സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെക്കാനാകാത്ത പദ്ധതികളെ ഉച്ച ഇടവേളയില്‍ നിന്നൊഴിവാക്കി

അബൂദബി: തുറന്ന സ്ഥലങ്ങളിൽ വെയിലുകൊണ്ട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സൗകര്യാ൪ഥം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നി൪ബന്ധിത ഉച്ച ഇടവേള ബാധകമല്ലാത്ത ജോലികൾ ഏതൊക്കെയെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കാൻ കഴിയാത്ത ജോലികളെയാണ് ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, ഇത്തരം ജോലിസ്ഥലങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാനങ്ങൾ തൊഴിലുടമ ഏ൪പ്പെടുത്തിയിരിക്കണമെന്ന് മന്ത്രാലയം അണ്ട൪ സെക്രട്ടറി മുബാറക് സഈദ് അൽ ദാഹിരി പുറത്തിറക്കിയ ഉത്തരവിൽ നിബന്ധനയുണ്ട്. ജലപൈപ്പുകൾ, എണ്ണ പൈപ്പുകൾ, മലിനജല പൈപ്പുകൾ തുടങ്ങിയവയുടെ അറ്റകുറ്റപണി, വൈദ്യുതി ലൈനിലെ പണികൾ, വൈദ്യുതി, ജല, ടെലികമ്യൂണിക്കേഷൻ സേവനങ്ങളെ ബാധിക്കുന്ന ജോലികൾ, ഏതാനും മണിക്കൂറുകളിലേക്ക് നിറുത്തിവെച്ചാൽ ഗതാഗതം തടസ്സപ്പെടുത്തുന്ന സ൪ക്കാ൪ വകുപ്പുകളുടെ ജോലികൾ, അവശ്യ സംവിധാനങ്ങളുടെ അറ്റകുറ്റപണി എന്നിവയെയൊക്കെ ഉച്ച ഇടവേളയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇത്തരം തൊഴിലിടങ്ങളിൽ പ്രാഥമിക ശുശ്രൂഷയും എ.സിയും സൺഷെയ്ഡും തണുത്ത വെള്ളവുമടക്കം തൊഴിലാളികൾക്ക് അപകടം സംഭവിക്കുന്നത് തടയാൻ ശക്തമായ മുൻകരുതലും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണം. നേരിട്ട് വെയില് കൊള്ളാതെ ജോലി ചെയ്യാനുള്ള പരമാവധി സൗകര്യങ്ങളാണ് ഏ൪പ്പെടുത്തേണ്ടത്. കുടകൾ സ്ഥാപിക്കുക, ശീതീകരണ സംവിധാനം തുടങ്ങിയവ ഇതിൽപ്പെടുന്നു. ഉച്ച ഇടവേളയും അത് ബാധകമല്ലാത്ത ഇടങ്ങളിൽ ഇത്തരം മുൻകരുതലും നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിലെ ഇൻസ്പെക്ട൪മാ൪ നിരന്തര പരിശോധന നടത്തുമെന്നും മന്ത്രാലയം അണ്ട൪ സെക്രട്ടറി മുബാറക് സഈദ് അൽ ദാഹിരി പറഞ്ഞു.  
ഈമാസം 15 മുതൽ സെപ്റ്റംബ൪ 15 വരെ ഉച്ച ഇടവേള നടപ്പാക്കണമെന്നാണ് കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രി സഖ്൪ ഗൊബാഷ് പ്രഖ്യാപിച്ചത്. ഉച്ചക്ക് 12.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് വിശ്രമ സമയം. കനത്ത ചൂട് അനുഭവപ്പെടുന്ന മൂന്ന് മാസങ്ങളിൽ ഉച്ചക്ക് ഇതുമൂലം രണ്ടര മണിക്കൂ൪ വിശ്രമം ലഭിക്കുന്നത് ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഏറെ ആശ്വാസമാകും. 
മന്ത്രാലയത്തിൻെറ ഉത്തരവനുസരിച്ച് ഇക്കാലയളവിൽ ഈ സമയത്ത് തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്നത് ആദ്യ തവണയാണെങ്കിൽ 15,000 ദി൪ഹമാണ് പിഴ. ഇതിനു പുറമെ 70 ബ്ളാക്ക് പോയൻറുമുണ്ടാകും. കുറ്റം ആവ൪ത്തിച്ചാൽ പിഴ സംഖ്യ വ൪ധിപ്പിക്കും. സ്ഥാപനത്തെ നിലവിലെ ക്ളാസിൽനിന്ന് തരംതാഴ്ത്തുന്ന നടപടിയുമുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.