തമിഴ് മോഷണസംഘത്തിന്‍െറ അഭിഭാഷകന്‍ എസ്.ഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന്

 

കോട്ടയം: 35വ൪ഷമായി തമിഴ് നാടോടി മോഷണ സംഘത്തിനുവേണ്ടി ജോലിനോക്കുകയാണെന്ന് അഭിഭാഷകൻ. മോഷണക്കേസിൽ അറസ്റ്റിലായ തമിഴ്നാടോടി സ്ത്രീകൾക്ക് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന എസ്.ഐയെയും സ്വാധീനിക്കാൻ ശ്രമിക്കുമ്പോഴാണ് അഭിഭാഷകൻെറ വെളിപ്പെടുത്തൽ ഉണ്ടായത്.
 ഈസ്റ്റ് എസ്.ഐ കെ.പി. തോംസണിനെയാണ് തമിഴ്നാടോടി സംഘത്തിൻെറ അഭിഭാഷകൻ രാമഭദ്രൻ സ്വാധീനിക്കാൻ ശ്രമിച്ചത്. മൊബൈൽഫോണിൽ വിളിച്ച അഭിഭാഷകൻെറ സംഭാഷണം എസ്.ഐ റെക്കോഡ് ചെയ്തു. കുറ്റപത്രത്തോടൊപ്പം അഭിഭാഷകൻെറ സംഭാഷണവും കോടതിയിൽ സമ൪പ്പിക്കുമെന്ന് എസ്.ഐ അറിയിച്ചു. ഇതോടെ മോഷ്ടാക്കൾക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകൻ കൂടുതൽ വെട്ടിലായി. 
കഴിഞ്ഞ രണ്ടിന് ആ൪പ്പൂക്കര തൊണ്ണംകുഴി പേരാമ്പ്ര അന്നമ്മയുടെ മാല നാഗമ്പടം ബസ് സ്റ്റാൻഡിൽ വെച്ച് പൊട്ടിച്ചെടുത്ത കേസിൽ തമിഴ്നാട് ട്രിച്ചി സ്വദേശിയായ മുരുകമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ മോഷണം ലക്ഷ്യമാക്കി വൻ നാടോടിസംഘം തമ്പടിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ തിരച്ചിലിൽ  തമിഴ്നാട്ടുകാരായ നാലംഗ നാടോടിസംഘം അറസ്റ്റിലായിരുന്നു. പ്രതികളെ ജാമ്യത്തിലിറക്കാൻ രാമഭദ്രൻ എന്ന ഹൈകോടതി അഭിഭാഷകനാണ് രംഗത്തുവന്നിരുന്നത്. 
ഹൈകോടതി അഭിഭാഷകൻ എത്തിയപ്പോൾത്തന്നെ നാടോടി സംഘത്തിനുപിന്നിൽ വൻ റാക്കറ്റ് പ്രവ൪ത്തിക്കുന്നതായി തെളിഞ്ഞിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം മാല നഷ്ടപ്പെട്ട അന്നമ്മയെ അഭിഭാഷകൻ ഫോണിൽ വിളിച്ച് കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
 കേസിൽനിന്ന് പിന്മാറണമെന്നും അല്ലെങ്കിൽ അതിൻെറ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു ഫോണിലൂടെയുള്ള ഭീഷണി. 
അന്നമ്മയുടെ പരാതി പ്രകാരം സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തി അസഭ്യം പറഞ്ഞതിനും അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. 
ഇക്കാര്യം അറിഞ്ഞ അഭിഭാഷകൻ ഞായറാഴ്ച ഈസ്റ്റ് എസ്.ഐ കെ.പി. തോംസനെ മൊബൈലിൽ വിളിച്ചു. 40വ൪ഷമായി മോഷണം തൊഴിലാക്കി വരുന്നവരാണ് ഈ സംഘമെന്നും വ൪ഷങ്ങളായി താൻ ഇവരുടെ വക്കീലാണെന്നും അഭിഭാഷകൻ എസ്.ഐയോട് പറഞ്ഞു. വാദിയായ വീട്ടമ്മക്ക് 10,000രൂപ നൽകി കേസ് പിൻവലിപ്പിക്കാൻ ശ്രമിച്ചതാണെന്നും ഭീഷണിപ്പെടുത്തിയില്ലെന്നും അഭിഭാഷകൻ എസ്.ഐയെ അറിയിച്ചു.
 അഭിഭാഷകൻെറ സംഭാഷണം റെക്കോഡുചെയ്ത എസ്.ഐ, പ്രതികൾ മോഷ്ടാക്കളാണെന്നുള്ളതിന് തെളിവായി അഭിഭാഷകൻെറ സംഭാഷണം കോടതിയിൽ നൽകുമെന്ന് അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.