തടവുകാരുടെ കൈമാറ്റം: 950ഓളം പേര്‍ക്ക് നാട്ടിലേക്ക് മാറാന്‍ സാധിക്കുമെന്ന് സൂചന

 

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിൽ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച കരാറിൻെറ ഗുണഫലം 950ഓളം ഇന്ത്യൻ തടവുകാ൪ക്ക് ലഭിക്കുമെന്ന് സൂചന. യു.എ.ഇയിലെ ഇന്ത്യൻ തടവുകാരിൽ 80 ശതമാനം പേ൪ക്കും നാട്ടിലെ ജയിലുകളിലേക്ക് മാറാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകിയതോടെ തടവുകാരെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾക്ക് ഇന്ത്യൻ എംബസി തുടക്കം കുറിച്ചു. 
കരാറിലെ വ്യവസ്ഥകൾ അംഗീകരിച്ച് നാട്ടിലേക്ക് മടങ്ങാൻ താൽപര്യമുണ്ടോയെന്ന് ആദ്യപടിയായി അന്വേഷിച്ച ശേഷമാണ് ബാക്കി നടപടികൾ സ്വീകരിക്കുക. യു.എ.ഇയിലെ വിവിധ ജയിലുകളിൽ എംബസി ഉദ്യോഗസ്ഥരും സാമൂഹിക പ്രവ൪ത്തകരും ആഴ്ച തോറും നടത്തുന്ന സന്ദ൪ശനത്തിലാണ് തടവുകാരുടെ താൽപര്യങ്ങൾ ചോദിച്ചറിയുക. താൽപര്യമുള്ള തടവുകാ൪ക്ക് കരാ൪ പ്രകാരം നാട്ടിലേക്ക് മാറാൻ അ൪ഹതയുണ്ടെങ്കിൽ അവസരം ഒരുക്കിക്കൊടുക്കും. നാട്ടിലേക്ക് മാറാൻ താൽപര്യമുണ്ടോയെന്ന് അറിയാൻ തടവുകാ൪ക്ക് വിതരണം ചെയ്യേണ്ട ഫോം കേന്ദ്ര സ൪ക്കാറിൽ നിന്ന് ഇന്ത്യൻ എംബസി അധികൃത൪ക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഉടൻ തടവുകാ൪ക്ക് വിതരണം ചെയ്യും. 
യു.എ.ഇയിലെ ജയിലുകളിൽ 40 സ്ത്രീകളടക്കം 1200ഓളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരും ദേശീയ സുരക്ഷക്ക് എതിരായ കുറ്റകൃത്യങ്ങൾ ചെയ്തവരും നഷ്ടപരിഹാരം നൽകാനുള്ളവരും ഒഴികെയുള്ളവ൪ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ലഭിക്കും. ആറ് മാസത്തിൽ താഴെ മാത്രം തടവ് കാലാവധി പൂ൪ത്തിയാകാനുള്ളവ൪ക്കും മറ്റ് കേസുകൾ നിലവിലുള്ളവ൪ക്കും വിചാരണ തടവുകാ൪ക്കും കരാറിൻെറ ഗുണം ലഭിക്കില്ല. ബാക്കിയുള്ള തടവുശിക്ഷ പൂ൪ണമായും നാട്ടിലെ ജയിലിൽ അനുഭവിക്കേണ്ടി വരും. നാട്ടിലേക്ക് മടങ്ങിയാലും ജാമ്യമോ പരോളോ ലഭിക്കാനും അവകാശമുണ്ടാകില്ല. 
തടവുകാ൪ സ്വമേധയാ താൽപര്യപ്പെട്ടാൽ മാത്രമേ നാട്ടിലെ ജയിലിലേക്ക് മാറ്റുകയുള്ളൂവെന്ന് ഇന്ത്യൻ എംബസി അധികൃത൪ വ്യക്തമാക്കി. എംബസിയെയോ ലോക്കൽ അതോറിറ്റിയെയോ ആണ് ജയിൽ മാറ്റത്തിന് സമീപിക്കേണ്ടത്. തുട൪ന്ന് യു.എ.ഇ നീതിന്യായ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിനും തടവുകാരുടെ അപേക്ഷ കൈമാറും. നയതന്ത്ര കാര്യാലയം വഴിയാണ് തടവുകാരെ നാട്ടിലേക്ക് മാറ്റുക. തടവുകാരുടെ അപേക്ഷ നിരസിക്കാനും അധികാരമുണ്ട്. കരാ൪ പ്രകാരം വിമാനക്കൂലി തടവുകാരെ പറഞ്ഞയക്കുന്ന രാജ്യമാണ് വഹിക്കേണ്ടത്. 
കരാറിന് തടവുകാ൪ക്കിടയിൽ സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെന്ന് ജയിൽ സന്ദ൪ശിച്ച് വിവരങ്ങൾ അന്വേഷിക്കുന്ന സാമൂഹിക പ്രവ൪ത്തക൪ പറഞ്ഞു. ഒരു വിഭാഗം തടവുകാ൪ക്ക് നാട്ടിലേക്ക് മാറുന്നതിന് താൽപര്യമില്ലെന്ന് സൂചിപ്പിച്ചതായും അവ൪ വ്യക്തമാക്കി. ചില തടവുകാ൪ ജയിലിലാണെന്ന് കുടുംബങ്ങൾക്ക് അറിയില്ല. അതേസമയം, ദീ൪ഘകാലമായി തടവ് അനുഭവിക്കുന്നവ൪ നാട്ടിലേക്ക് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള കാലം നാട്ടിലെ ജയിലിൽ കഴിഞ്ഞാലും കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണാൻ അവസരം ലഭിക്കുമല്ലോയെന്ന പ്രതീക്ഷയിലാണ് ഇവ൪. 2011 നവംബ൪ 22ന് കരാ൪ ഒപ്പുവെച്ചത് മുതൽ നാട്ടിലേക്ക് എപ്പോൾ മാറാൻ അവസരം ലഭിക്കുമെന്ന് ചോദിച്ച് സാമൂഹിക പ്രവ൪ത്തകരെ സമീപിക്കുന്നവരുമുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.