എക്സിറ്റ് അടിച്ച് ബോഡിങ് പാസ് ലഭിച്ച ശേഷം തിരിച്ചയച്ചു

അൽഖോബാ൪: നിതാഖാതിൽ നിന്നു തൽക്കാലം രക്ഷ നേടി സൗദിയിലേക്ക് തന്നെ തിരിച്ചു വരണമെന്ന ആഗ്രഹത്തോടെ 4500 റിയാല് മലയാളി ഏജൻറിനും വിമാന ടിക്കറ്റിന് 900 റിയാലും ചെലവാക്കി നാട്ടിലേക്കു പുറപ്പെട്ട കണ്ണൂ൪ സ്വദേശിയെ വിമാനത്താവളത്തിൽവെച്ച് സാങ്കേതിക കാരണങ്ങളാൽ തിരിച്ചയച്ചു. കാസ൪കോട് സ്വദേശിയായ വിസ ഏജൻറിൻെറ ചതിയിൽ പെട്ട് നാട്ടിലേക്ക് യാത്രക്കൊരുങ്ങിയ കണ്ണൂ൪ നാറാത്ത് സ്വദേശി അബ്ദുൽ അസീസിനാണ് ദുരനുഭവം. എക്സിറ്റ് അടിച്ച ശേഷം നാട്ടിൽ പോകാനുള്ള സ്വപ്നം മാത്രം മനസ്സിൽ കരുതി എയ൪ അറേബ്യയുടെ ദമ്മാം-ഷാ൪ജ-കൊച്ചി വിമാന ടിക്കറ്റുമായി ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിലെത്തിയ ഇയാളുടെ ലഗേജ് സ്വീകരിക്കുകയും ബോഡിങ് പാസ് നൽകുകയും ചെയ്തു. എന്നാൽ ടെ൪മിനലിനകത്ത് എത്തിയ അബ്ദുൽഅസീസിനെ പിന്നീടുള്ള വിരലടയാള പരിശോധനക്കു ശേഷം അധികൃത൪ യാത്ര ചെയ്യാൻ സാധിക്കില്ലെന്നറിയിക്കുകയായിരുന്നു. വിരലടയാളത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഹൂറൂബാണെന്നും അത് ശരിയാക്കിയിട്ട് വന്നാൽ നാട്ടിലേക്ക് പോകാൻ കഴിയുമെന്നും അറിയിച്ച അധികൃത൪ നേരത്തെ സ്വീകരിച്ച അബ്ദുൽ അസീസിൻെറ ലഗേജ് തിരിച്ചു കൊണ്ടു വന്ന് പറഞ്ഞയക്കുകയായിരുന്നു.
വിമാന ടിക്കറ്റിൻെറ തുകയും മലയാളിയായ ഏജൻറിന് നൽകിയ വകയിലുമായി 6000 റിയാലിനടുത്ത തുക നഷ്ടപ്പെട്ട ദുഃഖത്തിലാണിയാൾ. ദമ്മാമിലുള്ള സഅദിയ്യ ട്രാവൽസ് കേന്ദ്രീകരിച്ച് പ്രവ൪ത്തിച്ച കാസ൪കോട് ഉള്ളാൾ സ്വദേശി അസീസാണ് 30 ദിവസം മുമ്പ് എക്സിറ്റ് ശരിയാക്കിക്കൊടുത്തത്. എല്ലാം ശരിയായെന്ന് അറിയിച്ച ശേഷമാണ് വിമാന ടിക്കറ്റ് എടുത്തത്. എന്നാൽ ഇയാൾ ദമ്മാമിലെ സഅദിയ്യ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അസീസ് ട്രാവൽസിലെ ജീവനക്കാരനല്ലെന്നും തങ്ങളുടെ ഓഫിസ് ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചു. സ്പോൺസറുമായി യാതൊരു ബന്ധവുമില്ലാത്ത ഇദ്ദേഹം അസീസിലൂടെയാണ് വിസ, ഇഖാമ സംബന്ധമായ കാര്യങ്ങൾ ചെയ്തിരുന്നത്. ഇപ്പോൾ ആരെയും ബന്ധപ്പെടാൻ കഴിയാത്ത അനാഥാവസ്ഥയിലാണ് ഈ ഹതഭാഗ്യൻ. നാട്ടിലേക്ക് പോകാൻ ഇനി എന്തു ചെയ്യണമെന്നറിയാതെ സാമൂഹിക പ്രവ൪ത്തകരുടെ സഹായം തേടിയിരിക്കുകയാണിപ്പോൾ അബ്ദുൽഅസീസ്. നിതാഖാത് സമയപരിധിക്കകം നാട്ടിൽ പോകാനായില്ലെങ്കിൽ പ്രശ്നം കൂടുതൽ സങ്കീ൪ണമാകുമെന്നും അതിനാൽ ദമ്മാം അമീ൪ കോ൪ട്ടിൽ പരാതി നൽകാനും ആലോചിക്കുന്നുണ്ട്. അതേസമയം സുരക്ഷിതമായ ഏതെങ്കിലും ജോലിയെങ്കിലും കിട്ടിയാൽ പോകാനും തയാറാണെന്ന് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഒന്നര വ൪ഷം മുമ്പ് സൗദിയിലെത്തിയ ഇയാൾ ഖതീഫിലെ ഒരു ബൂഫിയയിലാണ് ജോലി ചെയ്തിരുന്നത്. കൈയിലുള്ള മുഴുവൻ പണവും നഷ്ടപ്പെടുകയും, നിയമപരമായ പ്രശ്നത്തിലൂം അകപ്പെട്ട തന്നെ ആരെങ്കിലും സഹായിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അബ്ദുൽഅസീസ്. ഇപ്പോൾ അൽഖോബാറിലുള്ള സാമൂഹിക പ്രവ൪ത്തകനായ മുസ്തഫ നണിയൂ൪ നമ്പ്രം, കുപ്പൻ കുഞ്ഞ് എന്നിവരുടെ സഹായത്തോടെ ദിനങ്ങളെണ്ണി കഴിയുന്ന ഇയാൾക്ക് ജോലി നൽകാൻ തയാറുള്ളവ൪ 0568198384 എന്ന നമ്പറിൽ ബന്ധപ്പെടാം.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.