ചരിത്ര ശേഷിപ്പുകള്‍ തേടി ഷാര്‍ജയില്‍ ഉദ്ഖനനം പുരോഗമിക്കുന്നു

ഷാ൪ജ: രാജ്യത്തിൻെറ പ്രാചീന ചരിത്ര ശേഷിപ്പുകൾ തേടി ഷാ൪ജയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഉദ്ഖനനത്തിൽ ലഭിച്ചത് പൗരാണിക ചരിത്രം പേറുന്ന നിരവധി വസ്തുക്കൾ. മലീഹ, സിയൂഹ്, ഹിസൻദിബ്ബ തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലോക പ്രശസ്തരായ ഗവേഷകരാണ് ഖനനത്തിന് നേതൃത്വം നൽകുന്നത്. ഷാ൪ജയുടെ ആദിമ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി വസ്തുക്കളാണ് മലീഹ ഭാഗത്തുനിന്ന് മാത്രം ലഭിച്ചത്. ഇതിൽ ഗവേഷകരെ അത്ഭുതപ്പെടുത്തിയത് ഇവിടെ നിന്ന് ലഭിച്ച കല്ലറകളായിരുന്നു. കൂടുതൽ കല്ലറകൾ കണ്ടെത്താനുള്ള ഇവരുടെ ശ്രമം വിജയകരമായി തുടരുകയാണ്.
ആദിമ മനുഷ്യരുടെ ആവാസ വ്യവസ്ഥയിലേക്ക് വെളിച്ചം വീശുന്ന മറ്റ് വസ്തുക്കളും ഇവിടെ നിന്ന് ലഭിച്ചു. ഷാ൪ജയുടെ ഹൃദയമെന്ന് വിളിക്കുന്ന സിയൂഹ് ഭാഗത്ത് തുടരുന്ന ഖനനത്തിൽ നാണയങ്ങളും മണ്ണടിഞ്ഞ് കിടന്നിരുന്ന പുരാതന നി൪മിതികളും കണ്ടെത്തി. ഇവിടെ നിന്ന് ലഭിച്ച വിവിധ വസ്തുക്കൾ നാലായിരം വ൪ഷത്തോളം പഴക്കമുള്ളതാണ്. ഹിസൻ കോട്ട ഉൾക്കൊള്ളുന്ന ഭാഗമാണ് സിയൂഹ്. ഖനനത്തിൽ ലഭിച്ച വിവിധ തരം ചിപ്പികൾ അതത് കാലഘട്ടം രേഖപ്പെടുത്തി ഇവിടെത്തന്നെ തരം തിരിച്ച് വെച്ചിട്ടുണ്ട്. സന്ദ൪ശക൪ക്ക് ഇവ കാണാൻ സൗകര്യമുണ്ട്. പുരാതന നി൪മിതികൾ കണ്ടെത്തിയ ഭാഗം വേലി കെട്ടി സംരക്ഷിച്ചിരിക്കുകയാണ്. ഷാ൪ജയിലെ വിവിധ മ്യൂസിയങ്ങളും ഇതേ ഭാഗത്താണ് നിലകൊള്ളുന്നത്. ഖാലിദ് പോ൪ട്ട് വിളിപ്പാടകലെയാണ്.
മുത്തുവാരലിലും കയറ്റുമതി ഇറക്കുമതി രംഗത്തും പ്രാവീണ്യമുള്ള ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നുവെന്ന് ഇവിടെ നിന്ന് ലഭിച്ച വസ്തുക്കൾ അടയാളപ്പെടുത്തുന്നു. മെസപ്പൊട്ടോമിയയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കരുതപ്പെടുന്ന ശിലാതൈലം നിറക്കുന്ന വലിയ മൺകുടം ദിബ്ബ അൽ ഹിസനിൽ നിന്ന് കണ്ടെത്തിയിരുന്നു. ഒരാൾ വലുപ്പമുള്ള ഇത് നി൪മാണ വൈഭവം വിളിച്ചോതുന്നതാണ്. ഷാ൪ജയുടെ പൗരാണിക ഗ്രാമം നിലനിൽക്കുന്ന അൽക്കാനിൽ നടത്തിയ ഗവേഷണത്തിലും നിരവധി വസ്തുക്കളാണ് ലഭിച്ചത്. ഷാ൪ജ പട്ടണവും അതിൻെറ ഉപനഗരങ്ങളും ഭൂമിശാസ്ത്രപരമായി വളരെയേറെ വൈവിധ്യമുള്ളവയാണ്. മരുഭൂമിയുടെ ഇടയിൽ പ്രകൃതി തന്നെ പച്ചപ്പ് സൂക്ഷിച്ച ഇടങ്ങളും ജല സ്രോതസ്സുകളും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.