സ്നേഹത്തിന്റെ യോര്‍ക്കര്‍...അക്തര്‍ ക്ളീന്‍ ബൗള്‍ഡ്

ദുബൈ: നിനച്ചിരിക്കാതെ കടന്നുവന്ന അതിഥിയെയും മാധ്യമപ്പടയെയും കണ്ട് ദുബൈ ഓട്ടിസം സെൻററിലെ കുട്ടികൾ ആദ്യമൊന്ന് അമ്പരന്നു. ആളെ തിരിച്ചറിഞ്ഞ ചില൪ ആലിംഗനം ചെയ്തു. മറ്റു ചില൪ കണ്ണിമ ചിമ്മാതെ നോക്കിനിന്നു. പാക് ക്രിക്കറ്റ൪ ശുഐബ് അക്തറിൻെറ ഓട്ടിസം സെൻറ൪ സന്ദ൪ശനമാണ് കൗതുക രംഗങ്ങൾക്ക് വേദിയായത്.
രാവിലെ പത്ത് മണിയോടെ ഓട്ടിസം സെൻററിലെത്തിയ അക്തറിനെ കമ്യൂണിറ്റി സ൪വീസ് യൂനിറ്റ് മേധാവി സാറ ബേകറിൻെറ നേതൃത്വത്തിൽ സ്വീകരിച്ചു. സ്ഥാപനവും സംവിധാനങ്ങളും ചുറ്റിനടന്ന് കണ്ട അദ്ദേഹം ക്ളാസ് മുറികളിലെത്തി വിദ്യാ൪ഥികളുമായും സംവദിച്ചു. ആലിംഗനം ചെയ്തും വിശേഷങ്ങൾ ചോദിച്ചറിഞ്ഞും കളികളിൽ പങ്കുചേ൪ന്നും അവരിലൊരാളായി മാറി. അധ്യാപക൪ കുട്ടികൾക്ക് അക്തറിനെ പരിചയപ്പെടുത്തി.
കുട്ടികളുമായുള്ള ക്രിക്കറ്റ് കളിയായിരുന്നു അടുത്ത പരിപാടി. ടെന്നീസ് ബാളുമായി കളത്തിലിറങ്ങിയ അക്തറിനെതിരെ ഗംഭീര പ്രകടനമാണ് ചില കുട്ടികൾ കാഴ്ച വെച്ചത്. തൻെറ ബാൾ സിക്സറിന് പറത്തിയ മിടുക്കനെ ടീഷ൪ട്ടിൽ ഓട്ടോഗ്രാഫ് നൽകിയാണ് അക്ത൪ അഭിനന്ദിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും അക്തറിനെതിരെ ബാറ്റിങ് വൈദഗ്ധ്യം പുറത്തെടുക്കാനെത്തി. ചില൪ക്ക് അധ്യാപകരുടെ സഹായം വേണ്ടിവന്നു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻെറ രക്ഷാക൪തൃത്വത്തിൽ പ്രവ൪ത്തിക്കുന്ന ദുബൈ ഓട്ടിസം സെൻറ൪ 2001ലാണ് സ്ഥാപിതമായത്. 43 കുട്ടികളാണ് ഇവിടെ അന്തേവാസികളായുള്ളത്. ഇവരുടെ പഠനവും പരിശീലനവും ചികിത്സയുമെല്ലാം ഓട്ടിസം സെൻററിൻെറ നേതൃത്വത്തിൽ നടക്കുന്നു. ഓട്ടിസത്തെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടികളും സെൻറ൪ നടത്തുന്നുണ്ട്. കുട്ടികളുടെ ആധിക്യം പരിഗണിച്ച് ഗ൪ഹൂദിൽ സ്വന്തമായി കെട്ടിടം നി൪മിച്ചുവരികയാണ്. ലോകത്തെ 88 കുട്ടികളിൽ ഒരാൾക്ക് ഓട്ടിസം ഉണ്ടെന്നാണ് അടുത്തിടെ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഓട്ടിസം സെൻററിൻെറ പ്രവ൪ത്തനത്തിന് എല്ലാ സഹായവും ശുഐബ് അക്ത൪ വാഗ്ദാനം ചെയ്തു. ഫണ്ട് ശേഖരണത്തിന് മുന്നിട്ടിറങ്ങുമെന്നും ഇനിയും ഇവിടെയെത്തുമെന്നും ഉറപ്പ് നൽകിയാണ് അദ്ദേഹം മടങ്ങിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.