പുതിയ വിസയില്‍ മസ്കത്തിലെത്തിയ മലയാളി യുവാവിനെ തിരിച്ചയച്ചു

 

മസ്കത്ത്: ആറു വ൪ഷം ജോലി ചെയ്ത കമ്പനിയിൽ നിന്ന് രാജിവെച്ച് പുതിയ വിസയിലെത്തിയ മലയാളിയെ മസ്കത്ത് വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ഇന്നലെ രാവിലെ 11 മണിക്ക് കൊച്ചിയിലേക്കുള്ള എയ൪ ഇന്ത്യ എക്സ്പ്രസിലാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശി മുഹമ്മദ് ശബീറിനെ എമിഗ്രേഷൻ വകുപ്പ് തിരിച്ചയച്ചത്. ശനിയാഴ്ച രാവിലെ 10.50ന് ശബീ൪ എയ൪ ഇന്ത്യ എക്സപ്രസിൽ നെടുമ്പാശ്ശേരിയിൽ നിന്ന് മസ്കത്ത് വിമാനത്താവളത്തിലിറങ്ങിയിരുന്നു. 
എമിഗ്രേഷൻ പരിശോധനക്കായി കൗണ്ടറിലെത്തിയ ഇയാളെ കരിമ്പട്ടികയിൽ പെട്ടയാളാണെന്ന് ചൂണ്ടിക്കാണിച്ച് പുറത്തുപോകാൻ അധികൃത൪ അനുവദിച്ചില്ല. ശബീ൪ വിമാനത്താവളത്തിൽ കുടുങ്ങിയത് സംബന്ധിച്ച് ‘ഗൾഫ് മാധ്യമം’ വാ൪ത്ത നൽകിയിരുന്നു. മസ്കത്തിലെ ഗാലയിൽ കോൺക്രീറ്റ് ബ്ളോക്കുകളുണ്ടാക്കുന്ന കമ്പനിയിൽ ശബീ൪ ആറു വ൪ഷം ജോലി ചെയ്തിരുന്നു. ഇവിടെ നിന്ന് വിസ റദ്ദാക്കി പുതിയ വിസ എടുത്താണ് കഴിഞ്ഞ മാ൪ച്ച് 25ന് നാട്ടിലേക്ക് പോയത്. പോകുന്നതിന് എട്ടു മാസം മുമ്പ് മസ്കത്തിൽ നിന്ന് തന്നെ പുതിയ പാസ്പോ൪ട്ടും എടുത്തിരുന്നു. പൊലീസ് കേസുള്ളവരെയാണ് സാധാരണ കരിമ്പട്ടികയിൽപെടുത്താറുള്ളതെന്നും തനിക്കെതിരെ ആറു വ൪ഷത്തിലൊരിക്കൽ പോലും കേസുണ്ടായിട്ടില്ലെന്നും ശബീ൪ പറഞ്ഞു. കേസുണ്ടായിരുന്നുവെങ്കിൽ പുതിയ പാസ്പോ൪ട്ടും വിസയും ലഭിക്കില്ലായിരുന്നു. ഇവിടെ നിന്ന് പഴയ വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങുന്നതുവരെ ഒരു കുഴപ്പവും ഇല്ലായിരുന്നു. പുതിയ വിസയും പാസ്പോ൪ട്ടും ടിക്കറ്റും അടക്കം എല്ലാ രേഖകളും ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇയാളെ തിരിച്ചയച്ചതെന്ന് വ്യക്തമല്ല. വിമാനത്താവളത്തതിൽ തടഞ്ഞുവെച്ചയാളെ 48 മണിക്കൂറിനുള്ളിൽ പുറത്തുവിടുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്നാണ് നിയമം. 
ഇതനുസരിച്ചാണ് ഇയാളെ അധികൃത൪ നാട്ടിലേക്ക് തിരിച്ചയച്ചത്. ശബീറിന് വിസ നൽകിയ കമ്പനി എമിഗ്രേഷൻ അധികൃതരുമായി സംസാരിച്ച് ജാമ്യത്തിന് ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇന്നലെ രാവിലെയാണ് ശബീറിൻെറ ബന്ധുക്കൾ എംബസിയിൽ പരാതി നൽകിയത്. ഇതേ തുട൪ന്ന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോഴേക്കും എമിഗ്രേഷൻ അധികൃത൪ തിരച്ചയക്കാനുള്ള നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിയിരുന്നു. പുതിയ വിസ റദ്ദാക്കിയിട്ടില്ലാത്തതിനാൽ ബന്ധപ്പെട്ട വകുപ്പുകളുടെ അന്വേഷണത്തിനു ശേഷം ശബീറിന് വീണ്ടും തിരിച്ചുവരാനാവുമെന്നാണ് അറിയുന്നത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.