കടലില്‍ മുങ്ങിയ ടഗ്ബോട്ടിനുള്ളില്‍ മൂന്ന് ദിവസം; നൈജീരിയക്കാരന് യു.എ.ഇ കമ്പനി രക്ഷകരായി

അബൂദബി: ആഫ്രിക്കൻ തീരത്തെ കടലിൽ മുങ്ങിയ ടഗ് ബോട്ടിനുള്ളിലെ കൊച്ചുമുറിയിൽ കഴിച്ചുകൂട്ടിയ നൈജീരിയൻ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. ജാക്സൺ 4 എന്ന ടഗ് ബോട്ട് മുങ്ങി കൂടെയുണ്ടായിരുന്ന 11 പേരും മരിച്ചപ്പോഴാണ് നൈജീരിയൻ പാചകക്കാരനായ ഹാരിസൺ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ടഗിലെ കൊച്ചുമുറിയിൽ ശീതളപാനീയം മാത്രം കഴിച്ച് മൂന്ന് ദിവസത്തോളം ജീവിച്ച ഹാരിസണെ അബൂദബിയിലെ മുസഫ കൺസ്ട്രക്ഷൻ ആൻറ് ഇൻസ്റ്റലേഷൻ കമ്പനിയിലെ മുങ്ങൽ വിദഗ്ധരാണ് രക്ഷിച്ചത്.
മെയ് 26ന് നൈജീരിയയിലെ എണ്ണ സമ്പന്നമായ ഡെൽറ്റ സംസ്ഥാനത്തിൻെറ തീരത്ത് നിന്ന് 30 കിലോമീറ്റ൪ അകലെയാണ് ടഗ് ബോട്ട് മുങ്ങിയത്. തീരക്കടലിനടിയിൽ പൈപ്പ് ലൈനിൻെറ പണിയുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുകയായിരുന്നു അബൂദബി കമ്പനിയിലെ ജീവനക്കാ൪. ഇവ൪ക്കുള്ള സഹായത്തിനായി കപ്പലും ഉണ്ടായിരുന്നു. ടഗ് അപകടത്തിൽ പെട്ടതായ സന്ദേശം ലഭിച്ചതിനെ തുട൪ന്ന് പൈപ്പ് ലൈൻ നി൪മാണത്തിനുള്ള കപ്പൽ മുങ്ങൽ വിദഗ്ധരുമായി രക്ഷാപ്രവ൪ത്തനത്തിന് ഇറങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ടഗ് മുങ്ങിയത് കണ്ടെത്തിയത്. കടലിൽ 30 മീറ്റ൪ അടിയിലായാണ് ടഗ് കണ്ടെത്തിയത്. ആരെയും ജീവനോടെ ലഭിക്കുമെന്ന പ്രതീക്ഷ രക്ഷാപ്രവ൪ത്തക൪ക്കുണ്ടായിരുന്നില്ല. ടഗിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനാണ് മുങ്ങൽ വിദഗ്ധ൪ ശ്രമിച്ചത്.
ഇതിനിടെയാണ് ഹാരിസണെ കണ്ടെത്തുന്നത്. 30 അടി താഴെ കടലിൽ കഴിഞ്ഞ ഹാരിസണിൻെറ ശരീരത്തിൽ നൈട്രജൻെറ അളവ് വളരെ കൂടുതലായിരുന്നു. മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലായിരുന്നു ഇയാൾ. തുട൪ന്ന് പ്രത്യേക ഹെൽമെറ്റ് ധരിപ്പിച്ച് രക്ഷാപ്രവ൪ത്തനം നടത്തിയ കപ്പലിലേക്കെത്തിച്ച ഹാരിസണെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്ന് നാല് ദിവസത്തിനകം ഇയാൾ പൂ൪ണ ആരോഗ്യം വീണ്ടെടുത്തതായി മുസഫ കൺസ്ട്രക്ഷൻ ആൻറ് ഇൻസ്റ്റലേഷൻ കമ്പനി മാനേജറും ബ്രിട്ടീഷുകാരനുമായ ചേംബ൪ലൈൻ പറഞ്ഞു.
രക്ഷാപ്രവ൪ത്തനത്തിനിടെ ഹാരിസണിനോടൊപ്പം ടഗിലുണ്ടായിരുന്ന പത്ത് പേരുടെ മൃതദേഹങ്ങളും വീണ്ടെടുത്തു. ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് രക്ഷാ പ്രവ൪ത്തനം അവസാനിപ്പിക്കേണ്ടി വന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.