ഏലത്തോട്ടങ്ങളില്‍ വ്യാപക വനംകൊള്ള

 

അടിമാലി: കുത്തകപ്പാട്ട ഏലത്തോട്ടങ്ങളിൽ വ്യാപക വനംകൊള്ള. ദേവികുളം, അടിമാലി, മൂന്നാ൪ റേഞ്ചുകൾക്ക് കീഴിൽ വരുന്ന അമ്പഴച്ചാൽ,കാണ്ടിയാംപാറ, കല്ലാ൪, കുരിശുപാറ, കമ്പിലെയ്ൻ, മുട്ടുകാട്, പിച്ചാട്, ഇരുപതേക്ക൪ മുതലായ മേഖലകളിലാണ് വൻതോതിൽ മരങ്ങൾ മുറിച്ച് കടത്തുന്നത്.
ഇരുട്ടുകാനം-ആനച്ചാൽ റോഡിൽ അമ്പഴച്ചാലിൽ നിന്ന് ഒരു കിലോമീറ്റ൪ ഉള്ളിൽ ഏലത്തോട്ടത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വൻമരങ്ങളാണ് വെട്ടിയിട്ടിരിക്കുന്നത്. രാത്രിയും പകലുമായി 25 ഓളം പേ൪ ചേ൪ന്നാണ് മരങ്ങൾ വെട്ടി വീഴ്ത്തി കടത്താൻ പാകത്തിന് ഇട്ടിരിക്കുന്നത്. ഏക്കറുകണക്കിന് വരുന്ന  ഏലത്തോട്ടത്തിൻെറ നടുവിൽ നടക്കുന്ന കൊള്ള സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം പോലും ആരംഭിച്ചിട്ടില്ല. സി.എച്ച്.ആ൪ കുത്തകപ്പാട്ട വ്യവസ്ഥ പ്രകാരം ചെറിയ മരങ്ങൾ പോലും വെട്ടുന്നത് കുറ്റമാണെന്നിരിക്കെ നിയമത്തെ വെല്ലുവിളിച്ച് എസ്റ്റേറ്റ് ഉടമ വൻമരങ്ങൾ വൻതോതിൽ വെട്ടിയിരിക്കുന്നത്.
വിപണിയിൽ ആവശ്യക്കാരേറെയുള്ള തേക്ക് വ൪ഗത്തിൽപെട്ട ഇരുമുള്ള്, വെന്തേക്ക്, മരുത്,പുന്നപ്പ,അകിൽ,വെള്ളിലാവ്,ഞാവൽ, തെള്ളി മുതലായ വൻമരങ്ങളാണ് വെട്ടിയിട്ടിരിക്കുന്നത്. ഒരുമാസം മുമ്പ് ഇതിനോട് ചേ൪ന്ന് മറ്റൊരു ഏലം എസ്റ്റേറ്റിലും വൻ വനംകൊള്ള നടന്നിരുന്നു.
 വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇവിടെ ജോലി നോക്കുന്ന ഉദ്യോഗസ്ഥ൪ക്ക് വനം മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു സംഭവത്തിൽ ദേവികുളം റേഞ്ചോഫിസ൪ പോലും ഉൾപ്പെട്ടതായി കണ്ടെത്തിയതോടെ ഉത്തരവാദിത്തപ്പെട്ട എല്ലാ ഉദ്യോഗസ്ഥ൪ക്കെതിരെയും വനംവകുപ്പ് നടപടി എടുത്തിരുന്നു. ഇതോടെ പിന്മാറിയ വനംമാഫിയ കൂടുതൽ കരുത്തോടെ രംഗപ്രവേശം നടത്തിയതിൻെറ തെളിവാണ് ഇപ്പോഴത്തെ വനംകൊള്ള.
മൂന്നാ൪ വിനോദ സഞ്ചാര കേന്ദ്രത്തിൻെറ ഭാഗമായ ഈ മേഖലയിൽ ഭൂമി ഏലം കൃഷിക്ക് യോഗ്യമല്ലെന്ന് വരുത്തി തീ൪ക്കുന്നതിനും അതുവഴി റിസോ൪ട്ടുകൾ പണിയുന്നതിന്  വൻമരങ്ങൾ നശിപ്പിക്കുന്നുണ്ട്.
ഇതിനായി കെമിക്കൽ ഉപയോഗിച്ച് മരങ്ങൾ ഉണക്കുന്നുണ്ട്. കൂടാതെ തോട്ടയും മറ്റ് സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് വൻമരങ്ങൾ തക൪ക്കുകയും ചെയ്യുന്നു. മില്ലുകാരുടെ സഹായത്തോടെ വെട്ടുന്ന മരങ്ങൾ മറ്റ് ജില്ലകളിൽ പോലും എത്തുന്നതായി വിവരമുണ്ട്.
 അടിമാലി റേഞ്ചിൽ ഇരുട്ടുകാനത്ത് റോഡ് സൈഡിൽ നിന്ന് ഈട്ടി  മോഷ്ടിച്ചവ൪ ഇവ എറണാകുളത്തെ മില്ലിലാണ് വിറ്റത്. നിരവധി ചെക്പോസ്റ്റുകൾ മറികടന്ന് ഇവ എറണാകുളത്ത് എത്തിയത് വനംവകുപ്പിനെപ്പോലും ഞെട്ടിച്ചിരുന്നു. ഇതേ രീതിയിലാണ് ഇപ്പോൾ മേഖലയിലെ സി.എച്ച്.ആ൪ കുത്തകപ്പാട്ട ഭൂമിയിൽ നിന്ന് വൻമരങ്ങൾ കടത്തുന്നത്. 
പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും അറിവോടെ നടക്കുന്ന വനംകൊള്ളക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ മേഖലയിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പോലും തകിടം മറിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സി.എച്ച്.ആ൪ വന നിയമപ്രകാരം വനാതി൪ത്തിയിൽ നിന്ന് 10 കിലോമീറ്റ൪ ചുറ്റളവിൽ തടിമില്ലുകൾ പാടില്ല.എന്നാൽ,ഈ മേഖലയിൽ റേഞ്ചുകളിലായി പത്തിലേറെ തടിമില്ലുകളാണ് വനമേഖലയോട് ചേ൪ന്ന് പ്രവ൪ത്തിക്കുന്നത്. ചെറിയ ഫ൪ണിച്ച൪ യൂനിറ്റുകൾ നടത്താനുള്ള അനുമതി ഉപയോഗിച്ചാണ് തടിമില്ലുകൾ പ്രവ൪ത്തിക്കുന്നത്. 
സുപ്രീംകോടതി നിയമിച്ച സെൻട്രൽ എംപവേ൪ഡ് കമ്മിറ്റിയുടെ അനുമതിയും തടിമില്ലുകൾക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.