അവശേഷിച്ച നീര്‍ക്കുഴിയില്‍ വിഷം കലക്കി; ജലവിതരണം മുടങ്ങി

 

മഞ്ചേരി: വരൾച്ചയിൽ വലയുന്ന ജനത്തിൻെറ ആകെയുള്ള ദാഹജലവും മുടക്കി സാമൂഹികവിരുദ്ധരുടെ ക്രൂരത. കടലുണ്ടിപ്പുഴയിൽ ആനക്കയം ശുദ്ധജലപദ്ധതിയുടെ കിണറിന് സമീപം അവശേഷിച്ച നീ൪ക്കുഴിയിൽ വിഷം കലക്കിയതിനെത്തുട൪ന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങി. കടുത്ത വേനലിൽ പമ്പിങ് മുടങ്ങിയ ഇവിടെ നൂറുമീറ്റ൪ സമീപത്തെ ഈ കുഴിയിൽ നിന്നാണ് വെളളം പമ്പ് ചെയ്തിരുന്നത്. കടുത്ത വരൾച്ചയിൽ ഒരു നാടിനാകെ ആശ്രയമായ ജലസ്രോതസ്സിൽ വെളളിയാഴ്ച രാത്രിയാണ് വിഷം കലക്കിയത്. ശനിയാഴ്ച രാവിലെ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് കണ്ടതോടെയാണ് സമീപത്തെ ജല അതോറിറ്റി പ്ളാൻറിലെ ജീവനക്കാരുംസമീപവാസികളും വിവരമറിയുന്നത്. സാധാരണ ഉപയോഗിക്കുന്ന തുരിശാണോ കലക്കിയതെന്ന് വ്യക്തമല്ല. 
ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയ൪ പ്രീതിമോൾ, അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയ൪ സുന്ദരൻ, മഞ്ചേരി അസി. എൻജിനീയ൪ ബഷീ൪ എന്നിവ൪ സ്ഥലം പരിശോധിച്ച് വെളളത്തിൻെറ സാമ്പിൾ ശേഖരിച്ച്  കുന്ദമംഗലത്തെ ലാബിലേക്ക് പരിശോധനക്കയച്ചു. ഫലം ലഭിച്ചാലേ വിഷാംശമെന്തെന്നറിയാനാകൂ. അതുവരെ ആനക്കയത്തുനിന്നുള്ള ജലവിതണം മുടങ്ങും. ആനക്കയം പഞ്ചായത്തിലെ വലിയൊരു ഭാഗത്തേയും മഞ്ചേരി നഗരസഭയിൽ ഭാഗികമായുമാണ് ഇത് ബാധിക്കുക. മൂന്ന് ഡീസൽമോട്ടോ൪ ഉപയോഗിച്ച് ഈ നീ൪ക്കുഴിയിൽ നിന്ന് വെളളം ശുദ്ധജലപദ്ധതിയുടെ കിണറ്റിന് സമീപമെത്തിക്കുകയും അതിലൂടെ കിണറ്റിൽ ജലവിതാനമുയ൪ത്തുകയും ചെയ്താണ് കഴിഞ്ഞ രണ്ടാഴ്ചയായി ആനക്കയത്തുനിന്ന് വെളളം വിതരണം ചെയ്തിരുന്നത്. സ്ഥിരം തടയണയുടെ നി൪മാണം ഇതിനുസമീപം പുരോഗമിക്കുകയാണ്.  1600 ഗാ൪ഹിക കണക്ഷനുകളും 150 പൊതുടാപ്പുകളുമാണ് പദ്ധതിക്ക് കീഴിലുള്ളത്. കടുത്ത വരൾച്ച നേരിടവെ വെളളക്കുഴിയിൽ വിഷം കല൪ത്തിയതിന് പിന്നിൽ ലക്ഷ്യമെന്തെന്ന് വ്യക്തമല്ല. മത്സ്യം പിടിക്കലായിരുന്നെങ്കിൽ അതിന് കഴിഞ്ഞിട്ടില്ല. നേരത്തെ ഈ കുഴിയിലെ വെളളം പമ്പ് ചെയ്യാൻ സ്ഥാപിച്ച മോട്ടോ൪ കേടുവരുത്താൻ ശ്രമം നടന്നിരുന്നു. സംഭവത്തിനുത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ നൂറ്റമ്പതോളം പേ൪ഒപ്പിട്ട പരാതി ജില്ലാ കലക്ട൪ക്ക് നൽകി. വിഷം കലക്കിയതിനെത്തുട൪ന്ന് വെള്ളക്കുഴിയിൽ ശനിയാഴ്ച പകൽ മുഴുവൻ മീൻപിടുത്തമായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.