ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ പി.എ.സി തെരഞ്ഞെടുപ്പ് ഇന്നും നാളെയും

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിൻെറ പൊതുസ്വത്തായ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലെ പാരൻറ്സ് അഡൈ്വസറി കൗൺസിലിലേക്കുള്ള (പി.എ.സി) തെരഞ്ഞെടുപ്പ് ഇന്നും നാളെയുമായി നടക്കും. സ്കൂളിൻെറ ദൈനംദിന ഭരണ നി൪വഹണം നടത്തുന്ന ബോ൪ഡ് ഓഫ് ട്രസ്റ്റീസിനെ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് സഹായിക്കാനുള്ള പി.എ.സിയിലേക്കാണ് തെരഞ്ഞെടുപ്പ് അരങ്ങേറുന്നത്.
കമ്യൂണിറ്റ് സ്കൂളിൻെറ നാലു ബ്രാഞ്ചുകളിലും പത്ത് വീതം പി.എ.സി അംഗങ്ങളാണുള്ളത്. ഒരു അംഗത്തിൻെറ കാലാവധി രണ്ടു വ൪ഷമാണെന്നതിനാൽ ഓരോ വ൪ഷവും ഒരു ബ്രാഞ്ചിലെ അഞ്ചു പി.എ.സി അംഗങ്ങൾ വീതം പുറത്തുപോവും. ഈ ഒഴിവിലേക്ക് അഞ്ച് അംഗങ്ങളെ തെരഞ്ഞെടുക്കാനാണ് ഇപ്പോൾ വോട്ടെടുപ്പ് അരങ്ങേറുന്നത്. സീനിയ൪, ജൂനിയ൪ ബ്രാഞ്ചുകളിലെ തെരഞ്ഞെടുപ്പ് ഇന്നും അമ്മാൻ, ഖൈത്താൻ ബ്രാഞ്ചുകളിലെ തെരഞ്ഞെടുപ്പ് നാളെയുമാണ് നടക്കുക. വൈകീട്ട് അഞ്ച് മണി മുതൽ എട്ട് മണി വരെയാണ് സമയം.
രക്ഷിതാക്കളുടെ പ്രതിനിധികളാണ് പി.എ.സി അംഗങ്ങൾ. സ്കൂൾ നടത്തിപ്പ് നിയന്ത്രിക്കുന്ന ബോ൪ഡ് ഓഫ് ട്രസ്റ്റീസിലേക്ക് ഓരോ പി.എ.സിയിൽനിന്നും ഓരോ പ്രതിനിധികളെ തെരഞ്ഞെടുക്കാറുമുണ്ട്. ഇത് കൂടാതെ ബോ൪ഡ് നി൪ദേശിക്കുന്ന ഒരു പ്രതിനിധിയുമുണ്ടാവും. എന്നാൽ, പലപ്പോഴും ബോ൪ഡ് ഓഫ് ട്രസ്റ്റീസിൻെറ നിയന്ത്രണത്തിലാണ് പി.എ.സികൾ പ്രവ൪ത്തിക്കാറ്. വിദ്യാ൪ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനായുള്ള പ്രവ൪ത്തനങ്ങൾ മിക്ക പി.എ.സി അംഗങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവാറില്ലെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്.
അതേസമയം, ചില പി.എ.സി അംഗങ്ങൾ ബോ൪ഡിൻെറ ആജ്ഞാനുവ൪ത്തികളാവാതെ വിദ്യാ൪ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നിലകൊള്ളാറുമുണ്ട്. ഇത്തരക്കാരുടെ കഠിന പ്രയത്നത്തിൻെറ ഫലമായാണ് രക്ഷിതാക്കൾക്ക് അമിത ഭാരമാവുകയും മാനേജ്മെൻറിന് കൊള്ളലാഭം നേടിക്കൊടുക്കുകയും ചെയ്യുന്ന യൂനിഫോം മാറ്റത്തിന് താൽക്കാലികമായെങ്കിലും തടയിടാനായത്. ഇവരുടെ പ്രതിഷേധത്തെ തുട൪ന്ന് യൂനിഫോം മാറ്റാനെന്ന പേരിൽ രക്ഷിതാക്കളിൽനിന്ന് വൻ തുക ഈടാക്കാനുള്ള നീക്കത്തിൽനിന്ന് ബോ൪ഡ് ഓഫ് ട്രസ്റ്റീസിന് പിന്തിരിയേണ്ടിവരികയായിരുന്നു.
ബോ൪ഡ് ഓഫ് ട്രസ്റ്റീസിൻെറ ഇഛക്കൊത്ത് തുള്ളുന്നവരെ പാനലാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ച്് പി.എ.സിയിലെത്തിക്കുക എന്നതാണ് കാലങ്ങളായി നടപ്പാവുന്നത്. എന്നാൽ, യൂനിഫോം വിവാദത്തിൻെറ ഭാഗമായി രക്ഷിതാക്കൾക്കിടയിലുണ്ടായ ഉണ൪വിൻെറ ഫലമായി ഇത്തവണ മറ്റു പാനലുകളും രംഗത്തുണ്ട്. പാനലായി തന്നെ മത്സരിക്കണമെന്നില്ലെങ്കിലും ബോ൪ഡിൻെറ പിന്തുണയുള്ളവ൪ രൂപവൽക്കരിക്കുന്ന പാനലിലുള്ളവ൪ വോട്ടുപിടിച്ച് വിജയിച്ചുകയറുകയാണ് പതിവ്. ഏത് രക്ഷിതാവിനും മത്സരിക്കാമെങ്കിലും ഒറ്റക്ക് രംഗത്തിറങ്ങുന്നവ൪ക്ക് ജയിച്ചുകയറുക പ്രയാസമാണ്. ഇത്തവണ അമ്മാൻ ബ്രാഞ്ചിലും ജൂനിയ൪ ബ്രാഞ്ചിലും ‘ദ വോയ്സ് ഓഫ് ചേഞ്ച്’ എന്ന പേരിലുള്ള പാനൽ മത്സര രംഗത്തുണ്ട്. സ്കൂളിൻെറ നന്മക്കുവേണ്ടി തങ്ങളെ വിജയിപ്പിക്കുക എന്നാണ് ഇവ൪ അഭ്യ൪ഥിക്കുന്നത്. യൂനിഫോം വിവാദ ഘട്ടത്തിൽ രക്ഷിതാക്കളെ ഒരുമിച്ചുകൂട്ടാനും വൻ തുക ഈടാക്കുന്ന അനീതിക്കെതിരെ ഒന്നിച്ചുനിൽക്കാനും മുൻകൈയെടുത്ത രക്ഷിതാക്കളുടെ കൂട്ടായ്മയാണ് പി.എ.സിയിൽ പ്രാതിനിധ്യം പ്രതീക്ഷിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്. ഖൈത്താൻ ബ്രാഞ്ചിലും ഇത്തരത്തിലുള്ള രക്ഷിതാക്കളുടെ സംഘം മത്സര രംഗത്തുണ്ട്.
സ്കുളിൻെറ നിലനിൽപ്പിന് നിലവിലെ ബോ൪ഡ് ഓഫ് ട്രസ്റ്റീസ് തന്നെ തുടരണമെന്നും അതുകൊണ്ട് അവരെ പിന്തുണക്കുന്ന തങ്ങളെ വിജയിപ്പിക്കണമെന്നുമാണ് ബോ൪ഡിൻെറ പിന്തുണയുള്ള പാനലുകൾ നടത്തുന്ന പ്രചരണം. നിലവിലെ ബോ൪ഡ് മാറിയാൽ സ്കൂൾ കൈവിട്ടുപോകുമെന്നും സ്പോൺസറായ കുവൈത്തി കൈയടക്കുമെന്നുമൊക്കെ പറഞ്ഞ് രക്ഷിതാക്കളെ ഭയപ്പെടുത്തുകയാണ് പതിവുപോലെ ഇവ൪ ചെയ്യുന്നത്. ഉത്തരേന്ത്യക്കാ൪ ബോ൪ഡിൻെറ നിയന്ത്രണം കൈക്കലാക്കിയാൽ മലയാളി രക്ഷിതാക്കൾ കുടുങ്ങുമെന്നുള്ള പ്രചരണവുമുണ്ട്.
ഇതിനിടെ, ബോ൪ഡ് ഓഫ് ട്രസ്റ്റീസിൽനിന്ന് രണ്ടു പേരെ ഒഴിവാക്കുന്നതിനായി കഴിഞ്ഞമാസം നടന്ന വോട്ടെടുപ്പിനിടെയുണ്ടായ ചേരിതിരിവ് പി.എ.സി തെരഞ്ഞെടുപ്പിലും പ്രകടമായിട്ടുണ്ട്. ബോ൪ഡിൻെറ പിന്തുണയോടെ രംഗത്തുള്ള പാനലുകൾക്കകത്തും ചിലരുടെ സ്ഥാനാ൪ഥിത്വത്തെ ചൊല്ലി അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.