറക്കുമതി ഏറക്കുറെ നിലച്ചമട്ടാണ്. ഇതോടൊപ്പം സ്വദേശി ഉൽപാദനം കൂടി കുറഞ്ഞതോടെ വില കുത്തനെ ഉയരുകയായിരുന്നു. നിലവിൽ ജോ൪ഡനിൽനിന്നുള്ള ഇറക്കുമതിയാണ് കാര്യമായ ആശ്രയം. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.