ഒമ്പത് അമ്മമാര്‍ മക്കളെ കണ്ടു; വര്‍ഷങ്ങള്‍ക്ക് ശേഷം

ദുബൈ: അവ൪ ഒമ്പത് പേരിൽ പലരും മക്കളെ കണ്ടിട്ട് വ൪ഷങ്ങളായിരുന്നു. മക്കളെ കാണണമെന്ന് അതിയായ മോഹമുണ്ടെങ്കിലും സാധിച്ചിരുന്നില്ല. ജീവിത പ്രയാസങ്ങൾ തീ൪ക്കുന്ന തിരക്കിനിടക്ക് മക്കൾക്ക് നാട്ടിൽ പോകാനും കഴിഞ്ഞില്ല.  കുറഞ്ഞ ശമ്പളവും മറ്റ് പ്രശ്നങ്ങളും കാരണം മാതാപിതാക്കളെ ദുബൈയിൽ എത്തിക്കാനും സാധിച്ചില്ല.
മാതാക്കളിൽ പലരും ഒരിക്കലും ദുബൈ കാണാൻ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാൽ, തീ൪ത്തും അവിചാരിതമായി ഇവ൪ക്ക് ദുബൈയിലെത്താനും മക്കളെ കാണാനും സാധിച്ചു. യു.എ.ഇയിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7 എഫ്.എം ആണ് ഇതിന് അവസരം ഒരുക്കിയത്്. ‘ഫോ൪ യു മം’ എന്ന പരിപാടിയിലൂടെയാണ് ഒമ്പതാം വാ൪ഷികം ആഘോഷിക്കുന്ന ഹിറ്റ് എഫ്.എം ഒമ്പത് മലയാളികളായ പ്രവാസികളുടെ അമ്മമാരെ ദുബൈയിലെത്തിച്ചത്. വിമാന ടിക്കറ്റും ഭക്ഷണവും ഹോട്ടൽ താമസവും തുടങ്ങി എല്ലാ ചെലവുകളും വഹിച്ചാണ് ഒമ്പത് അമ്മമാ൪ക്ക് അടക്കം 18 പേ൪ക്ക് ദുബൈയിൽ ഒരാഴ്ച തങ്ങാനും മക്കളെ കാണാനും അവസരം ഒരുക്കിയത്. ദുബൈയുടെ വിസ്മയമായ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബു൪ജ് ഖലീഫയും ആഡംബര ബോട്ട് യാത്രയും എല്ലാം ഇവ൪ക്ക് ഒരുക്കിയിട്ടുണ്ട്്. ശ്രോതാക്കൾ അയച്ച എസ്.എം.എസുകളും ഇ- മെയിലും പരിശോധിച്ചാണ് ഒമ്പത് പേരെ തെരഞ്ഞെടുത്തതെന്ന് റേഡിയോ സ്റ്റേഷൻ പ്രതിനിധികൾ പറഞ്ഞു.  അമ്മമാ൪ക്കൊപ്പം അച്ഛൻമാരും സഹോദരിയും ഭാര്യയും അടക്കം 18 പേരെയാണ് ദുബൈയിലെത്തിച്ചത്. രമണി (തൃശൂ൪), റംലത്ത് (പയ്യന്നൂ൪), സുലേഖ (മതിലകം), നബീസ (ചങ്ങരംകുളം), സൈദ (നാദാപുരം), ഉമ്മാത്തു (പാലക്കാട് പടിഞ്ഞാറങ്ങാടി), ഫാത്തിമ (കാസ൪കോട്) എന്നിവരാണിവ൪. കൂടെ വന്ന ആസ്യ ഉമ്മ അസുഖമായി കിടക്കുന്ന മകൻ ഷാജഹാനൊപ്പം അബൂദബിയിൽ ആശുപത്രിയിൽ നിൽക്കുകയാണ്. അസ്ഥികൾ പൊടിയുന്ന രോഗം ബാധിച്ച് അബൂദബിയിലെ ആശുപത്രിയിൽ കഴിയുന്ന മകൻ ഷാനവാസിനൊപ്പമാണ് ആസ്യ ഉമ്മയുള്ളത്. ഇവ൪ക്കൊപ്പം ഷാനവാസിൻെറ സഹോദരിയും എത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളാണിവ൪.  മകനൊപ്പം നിൽക്കാൻ ആസ്യ ഉമ്മക്ക് 10 ദിവസം കൂടി ടിക്കറ്റ് നീട്ടി നൽകിയതായി ഹിറ്റ് എഫ്.എമ്മിലെ മിഥുൻ പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.