ഷാ൪ജ: ഷാ൪ജ ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിൽ ഇന്ധനക്ഷാമം രൂക്ഷമായി തുടരുന്നു. ഷാ൪ജയിൽ ഇനോക്, എപ്കോ സ്റ്റേഷനുകൾ അടപ്പിച്ചതും മറ്റിടങ്ങളിൽ ഈ കമ്പനികൾ പെട്രോൾ വിൽപന നി൪ത്തിയതുമാണ് ഇന്ധനക്ഷാമത്തിന് കാരണം. ഇവിടെയുള്ള വാഹനമുടമകൾ ഇമാറത്ത്, അഡ്നോക് സ്റ്റേഷനുകൾ തേടി അലയേണ്ട അവസ്ഥയിലാണിപ്പോൾ.
വാഹനങ്ങളുടെ നീണ്ട നിരയാണ് ഇത്തരം പമ്പുകൾക്ക് മുന്നിൽ രൂപപ്പെടുന്നത്. വടക്കൻ എമിറേറ്റുകളിലേക്ക് മറ്റ് എമിറേറ്റുകളിൽ നിന്ന് വരുന്നവരാണ് ഇത്തരം ബുദ്ധിമുട്ടുകൾ ഏറെ അനുഭവിക്കുന്നത്. ഡീസലും ഭക്ഷണ സാധനങ്ങളും മാത്രം വിൽക്കുകയും പെട്രോൾ വിൽപന നി൪ത്തുകയും ചെയ്തപ്പോൾ 2011 ജൂണിൽ ഷാ൪ജ സാമ്പത്തികകാര്യാലയം ഇടപെട്ടതിനെ തുട൪ന്നാണ് ഷാ൪ജയിലെ ഇനോക്, എപ്കോ പമ്പുകൾ പൂട്ടിയത്. 72 മണിക്കൂറിനകം പെട്രോൾ വിതരണം ആരംഭിക്കണമെന്നും അല്ലാത്ത പക്ഷം പമ്പുകൾ അടച്ചുപൂട്ടണമെന്നുമായിരുന്നു സാമ്പത്തിക വകുപ്പിൻെറ അന്ത്യശാസനം. എന്നാൽ അനുവദിച്ച സമയം കഴിഞ്ഞിട്ടും പെട്രോൾ വിതരണം ആരംഭിക്കാത്തതിനെ തുട൪ന്ന് പൊലീസെത്തി പമ്പുകൾ അടപ്പിക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കപ്പെടുമെന്നും പമ്പുകൾ വൈകാതെ പ്രവ൪ത്തനം തുടങ്ങുമെന്നും പ്രതീക്ഷയോടെ കാത്തിരുന്ന യാത്രക്കാരും പമ്പിലെ നൂറുകണക്കിന് ജീവനക്കാരും വഴിയാധാരമാവുകയായിരുന്നു. ഇവിടെ ജോലി ചെയ്തിരുന്ന മലയാളികളടക്കമുള്ള തൊഴിലാളികൾ വെറും കൈയോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. കമ്പനി തിരിച്ചുവിളിക്കുമെന്ന് കാത്തിരുന്ന ഇവ൪ക്ക് കേൾക്കാനായത് ഷാ൪ജയിൽ പമ്പുകൾ പൊളിച്ചുമാറ്റുന്ന വാ൪ത്തയായിരുന്നു.
ഷാ൪ജയിൽ പമ്പുകൾ അടച്ചതിനെ തുട൪ന്ന് ജനങ്ങൾ ബുദ്ധിമുട്ടുന്ന വാ൪ത്ത ശ്രദ്ധയിൽ പെട്ട അബൂദബി കിരീടാവകാശിയും സായുധ സേനയുടെ കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഡ്നോക് പമ്പുകളിൽ ഇന്ധന വിതരണം കൂട്ടാൻ ഉത്തരവിട്ടിരുന്നു. എന്നാൽ അഡ്നോക്, ഇമാറാത്ത് പമ്പുകൾ ഷാ൪ജയിൽ വളരെ കുറവാണ്. ഇനോക്, എപ്കോ കമ്പനികളുടെ 42 പമ്പുകൾ പൂട്ടിയതിന് പരിഹാരമാകാൻ ഇവക്കാകില്ല. ഷാ൪ജയുടെ തിരക്കുകൂടിയ ഇടങ്ങളായ അൽ നഹ്ദ, അൽ വഹ്ദ ഭാഗത്ത് നിലവിൽ പമ്പുകളില്ല. ഇവിടെയുള്ളവ൪ തിരക്കുപിടിച്ച അൽക്കാൻ ഭാഗത്തെ പമ്പിലെത്തി വേണം ഇന്ധനം നിറക്കാൻ. ഇമാറാത്ത് പമ്പുകൾ അഡ്നോക് ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നത് ആളുകൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അഡ്നോകിൻെറ പുതിയ പമ്പുകൾ വിവിധ ഭാഗങ്ങളിൽ പ്രവ൪ത്തനം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്ധന പ്രതിസന്ധി പൂ൪ണമായി ഇല്ലാതാക്കാൻ ഇവക്കാകുന്നില്ലെന്നാണ് യാത്രക്കാ൪ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.