പെട്രോളിയം മന്ത്രി ഹാനി ഹുസൈന്‍ രാജിവെച്ചു

കുവൈത്ത് സിറ്റി: ഡോ കെമിക്കൽ വിവാദത്തെ തുട൪ന്ന് സമ്മ൪ദത്തിലായ പെട്രോളിയം മന്ത്രി ഡോ. ഹാനി ഹുസൈൻ ശംസ് മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. രാജി അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹ് സ്വീകരിച്ചതായി പാ൪ലമെൻററികാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അസ്വബാഹ് അറിയിച്ചു. ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ മുസ്തഫ അൽ ശിമാലിക്കായിരിക്കും പെട്രോളിയം മന്ത്രാലയത്തിൻെറ താൽക്കാലിക ചുമതല.
ഡോ വിവാദവും അനുബന്ധ വിഷയങ്ങളും മുൻനി൪ത്തി പെട്രോളിയം മന്ത്രിക്കെതിരെ കുറ്റവിചാരണ പ്രമേയ നോട്ടീസ് സമ൪പ്പിക്കപ്പെട്ടിരുന്നു. എം.പിമാരായ സഅ്ദൂൻ അൽ ഹമ്മാദ്, നാസ൪ അൽ മിരി, യഅ്ഖൂബ് അൽ സാനിഅ് എന്നിവ൪ സമ൪പ്പിച്ച കുറ്റവിചാരണ പ്രമേയം ചൊവ്വാഴ്ച പാ൪ലമെൻറിൻെറ പരിഗണനക്ക് വരാനിരിക്കെയാണ് മന്ത്രി രാജിവെച്ചത്. തനിക്കെതിരായ കുറ്റവിചാരണ പ്രമേയം രാഷ്ട്രീയപേരിതമാണെന്നും ഡോ വിവാദവുമായി ബന്ധപ്പെട്ട് കുവൈത്ത് കോടതിക്ക് മുമ്പിലുള്ള കേസിൽ വിധി വരും മുമ്പുതന്നെ ചില൪ വിധി പറഞ്ഞുകഴിഞ്ഞുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഡോ കെമിക്കൽസുമായുള്ള കരാ൪ റദ്ദാക്കിയതിനെ തുട൪ന്ന് കമ്പനിക്ക് 220 കോടി ഡോള൪ നഷ്ടപരിഹാരം നൽകണമെന്ന അന്താരാഷ്ട്ര ത൪ക്കപരിഹാര കോടതിയുടെ വിധിയെ തുട൪ന്നാണ് ഹാനി ഹുസൈൻ പ്രതിരോധത്തിലായത്. മന്ത്രിയുടെ ഭരണപരമായ പാളിച്ച മൂലമാണ് കുവൈത്തിന് പ്രതികൂലമായ വിധിയുണ്ടായതെന്ന് ചൂണ്ടിക്കാട്ടിായിരുന്നു കുറ്റവിചാരണ പ്രമേയം.
രാജ്യത്തിൻെറ സമീപകാല ചരിത്രത്തിൽ മന്ത്രിമാ൪ക്കെതിരെ കുറ്റവിചാരണ പ്രമേയ നോട്ടീസ് നൽകുന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും ആറു മാസം പിന്നിടുന്ന നിലവിലെ പാ൪ലമെൻറിൻെറയും മന്ത്രിസഭയുടെ കാലത്ത് ആദ്യത്തേതായിരുന്നു. തെരഞ്ഞെടുപ്പ് നിയമ ഭേദഗതിയുടെ പേരിൽ പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിനാൽ ഏറക്കുറെ സ൪ക്കാ൪ അനുകൂലികളായ എം.പിമാ൪ കുറ്റവിചരണപ്രമേയത്തിന് മുതിരരുതെന്ന് സ൪ക്കാറും പാ൪ലമെൻറും തമ്മിൽ അനൗദ്യോഗിക ധാരണയുണ്ടാക്കിയിരുന്നു.
അതിനെ ലംഘിച്ചുകൊണ്ടാണ് പെട്രോളിയം മന്ത്രിക്കും ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അൽ ഹമൂദ് അസ്വബാഹിനുമെതിരെ കുറ്റവിചാരണ പ്രമേയ നോട്ടീസുകൾ സമ൪പ്പിക്കപ്പെട്ടത് എന്നതിനാൽ മന്ത്രിമാ൪ രണ്ടാഴ്ച മുമ്പ് പാ൪ലമെൻറ് ബഹിഷ്കരിക്കുക വരെ ചെയ്തിരുന്നു. അതിനശേഷം അമീ൪ മുൻകൈയെടുത്ത് നടത്തിയ ഒത്തുതീ൪പ്പിൻെറ ഫലമായി മന്ത്രിമാ൪ പാ൪ലമെൻറിൽ ഹാജരാവുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു.
ഇന്ന് പാ൪ലമെൻറ് സമ്മേളിക്കുന്നതോടെ കുറ്റവിചരണയുമായി മുന്നോട്ടുപോവുമെന്ന് ചില എം.പിമാ൪ വ്യക്തമാക്കുക കൂടി ചെയ്തതതോടെയാണ് ഹാനി ഹുസൈൻ രാജിയിലേക്ക് നീങ്ങിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.