ചെറുതോണി: സഹോദരങ്ങൾ കയത്തിൽ മുങ്ങിമരിച്ച സംഭവം വെൺമണിയെ നടുക്കി. വെൺമണിയിലെ തറവാട്ട് വീട്ടിൽ വിരുന്നിനെത്തിയ കുട്ടികളാണ് മുങ്ങിമരിച്ചത്. വനപ്രദേശമായതിനാൽ വിവരം പുറത്തറിഞ്ഞ് ഫയ൪ഫോഴ്സ് എത്തുമ്പോഴേക്കും ഏറെ വൈകിയിരുന്നു. നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ബുധനാഴ്ച രാവിലെ 11 ഓടെയാണ് ജോസിനൊപ്പം മക്കളായ സിജോയും ജിത്തുവും തെക്കൻതോണിയിൽ കവലക്കുത്ത് കയത്തിൽ കുളിക്കാനെത്തിയത്. മക്കൾ കുളിക്കുന്ന സ്ഥലത്ത് നിന്ന് 300 മീറ്റ൪ മുകളിലായിരുന്നു ജോസ്. ജിത്തു കയത്തിൽപെട്ടതോടെ അനുജനെ രക്ഷിക്കാൻ സിജോയും ചാടി. മക്കൾ കയത്തിലേക്ക് മുങ്ങിത്താണതോടെ കരയിൽകിടന്ന ഈറ്റ ഇട്ട് കൊടുത്തെങ്കിലും നിമിഷ നേരം കൊണ്ട് മക്കൾ കൺമുന്നിൽ നിന്ന് കാണാക്കയത്തിൻെറ അഗാധതയിൽ മറഞ്ഞിരുന്നു. തള൪ന്നുവീണ ജോസിന് ഇനിയും സാധാരണ നില കൈവന്നിട്ടില്ല.
സ്കൂൾ അവധി ആഘോഷിക്കാൻ ബുധനാഴ്ച രാവിലെയാണ് കുട്ടികൾ തറവാട്ട് വീട്ടിലെത്തിയത്. മാതാവ് ജിൻസി ഗൾഫിലാണ്. വെൺമണിയിലെത്തി കപ്പയും ഇറച്ചിയും വാങ്ങിയാണ് ഇവ൪ വല്യപ്പനെയും വല്യമ്മച്ചിയെയും കാണാനെത്തിയത്. പിതാവിൻെറ ജ്യേഷ്ഠനും ഭാര്യയുമാണ് തറവാട്ട് വീട്ടിൽ താമസം. ഇവ൪ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പിതാവും മക്കളും കുളിക്കാൻ പോയത്. വീടിനടുത്ത് നിന്ന് അര കി.മീ. ദൂര വേളൂ൪ വനത്തിനോട് ചേ൪ന്നാണ് നാക്കയം കുത്ത്. ഇതിന് താഴെയാണ് കയം. വെള്ളമൊഴുക്ക് കുറവാണെങ്കിലും നല്ല ആഴമുള്ള ഭാഗത്താണ് കുട്ടികൾ മുങ്ങിത്താണത്. വാ൪ത്താവിനിമയ സൗകര്യമില്ലാത്ത സ്ഥലമായതിനാൽ സംഭവം പുറംലോകം അറിയാൻ വൈകി.
കഴിഞ്ഞ 20 വ൪ഷമായി ആലുവ ചൊവ്വരയിലാണ് ജോസും കുടുംബവും താമസം. രണ്ടര വ൪ഷം മുമ്പാണ് ജിൻസി നാട്ടിൽ വന്നുപോയത്. അടുത്ത ആഗസ്റ്റിൽ മക്കളെ കാണാൻ വരാനിരിക്കുകയായിരുന്നു. ജോസ് വിവാഹത്തിന് ശേഷം ഭാര്യയുടെ നാട്ടിൽ തന്നെ താമസമായിരുന്നു. ഇടുക്കി സി.ഐ സി.കെ. ഉത്തമൻ, ഇടുക്കി ഫയ൪സ്റ്റേഷനിലെ ലീഡിങ് ചെയ൪മാൻ ജയിംസ് ജോ൪ജ്, ഇടുക്കി കഞ്ഞിക്കുഴി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.