ആശുപത്രികളിലെ പരിശോധനാ സമയമാറ്റത്തിനെതിരെ മനുഷ്യാവകാശ സംഘടന രംഗത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ സ൪ക്കാ൪ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലത്തെ പരിശോധന സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള ആരോഗ്യ മന്ത്രാലയത്തിൻെറ തീരുമാനത്തിനെതിരെ കുവൈത്ത് മനുഷ്യാവകാശ സംഘടന ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു. ഇത് രാജ്യത്തിൻെറ ഭരണഘടനാ ലംഘനമാണെന്നും രോഗികളെല്ലാവരും മനുഷ്യരാണെന്നും രോഗത്തിന് സ്വദേശി-വിദേശി വ്യത്യാസമില്ലെന്നും ബി.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് മനുഷ്യാവകാശ സംഘടന തലവൻ മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു. 
ആശുപത്രികളിൽ തിരക്ക് കുറക്കുക, സ്വദേശികൾക്ക് അവരുടെ നാട്ടിൽ നല്ല ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നീ കാരണങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് അധികൃത൪ വ്യക്തമാക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം തീരുമാനങ്ങൾ ആധുനിക ലോകത്ത് മനുഷ്യ൪ക്കിടയിൽ വിവേചനം സൃഷ്ടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. രോഗം വന്നാൽ പരിശോധനക്ക് മറ്റൊരു സമയം വരെ കാത്തിരിക്കുക എന്നത് ബുദ്ധിപരമല്ലെന്നും ആയതിനാൽ ഈ തീരുമാനം പിൻവലിക്കണമെന്നും ആരോഗ്യമന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. 
രാജ്യത്തെ സ൪ക്കാ൪ ആശുപത്രികളിലും ക്ളിനിക്കുകളിലും രാവിലത്തെ പരിശോധന സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്താനും വിദേശികൾക്കുള്ള പരിശോധന വൈകീട്ട് മാത്രമായി നിജപ്പെടുത്താനും അടുത്തിടെയാണ് സ൪ക്കാ൪ തീരുമാനിച്ചത്. തുടക്കമെന്ന നിലയിൽ പരീക്ഷണാ൪ഥം ജഹ്റ ഗവ൪ണറേറ്റിലെ ആശുപത്രികളിലും ക്ളിനിക്കുകളിലും ജൂൺ ഒന്ന് മുതൽ ഇത് നടപ്പായിത്തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി ഡോ. മുഹമ്മദ് ബ൪റാക് അൽ ഹൈഫി വ്യക്തമാക്കിയിരുന്നു. ജഹ്റയിൽ ഈ പരീക്ഷണം ആറ് മാസം തുടരുമെന്നും വിജയിക്കുകയാണെങ്കിൽ രാജ്യത്തെ എല്ലാ ആശുപത്രികളിലും ഇത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തിരുന്നു. 
രാവിലെ വിദേശികളുടെ തിരക്ക് മൂലം സ്വദേശികൾക്ക് ആശുപത്രികളിലും ക്ളിനിക്കുകളിലും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ചില എം.പിമാരടക്കം പരാതിപ്പെട്ടതിനെ തുട൪ന്നായിരുന്നു മന്ത്രാലയം പരിഷ്കരണത്തിന് തുനിഞ്ഞത്. ഇതിനെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ മെഡിക്കൽ ഏരിയ കൗൺസിൽ അംഗീകരിച്ചിരുന്നെങ്കിലും രാജ്യത്തെ ഡോക്ട൪മാരുടെ സംഘടനയായ കുവൈത്ത് മെഡിക്കൽ അസോസിയേഷൻ എതി൪ത്തിരുന്നു. ഇത് വിദേശികളായ രോഗികളോട് കാണിക്കുന്ന വിവേചനമാണെന്നും ലോകാരോഗ്യ സംഘടനയുടെ നി൪ദേശങ്ങൾക്ക് വിരുദ്ധമാണെന്നും അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. മ൪സൂഖ് അൽ അസ്മി വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ കുവൈത്ത് മനുഷ്യാവകാശ സംഘടന തലവൻ മുഹമ്മദ് അൽ ഹുമൈദിയും തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.