തടവുകാരെ കൈമാറല്‍: അപേക്ഷാ ഫോറം വിതരണം തുടങ്ങി

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പിട്ട തടവുകാരെ കൈമാറൽ കരാറിന് യു.എ.ഇ പ്രസിഡൻറ് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻെറ അംഗീകാരം ലഭിച്ചതോടെ പ്രാഥമിക നടപടി ക്രമങ്ങൾ തുടങ്ങി. യു.എ.ഇ ജയിലുകളിലുള്ള ഇന്ത്യക്കാരെ നാട്ടിലെ ജയിലിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾക്കാണ് എംബസി അധികൃത൪ തുടക്കം കുറിച്ചത്. ഇതിൻെറ ഭാഗമായി ജയിലുകൾ സന്ദ൪ശിച്ച് തടവുകാ൪ക്ക് അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്തു. 
അപ്രതീക്ഷിത പ്രതിസന്ധികൾ ഉണ്ടായില്ലെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ തടവുകാരുടെ ആദ്യ സംഘത്തെ ഇന്ത്യയിലെ ജയിലുകളിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു. തടവുകാരും പേര്, പാസ്പോ൪ട്ട് വിവരങ്ങൾ, കുറ്റം,  ബാക്കി ശിക്ഷാ കാലാവധി, കേസ് നമ്പ൪ തുടങ്ങിയ വിവരങ്ങളും നാട്ടിലെ ജയിലിലേക്ക് മാറാൻ താൽപര്യമുണ്ടോ എന്ന കാര്യവും അന്വേഷിച്ചുള്ള ഫോമാണ് നൽകുന്നത്.  മയക്കുമരുന്ന് കേസുകളിലും രാജ്യസുരക്ഷക്ക് ഭീഷണിയായ കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവ൪ക്കും നഷ്ടപരിഹാരവും മറ്റും നൽകാൻ ബാക്കിയുള്ളവ൪ക്കും ഒഴികെ ഇന്ത്യൻ ജയിലുകളിലേക്ക് മാറാൻ അവസരമുണ്ടാകും. 
2011 നവംബറിൽ കരാ൪ ഒപ്പുവെച്ചതായ വാ൪ത്ത വന്നത് മുതൽ നാട്ടിലേക്ക് മാറാൻ ആഗ്രഹിച്ച് കാത്തിരിക്കുകയായിരുന്നുവെന്ന് ഒരു തടവുകാരൻ പറഞ്ഞു. ഒരു പേജുള്ള അപേക്ഷാ ഫോം പൂരിപ്പിക്കാൻ വേണ്ടി തന്നിട്ടുണ്ട്. എന്നാൽ, എന്ന് നാട്ടിലേക്ക് മാറാനാകുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് വാഹനാപകട കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി പറഞ്ഞു.  
അതേസമയം, നാട്ടിലെ ജയിലിലേക്ക് മാറാൻ തങ്ങൾ യോഗ്യരാണോ എന്ന് അറിയാൻ കാത്തിരിക്കുന്ന തടവുകാരും നിരവധിയാണ്. തങ്ങളിൽ പല൪ക്കും നാട്ടിലേക്ക് മാറാൻ അ൪ഹതയുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 55 കാരൻ പറഞ്ഞു. യു.എ.ഇയിലെ ജയിലുകളിലെ സൗകര്യം നാട്ടിൽ ലഭിക്കില്ലെന്ന് ഭൂരിഭാഗം തടവുകാരും പറയുന്നു. നാട്ടിൽ ഉറങ്ങാനുള്ള സൗകര്യമോ മാന്യമായ ഭക്ഷണമോ ലഭിക്കുമെന്ന് പ്രതീക്ഷയില്ല. ഇവിടത്തെ ജയിലിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ, ഭാര്യയെയും മക്കളെയും കാണാമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് മാറാൻ കാത്തിരിക്കുന്നതെന്ന് കൊലപാതക കേസിൽ എട്ട് വ൪ഷം ശിക്ഷ ബാക്കിയുള്ള തടവുകാരൻ പറഞ്ഞു. 
അതേസമയം, നാട്ടിലെ ജയിലിലേക്ക് മാറാൻ ആഗ്രഹമില്ലാത്ത നിരവധി തടവുകാരുമുണ്ട്. പെൺവാണിഭ കേസുകളിലും മറ്റും കുടുങ്ങിയ തടവുകാരാണ് നാട്ടിലേക്ക് മാറുന്നതിൽ വിമുഖത കാണിക്കുന്നത്. നാണക്കേട് ഓ൪ത്താണ് ഇവ൪ ജയിൽ മാറ്റത്തിന് തയാറല്ലാത്തത്. ആരെയും നി൪ബന്ധിച്ച് നാട്ടിലേക്ക് അയക്കില്ലെന്ന് നേരത്തേ ഇന്ത്യൻ എംബസി വ്യക്തമാക്കിയിരുന്നു. തടവുകാരുടെ കൈയിൽ നിന്ന് അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് വാങ്ങിയ ശേഷം യു.എ.ഇയിലെ അധികാരികൾക്ക് കൈമാറുമെന്നും തുട൪ന്നാണ് നാട്ടിലേക്ക് മാറ്റുന്നവരുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ഇന്ത്യൻ എംബസി അധികൃത൪ വ്യക്തമാക്കി. 
യു.എ.ഇയിലെ വിവിധ ജയിലുകളിലായി 40ഓളം സ്ത്രീകൾ ഉൾപ്പെടെ 1200ഓളം ഇന്ത്യൻ തടവുകാരുണ്ടെന്നാണ് കണക്ക്. ഇതിൽ 900ന് മേൽ തടവുകാ൪ നാട്ടിലെ ജയിലിലേക്ക് മാറാൻ അ൪ഹരാണ്. നാട്ടിലെ ജയിലിലേക്ക് മാറിയാലും ശിക്ഷാ കാലാവധി പൂ൪ത്തിയാകുന്നത് വരെ പരോളോ ജാമ്യമോ ലഭിക്കില്ല. അതേസമയം, ഇന്ത്യയിലെ ജയിലുകളിൽ ഒരു യു.എ.ഇ തടവുകാരൻ പോലും ഇല്ല.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.