മലയാളികള്‍ക്കിടയില്‍ ആര്‍ഭാടരഹിത വിവാഹങ്ങള്‍ക്ക് പ്രചാരമേറുന്നു

 

ജിദ്ദ: നിതാഖാത് പ്രശന്ത്തിലും തൊഴിൽപരമായ മറ്റനേകം ഊരാകുടുക്കുകളിലും കുരുങ്ങി കിടക്കുന്ന പ്രവാസി മലയാളി സമൂഹത്തിൽ വിവാഹ ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. നാട്ടിൽ നിന്നും തൊഴിലാവിശ്യാ൪ഥം ഇവിടെ എത്തിച്ചേ൪ന്നവരും രക്ഷിതാക്കളോടൊപ്പം ഇവിടെ കഴിയുന്ന യുവതി യുവാക്കളുമാണ് ആ൪ഭാടരഹിത രീതിയിലൂടെ താലികെട്ടുന്നത്. നാട്ടിൽ നിന്ന് പുതുതായി എത്തിച്ചേരുകയും സാമാന്യം നല്ല ജോലിയിൽ പ്രവേശിക്കുകയും ചെയ്ത യുവാക്കൾ സൗദി ഇഖാമയുള്ള മലയാളി യുവതികളെ വിവാഹം കഴിക്കാനാണ് താൽപര്യപ്പെടുന്നത്. പ്രവാസ ജീവിതവുമായി പരിചയമുള്ളതിനാൽ ഫ്ളാറ്റുകളിൽ തനിച്ചാവുമ്പോഴുണ്ടാവുന്ന മാനസിക പിരിമുറുക്കത്തെ അതിജീവിക്കാൻ ഇവ൪ക്ക് സാധിക്കുമെന്നതാണ് ഇതിന് പ്രധാന കാരണം.
ഗൾഫിലെ പൂ൪വകാല അനുഭവം വെച്ച് നോക്കുമ്പോൾ രണ്ട് വ൪ഷം ഇവിടെ തൊഴിലെടുത്ത് രണ്ടോ മുന്നോ മാസത്തെ അവധിയിൽ നാട്ടിൽ പോയ ശേഷം പെണ്ണുകാണലും നിശ്ചയവും നിക്കാഹുമൊക്കെ കഴിയുമ്പോൾ വീണ്ടും ഗൾഫിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കമായി. ഇത് നവദമ്പതികൾക്ക് മാനസിക സംഘ൪ഷം സൃഷ്ടിക്കുന്നതായാണ് അനുഭവം. ഇതിനെ മറികടക്കാനാണ് യുവാക്കൾ ഇവിടെ നിന്ന് തന്നെ വിവാഹത്തിലേ൪പ്പെടുന്നതിന് ഇപ്പോൾ മുൻഗണന നൽകുന്നത്.
പെൺകുട്ടികളുള്ള പ്രവാസി രക്ഷിതാക്കൾക്ക് ഇവിടെ നിന്നുള്ള വിവാഹലോചനകളും ചടങ്ങുകളും വലിയ ആശ്വാസമാവുകയാണ്. നാട്ടിലെ പോലെ ആ൪ഭാട വിവാഹത്തിന് ഇവിടെ പ്രസക്തി ഇല്ലാത്തതിനാൽ വിവാഹത്തിനും അനുബന്ധ ആവിശ്യങ്ങൾക്കുമുള്ള ചിലവും തുലോം തുഛമാണ്. പതിനായിരം റിയാലിൽ ഭക്ഷണ ചിലവും ആഭരണങ്ങൾക്കും ചമയങ്ങൾക്കുമായി കഴിവിനനുസരിച്ച തുകയും ചിലവഴിച്ചാൽ വിവാഹത്തിനായി വേറെ ചിലവുകളൊന്നും പ്രവാസ ലോകത്തില്ല. പതിനായിരം റിയാലിൽ സാമാന്യം നല്ല സദ്യ ഒരുക്കി കൊടുക്കാൻ കഴിയുന്നതായി നിരവധി വിവാഹങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇംപാല  റെസ്റ്റോറൻറ് നടത്തിപ്പുകാരനായ ശിയാസ് പറഞ്ഞു. പ്രവ൪ത്തി ദിവസങ്ങളുൾപ്പടെ ആഴ്ചയിൽ നാല് വിവാഹങ്ങളെങ്കിലും ഇപ്പോൾ ഇവിടെ നടക്കുന്നുണ്ടെന്നും ശിയാസ് പറഞ്ഞു. ഇതിന് പുറമെ ജിദ്ദയിലെ മറ്റ് വിവാഹ മണ്ഡപങ്ങളിലും മലയാളി വിവാഹങ്ങൾ അരങ്ങേറുന്നുണ്ട്.
അഭ്യസ്തവിദ്യരായ പ്രവാസി ചെറുപ്പക്കാ൪ പ്രത്യേക ഡിമാൻറില്ലാതെയാണ് വിവാഹം കഴിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. വിവിധ മത-സാമൂഹിക സംഘടനകൾ ഇതിന് പ്രോത്സാഹനം നൽകുന്നു. വിവാഹം കഴിച്ച ശേഷം തങ്ങളോടൊപ്പം പ്രവാസ ജീവിതത്തിന് താങ്ങും തണലുമായി കുട്ടികൾ കൂടെ ഉണ്ടാവുന്നു എന്നതും വലിയ ആശ്വാസമായാണ് ഇത്തരം വിവാഹം കഴിച്ചുകൊടുത്ത രക്ഷിതാക്കൾ പറയുന്നത്. കാലം മാറിയതിനാൽ ഇത്തരം വിവാഹങ്ങളെ നാട്ടിലുള്ള രക്ഷിതാക്കളും പ്രോത്സസാഹിപ്പിക്കുന്നുണ്ട്. ഇണയെ കണ്ടെത്തിയാൽ കൂടുതൽ അന്വേഷങ്ങൾക്ക് വേണ്ടി രക്ഷിതാക്കളെ ഏൽപിക്കുന്നത് വഴി അവരുടെ മാനസിക പിന്തുണ ഉറപ്പ് വരുത്താനും കഴിയുന്നു. നാട്ടിലുള്ള രക്ഷിതാക്കളും ബന്ധുക്കളും സന്ദ൪ശക വിസയിലോ ഉംറ വിസയിലോ എത്തി  ഇത്തരം വിവാഹങ്ങളെ അനുഗ്രഹിക്കുമ്പോൾ പ്രവാസി സാമൂഹിക മനോഭാവത്തിൽ സംഭവിക്കുന്ന ഈ മാറ്റം ഗുണകരമാവുമെന്നാണ് പ്രത്യാശിക്കുന്നത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.