കൊരട്ടിയില്‍ പൂഴ്ത്തിവെച്ചത് 1,853 ചാക്ക് റേഷനരി; യഥാര്‍ഥ കണക്ക് പുറത്ത്

 

ചാലക്കുടി: കൊരട്ടിയിൽ യഥാ൪ഥത്തിൽ പൂഴ്ത്തിവെച്ചത് 1,853 ചാക്ക് റേഷനരി.  
കൂടാതെ 29 ലൂസ് ചാക്ക് അരിയുമുണ്ട്. 874 ചാക്ക് അരി പിടിച്ചെടുത്തെന്നായിരുന്നു നേരത്തെ പുറത്തുവിട്ടത്. കേസിൽ പിടിച്ചെടുത്ത അരിച്ചാക്കുകളുടെ ഞെട്ടിക്കുന്ന കണക്ക് ഇപ്പോൾ പുറത്തുവന്നു. 
50 കിലോയുടെ 1,853 ചാക്കാണ് പൂഴ്ത്തിവെച്ചതെന്ന് ഉദ്യോഗസ്ഥ൪ തിട്ടപ്പെടുത്തി. 
കൊരട്ടി  ബിന്ദു തിയറ്ററിന് സമീപത്ത് രഹസ്യ ഗോഡൗണിൽനിന്ന് കഴിഞ്ഞയാഴ്ച പിടികൂടിയ അരിയുടെ കണക്കാണിത്. 92,650 കിലോയിലധികം വരുമിത്.  
ഈ അരിക്ക് ഓപ്പൺ മാ൪ക്കറ്റിലെ വില 30 ലക്ഷത്തിലധികം രൂപ വരും. മുമ്പ് രണ്ടിടങ്ങളിലായി പിടിച്ചെടുത്ത അരിയുടെ കണക്ക് ഇതിന്പുറമെയാണ്. 
കൊരട്ടി എസ്.ഐ ഉണ്ണികൃഷ്ണൻ, അഡീഷനൽ എസ്.ഐ കെ.ജി. ആൻറണി, സി.പി.ഒ വിനു, ആൻറണി എന്നിവരുടെ സാന്നിധ്യത്തിൽ സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥരാണ് കണക്കെടുത്തത്.  ഇനിയും കുറ്റവാളികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നത് നാണക്കേടായി മാറി. ഇക്കാര്യത്തിൽ  പൊലീസ് നിസ്സഹായാവസ്ഥയിലാണ്.   ഇടപെടലുകളും സമ്മ൪ദങ്ങളും കാരണം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ പറ്റുന്നില്ല. 
ചില സാങ്കേതിക പ്രശ്നങ്ങളും പൊലീസിനെ കുഴക്കുന്നു. 
റേഷൻകൊള്ളയുടെ കണ്ണികൾ കണ്ടെത്തുന്നതിന് സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥരുടെ  സഹകരണം വേണം. ഏതെല്ലാം റേഷൻകടകളിൽ നിന്നാണ് അരി ചോ൪ന്നത് എന്ന് സ്റ്റോക്ക് രജിസ്റ്ററിലെ കണക്കുകൾ നോക്കി കണ്ടെത്തണം. 
എന്നാൽ, റേഷൻ വ്യാപാരികളുടെ ഭാഗത്തുനിന്ന് എതി൪ നീക്കമുണ്ടായി. അന്വേഷണം പുരോഗമിക്കവെ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നൂവെന്ന് ആരോപിച്ചുകൊണ്ട് അവ൪ റേഷൻകടകൾ ഒരു ദിവസം അടച്ചിട്ടു. 
രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൊരട്ടി റേഷൻ പൂഴ്ത്തിവെപ്പിനെപ്പറ്റി പഴയതുപോലെയുള്ള  ആവേശമില്ല. 
പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങി. ഇതിനിടെ പ്രതികളിലൊരാളായ ജെസ്മിൻ കൊരട്ടിയിൽ തന്നെയുള്ളതായി സൂചനയുണ്ട്. മുൻകൂ൪ ജാമ്യമെടുക്കാൻ ശ്രമിക്കുന്നതായും അറിയുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.