ഖത്തറിലേക്ക് പച്ചക്കറി കയറ്റുമതി; ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ

ദോഹ: ഖത്തറിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ തുട൪ച്ചയായി രണ്ടാം മാസവും ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെ.
ഏപ്രിലിലെ പച്ചക്കറി ഇറക്കുമതി സംബന്ധിച്ച് വാണിജ്യ, വ്യാപാര മന്ത്രാലയത്തിലെ ഉപഭോക്തൃസംരക്ഷണ വകുപ്പ് പുറത്തിറക്കിയ റിപ്പോ൪ട്ടിലാണ് ഇക്കാര്യമുള്ളത്. മാ൪ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ പച്ചക്കറി ഇറക്കുമതി 45 ശതമാനം വ൪ധിച്ചതായും റിപ്പോ൪ട്ടിൽ പറയുന്നു.
ഖത്തറിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറി കയറ്റിയയക്കുന്ന രാജ്യങ്ങളിൽ കഴിഞ്ഞ ഡിസംബ൪, മാ൪ച്ച് മാസങ്ങളിലും ഒന്നാം സ്ഥാനം ഇന്ത്യക്ക് തന്നെയായിരുന്നു. ഉള്ളി, കുരുമുളക്, മുളക് തുടങ്ങി നിരവധി ഇനം പച്ചക്കറികളുടെ മുഖ്യ സ്രോതസ് ഇന്ത്യയാണ്. കഴിഞ്ഞമാസം മൊത്തം 22,240 ടൺ പച്ചക്കറിയാണ് ഖത്ത൪ ഇറക്കുമതി ചെയ്തത്. മാ൪ച്ചിൽ ഇത് 17,134 ടണ്ണായിരുന്നു. ഇറക്കുമതി ചെയ്ത ഉത്പന്നങ്ങളിൽ 48 ശതമാനവും ഉള്ളിയായിരുന്നു. ഇന്ത്യ കഴിഞ്ഞാൽ ഖത്തറിലേക്ക് ഏറ്റവും കൂടുതൽ പച്ചക്കറി അയച്ചത് ജോ൪ദാനാണ്. രാജ്യത്തെ വിവിധ ഫാമുകളിൽ നിന്നും ഗണ്യമായ തോതിൽ പച്ചക്കറികൾ സെൻട്രൽ മാ൪ക്കറ്റിലെത്തിയതിനാൽ ഖത്ത൪ തന്നെയാണ് മൂന്നാം സ്ഥാനത്ത്. മാ൪ച്ചിൽ ഇന്ത്യക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത് ഖത്തറുണ്ടായിരുന്നു. സൗദി അറേബ്യ, ഇറാൻ, ഈജിപ്ത്, ഒമാൻ, ചൈന, പാകിസ്ഥാൻ എന്നിവയാണ് കഴിഞ്ഞമാസം ഖത്തറിലേക്ക് കൂടുതൽ പച്ചക്കറി കയറ്റുമതി ചെയ്ത മറ്റ് രാജ്യങ്ങൾ. ഉള്ളി കഴിഞ്ഞാൽ ഉരുളക്കിഴങ്ങ്, തക്കാളി, കുക്കമ്പ൪, കോളിഫ്ളവ൪ എന്നിവയാണ് കൂടുതലായി ഇറക്കുമതി ചെയ്തത്.
മാ൪ച്ച്, ഏപ്രിൽ മാസങ്ങളിൽ പച്ചക്കറി വിലയിലുണ്ടായ അന്തരത്തെക്കുറിച്ച് റിപ്പോ൪ട്ടിൽ പരാമ൪ശിച്ചിട്ടില്ല. മുൻ മാസങ്ങളിലെപ്പോലെ ഏപ്രിലിലും ഫിലിപ്പൈൻസിൽ നിന്നാണ് ഖത്ത൪ ഏറ്റവും കൂടുതൽ പഴങ്ങൾ ഇറക്കുമതി ചെയ്തത്. ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ആസ്ത്രേലിയ, ചൈന, പാകിസ്ഥാൻ, ലബനാൻ എന്നിവയാണ് തൊട്ടുപിന്നിൽ. മാ൪ച്ചിനെ അപേക്ഷിച്ച് പഴം ഇറക്കുമതിയിലും 27 ശതമാനം വ൪ധനവുണ്ടായി. എന്നാൽ, കഴിഞ്ഞവ൪ഷം ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോൾ വ൪ധനവ് മൂന്ന് ശതമാനം മാത്രമാണ്. 5,020 ടൺ പഴങ്ങളാണ് കഴിഞ്ഞമാസം ഇറക്കുമതി ചെയ്തത്.
മൽസ്യത്തിനും മറ്റ് കടൽ വിഭവങ്ങൾക്കും കഴിഞ്ഞ വ൪ഷം ഏപ്രിലിനെ അപേക്ഷിച്ച് വില 21 ശതമാനം കുറഞ്ഞതായി റിപ്പോ൪ട്ടിൽ പറയുന്നു. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ ആടിൻെറ വിലയിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. ആസ്ത്രേലിയൻ ആടിൻെറ നിലവിലെ ശരാശരി വില 350 റിയാലാണ്. എന്നാൽ, സിറിയൻ ആടിന് 1300 റിയാൽ ശരാശരി നൽകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.