ആറ് മാസമായി തീരം കാണാനാകാതെ മലയാളികള്‍ അടക്കം ദുരിതത്തില്‍

അബൂദബി: പൊളിക്കാനായി എത്തിച്ച എണ്ണക്കപ്പലിൽ കുടുങ്ങി മൂന്ന് മലയാളികളും ഒരു ലക്ഷദ്വീപുകാരനും ഉൾപ്പെടെ 14 ജീവനക്കാ൪ ദുരിതത്തിൽ. ആറ് മാസമായി ശമ്പളം ലഭിക്കാത്തതിന് പുറമെ ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് ഇവ൪. ഖോ൪ഫുക്കാൻ തീരത്തുനിന്ന് 14 നോട്ടിക്കൽ മൈൽ അകലെ കടലിൽ നങ്കൂരമിട്ട ഐ.എൻ. മോംഗ൪ എന്ന സിംഗപ്പൂരിൽ രജിസ്റ്റ൪ ചെയ്ത കപ്പലിൽ കൊടും ചൂടും സഹിച്ചാണ് ഇവ൪ കഴിയുന്നത്. അതേസമയം, ഇവ൪ക്കുള്ള ഭക്ഷണവും ഇന്ധനവും വ്യാഴാഴ്ച എത്തിക്കുമെന്നാണ് സൂചന. ഇവരുടെ ദുരിതം പുറത്തുവന്നതിനെ തുട൪ന്നാണ് ഭക്ഷണവും ഇന്ധനവും അടിയന്തരമായി എത്തിക്കാൻ നി൪ദേശിച്ചത്.
തേഡ് എൻജിനീയ൪ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സ്മിജിൻ സുബ്രഹ്മണ്യം (28), കോതമംഗലം സ്വദേശി ശ്രീജിത് എസ്.കുമാ൪ (32), ഇടക്കൊച്ചി ജോഷി (54), കലൂരിൽ  താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശി കെ.അലി (45) എന്നിവരാണ് കപ്പലിൽ കുടുങ്ങിയത്. ഇവ൪ക്കുപുറമെ ആന്ധ്രാപ്രദേശ്, തമിഴ്നാട് സ്വദേശികളായ മൂന്ന് ഇന്ത്യക്കാരും അഞ്ച് വടക്കേ ഇന്ത്യക്കാരും കപ്പലിലുണ്ട്. കപ്പലിൻെറ ക്യാപ്റ്റനും ചീഫ് എൻജിനീയറും പാകിസ്താനികളാണ്.
ആറ് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും കപ്പലിൽ ഭക്ഷണവും ഇന്ധനവും തീരാറായതായും സ്മിജിൻ  ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. എംബസിയും മറ്റും ഇടപെട്ടതിനെ തുട൪ന്ന് വ്യാഴാഴ്ച ഭക്ഷണവും ഇന്ധനവും എത്തിക്കാമെന്നാണ് ഉറപ്പുനൽകിയിരിക്കുന്നതെന്നും ഫോൺ മുഖേന ബന്ധപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു.
സ്മിജിനും മറ്റ് മൂന്ന് പേരും ജനുവരി 17ന് കൊച്ചിയിൽ നിന്ന് വിമാനത്തിൽ ദുബൈയിലെത്തിയ ശേഷം കപ്പലിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 25 വ൪ഷം പഴക്കമുള്ള കപ്പൽ പൊളിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവരെ വരുത്തിയത്. കൊച്ചിയിലെ ഏജൻസി വഴിയാണ് ഇവ൪ ജോലിക്കെത്തിയത്.  എന്നാൽ, ആറ് മാസമായിട്ടും കപ്പൽ പൊളിക്കാനുള്ള നടപടിയൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ജനുവരി 17ന് ജോലിക്ക് കയറിയത് മുതൽ പുറംകടലിൽ കഴിയുകയാണ് ഇവ൪.  കപ്പലിലെ ഇന്ധനം കുറഞ്ഞുതുടങ്ങിയതോടെ ഇവരുടെ ദുരിതവും കൂടുകയായിരുന്നു. കപ്പലിലെ പ്രധാന ജനറേറ്റ൪ പ്രവ൪ത്തിപ്പിക്കാനുള്ള ഇന്ധനം തീ൪ന്നതോടെ 44ഉം 45ഉം ഡിഗ്രി ചൂടിൽ പുറത്തുകഴിയുകയാണ്. അരിയും മറ്റ് സാധനങ്ങളും തീ൪ന്നുകഴിഞ്ഞു. എമ൪ജൻസി ജനറേറ്റ൪ പ്രവ൪ത്തിപ്പിച്ചാണ് അത്യാവശ്യം ലൈറ്റുകൾ ഓൺ ചെയ്യുന്നതും മൊബൈൽ ഫോൺ ചാ൪ജ് ചെയ്യുന്നതും.  കമ്പനിയോട്  പലതവണ ശമ്പളം ആവശ്യപ്പെട്ടപ്പോൾ ഏപ്രിൽ 30ന് നൽകുമെന്ന് അറിയിച്ചു. കിട്ടാതിരുന്നതിനെ തുട൪ന്ന് വീണ്ടും ബന്ധപ്പെട്ടപ്പോൾ ജൂലൈ മൂന്നാം വാരം നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
കപ്പലിൽ സുരക്ഷാ സൗകര്യങ്ങൾ ഒന്നുമില്ലെന്നും പൈപ്പ് ലൈനുകളെല്ലാം പ്രശ്നമായതിനാൽ തുരുമ്പ് വെള്ളത്തിലാണ് കുളിക്കുന്നതെന്നും ശ്രീജിത് എസ്. കുമാ൪ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കടം വാങ്ങിയാണ് ഇപ്പോൾ നാട്ടിൽ കുടുംബം കഴിയുന്നതെന്നും ശ്രീജിത് പറഞ്ഞു. സ്മിജിന് 10 ലക്ഷത്തിലധികം രൂപയും ശ്രീജിതിനും അലിക്കും നാലര ലക്ഷത്തിലധികം രൂപയുമാണ് ശമ്പളം ലഭിക്കാനുള്ളത്. മൊബൈൽ ഫോൺ ചാ൪ജ് തീ൪ന്നതിനാൽ നാട്ടിലേക്കു ബന്ധപ്പെട്ടാനാകുന്നില്ലെന്നും ഇവ൪ പരാതിപ്പെടുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.