നിയമ-സാമ്പത്തിക പരിഷ്കാരങ്ങള്‍ പൊതുസ്വത്ത് സംരക്ഷിക്കാന്‍: ശൈഖ് മുഹമ്മദ്

അബൂദബി: ഫെഡറൽ സ൪ക്കാ൪ നിയമങ്ങളുടെയും സാമ്പത്തിക സംവിധാനങ്ങളുടെയും അടിക്കടിയുള്ള പരിഷ്കരണങ്ങളുടെ പ്രാഥമിക ലക്ഷ്യം പൊതു സമ്പത്തിൻെറ സംരക്ഷണവും രാജ്യത്തിൻെറ പൊതു വരുമാനത്തിൻെറ ഉത്തരവാദിത്തവും സുതാര്യതയും ഊട്ടിയുറപ്പിക്കലുമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ  ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വ്യക്തമാക്കി. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
രാജ്യത്തിൻെറ പൊതു വരുമാനം സംബന്ധിച്ച ഫെഡറൽ നിയമത്തിൻെറ ഉപനിയമങ്ങൾ മന്ത്രിസഭ പാസാക്കി. സാമ്പത്തിക നയങ്ങളുടെ ഏകോപനം, പൊതു ബജറ്റിനെ പിന്തുണക്കും വിധം നിയമ-സാമ്പത്തിക സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, വരുമാന ദാതാക്കളായ അതോറിറ്റികളുടെ അവകാശങ്ങളും പരിധികളും നിശ്ചയിക്കൽ, സുതാര്യത ഉറപ്പാക്കാൻ വരുമാനത്തിനു മേലുള്ള നിയന്ത്രണം, വരുമാന സ്രോതസ്സുകളുടെ വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യാൻ അധികൃതരെ ചുമതലപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ഉപനിയമങ്ങളാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.  
അബൂദബിയിൽ മേഖലാ ഓഫിസ് തുറക്കുന്നതടക്കമുള്ള എയ൪ ട്രാൻസ്പോ൪ട്ട് അസോസിയേഷനുമായുള്ള (അയാട്ട) കരാറിനും മന്ത്രിസഭ അംഗീകാരം നൽകി. വ്യോമയാന വ്യവസായത്തിലും എയ൪ ഷോകൾക്ക് വേദിയൊരുക്കുന്നതിലും മേഖലാ-അന്താരാഷ്ട്ര തലത്തിൽ മുഖ്യ കേന്ദ്രമാണ് യു.എ.ഇ എന്നതിൻെറ തെളിവാണ് അയാട്ടയുമായുള്ള കരാറെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.  
രാജ്യാന്തര എയ൪ ട്രാഫിക് മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ വൈദഗ്ധ്യം നൽകാനും പുതിയ ഓഫിസ് സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെഡറൽ ഇല്ക്ട്രിസിറ്റി ആൻഡ് വാട്ട൪ അതോിറ്റിയുടെ ഡയറക്ട൪ ബോ൪ഡ് പുനഃസംഘടനക്കും മന്ത്രിസഭ അംഗീകാരം നൽകി. പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബിൽഹൈഫ് അൽ നുഐമിക്ക് പകരം മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പദ്ധതി വിഭാഗം ഡയറക്ട൪ ആയിഷ ഉമ൪ അൽ മിദ്ഫയെ ഡയറക്ട൪ ബോ൪ഡ് അംഗമാക്കി. ഖാലിദ് മുഹമ്മദ് സാലെം ബെലാമി അധ്യക്ഷനായ എമിറേറ്റ്സ് ഡവലപ്മെൻറ് ബാങ്ക് ഡയറക്ട൪ ബോ൪ഡ് പുന:സംഘടനയും മന്ത്രിസഭ അംഗീകരിച്ചു.
മന്ത്രിസഭക്കും മന്ത്രിതല കൗൺസിലുകൾക്കും നിയമ പിന്തുണയും നിയമോപദേശവും നൽകാൻ കാബിനറ്റ്കാര്യ മന്ത്രാലയത്തിൽ നിയമകാര്യ ഓഫിസ് തുറക്കാൻ തീരുമാനിച്ചു. ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻറ് ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂ൪ ബിൻ സായിദ് ആൽ നഹ്യാൻ, വികസന-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ ലുബ്ന അൽ ഖാസിമി തുടങ്ങിയവരും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.