സൗദിയിലെ ഇളവുകള്‍ ഇന്ത്യന്‍ സമൂഹം പ്രയോജനപ്പെടുത്തണം -ഖുര്‍ശിദ്

ജിദ്ദ: സൗദിയിൽ നിയമവിധേയമല്ലാതെ ജോലിയും താമസവുമുള്ള എല്ലാ ഇന്ത്യക്കാരും തങ്ങളുടെ താമസവും ജോലിയും നിയമവിധേയമാക്കി രാജ്യത്ത് തങ്ങുകയോ, ജയിൽ ശിക്ഷയും പിഴയുമില്ലാതെ രാജ്യം വിടുകയോ ചെയ്യാൻ അനുവദിച്ച സമയപരിധി വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ പ്രഥമ സൗദി സന്ദ൪ശനത്തിന് വെള്ളിയാഴ്ച ജിദ്ദയിലെത്തിയ അദ്ദേഹം നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് ഇന്ത്യൻ സമൂഹത്തോട് ഈ ആഹ്വാനം. 
20 ലക്ഷത്തിലേറെ ഇന്ത്യക്കാരെ സ്വീകരിച്ച സൗദി അറേബ്യയോട് അങ്ങേയറ്റം നന്ദിയുണ്ട്. പ്രത്യേകിച്ച് സൗദി ഭരണാധികാരി അബ്ദുല്ല രാജാവിൻെറ ഉദാര മനസ്കത ഏറെ പ്രശംസാ൪ഹമാണ്. അതേസമയം, ഈ രാജ്യത്തിൻെറ വിവിധ മേഖലകളിലെ വികസനത്തിന് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളും വലുതാണ്. തങ്ങളുടെ കഠിനാധ്വാനത്തിലൂടെ സൗദിയിൽ ഏറ്റവും സ്വീകാര്യമായ വിദേശ സമൂഹമായി ഇന്ത്യക്കാ൪ ഇനിയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. 
സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്നവ൪ക്ക് നിയമവിധേയമാകുകയോ ഒരു ശിക്ഷയുമില്ലാതെ രാജ്യം വിടുകയോ ചെയ്യാൻ ഇളവുകൾ അനുവദിച്ച സമയത്താണ് തൻെറ സന്ദ൪ശനമെന്നത് മന്ത്രി എടുത്തുപറഞ്ഞു. ഇപ്പോൾ ലഭിച്ച അവസരം ഇന്ത്യക്കാ൪ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സൗദിയും ഇന്ത്യയും തമ്മിൽ വളരെ ദൃഢമായ ബന്ധമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം അടുത്ത കാലത്ത് കൂടുതൽ ഊഷ്മളമാണ്. ഈയിടെ നടന്ന ഉന്നതതല സന്ദ൪ശനങ്ങൾ ഇതിന് സഹായിച്ചു.  2010ൽ പ്രധാനമന്ത്രി മൻമോഹൻസിങ് നടത്തിയ സൗദി സന്ദ൪ശനം ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദത്തിൽ വലിയ കുതിപ്പായിരുന്നു. ആ സമയത്ത് രണ്ടു രാജ്യങ്ങളും ഒപ്പുവെച്ച ‘റിയാദ് പ്രഖ്യാപന’ത്തിൻെറ അടിസ്ഥാനത്തിലുള്ള നടപടികളുടെ പുരോഗതി സൗദി വിദേശകാര്യ മന്ത്രി അമീ൪ സുഊദ് അൽഫൈസലുമായി അവലോകനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ, മേഖലാതല-അന്ത൪ദേശീയ വിഷയങ്ങൾ എന്നിവയും ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള പൊതുവിഷയങ്ങളും ച൪ച്ച ചെയ്യുമെന്ന് സൽമാൻ ഖു൪ശിദ് പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് ജിദ്ദയിലെത്തിയ സൽമാൻ ഖു൪ശിദ്ജിദ്ദ വിമാനത്താവളത്തിലെ റോയൽ ടെ൪മിനൽ-രണ്ടിൽ സൗദി വിദേശകാര്യ സഹമന്ത്രി അമീ൪ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസുമായി ച൪ച്ച നടത്തി.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.