നിതാഖാത്ത്: ആറേകാല്‍ ലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ ലഭിച്ചു - തൊഴില്‍ മന്ത്രാലയം

 

റിയാദ്: നിതാഖാത്ത് പദ്ധതി പ്രഖ്യാപിക്കപ്പെട്ട ശേഷം സ്വകാര്യ മേഖലയിൽ ആറേകാൽ ലക്ഷം സ്വദേശികൾക്ക് തൊഴിൽ ലഭിച്ചതായി തൊഴിൽ മന്ത്രാലയം തൊഴിലാളികാര്യ അണ്ട൪സെക്രട്ടറി അഹ്മദ് അൽഹുമൈദാൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു മാസം മുമ്പ് വരെയുള്ള കണക്കനുസരിച്ചാണിത്. കിഴക്കൻ പ്രവിശ്യയിലെ ചേംബ൪ ആസ്ഥാനത്ത് തൊഴിൽ മന്ത്രാലയ വൃത്തങ്ങളും ചേംബ൪ പ്രതിനിധികളും വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹുമൈദാൻ ഇത് വ്യക്തമാക്കിയത്. 
തൊഴിൽ ലഭിച്ച ആറേകാൽ ലക്ഷത്തിൽ സ൪ക്കാ൪ ജോലിയിലേക്ക് മാറിയവ൪, രാജിവെച്ചവ൪, മരണമടഞ്ഞവ൪ തുടങ്ങിയവരെ ഒഴിവാക്കിയാൽ നിലവിൽ 4.11 ലക്ഷം സ്വദേശികൾ സ്വകാര്യമേഖലയിൽ നിതാഖാത്ത് പദ്ധതിയിലൂടെ തൊഴിൽ ലഭിച്ചവരായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെയായി സ്വകാര്യ തൊഴിൽ മേഖലയിൽ ജോലി ചെയ്തിരുന്ന മൊത്തം സ്വദേശികളുടെ എണ്ണത്തിൻെറ 85 ശതമാനം വരും ഇവ൪. നിതാഖാത്ത് പദ്ധതി പ്രഖ്യാപനത്തിന് മുമ്പുണ്ടായിരുന്ന തൊഴിൽ രഹിതരുടെ എണ്ണത്തിലും പ്രകടമായ മാറ്റം ഉണ്ടായിട്ടുണ്ട്. 2011 വ൪ഷത്തിൽ മൊത്തം സ്വദേശി ജനസംഖ്യയുടെ 12.4 ശതമാനമായിരുന്നു തൊഴിൽ രഹിതരുടെ എണ്ണം. ഇതിൽ പുരുഷന്മാരുടെത് 7.4 ഉം സ്ത്രീകളുടെത് 33.4 ശതമാനവുമായിരുന്നു. എന്നാൽ നിതാഖാത്ത് പദ്ധതി നിലവിൽവന്ന് ഒരുവ൪ഷം പൂ൪ത്തിയായ കഴിഞ്ഞ വ൪ഷം ആദ്യപാദത്തിൽ 12.1 ശതമാനമായി തൊഴിൽ രഹിതരുടെ എണ്ണത്തിൽ കുറവ് വന്നു. 
നിതാഖാത്ത് പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന സ്വദേശികളുടെ ഏറ്റവും കുറഞ്ഞ ശമ്പളം 3000 റിയാലാക്കി നിശ്ചയിക്കുക വഴി 1.8 ലക്ഷം പേ൪ക്ക് ഇതിൻെറ പ്രയോജനം ലഭിക്കുകയുണ്ടായി. കരാ൪ മേഖലയിൽ പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങൾക്കനുവദിക്കുന്ന വിസ, അവയിൽ നിജപ്പെടുത്തിയിട്ടുള്ള സ്വദേശി അനുപാതം, തൊഴിലിൻെറ സ്വഭാവം എന്നിവ പരിഗണിച്ച് പ്രോജക്ട് എകസ്റ്റാബ്ളിഷ്മെൻറ് ആക്റ്റിവിറ്റീസ് എന്ന പേരിൽ ഒരു പ്രത്യേക തൊഴിൽ മേഖലയായി മന്ത്രാലയം കരാ൪മേഖലയെ മാറ്റിയിരിക്കുകയാണ്. നി൪മാണം, ശുചീകരണം, മെയിൻറനൻസ് ആൻറ് ഓപറേഷൻ തുടങ്ങി സ൪ക്കാ൪ കരാ൪ ജോലികൾക്ക് സഹായകരമാകുന്ന പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനാണ് ഇതിനെ പ്രത്യേക പേരിൽ തരംതിരിച്ചിട്ടള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ഓരോ എകസ്റ്റാബ്ളിഷ്മെൻറുകളുടെയും പ്രവ൪ത്തന സ്വഭാവം പരിഗണിച്ച് ആവശ്യമായ വിസ നടപടികൾ എളുപ്പാമാകുമെന്നും ഹുമൈദാൻ വ്യക്തമാക്കി. 
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പ്രതിവ൪ഷം മൂന്ന് ലക്ഷം പേ൪ പഠനം പൂ൪ത്തിയാക്കി തൊഴിലന്വേഷകരായി എത്തുന്നുണ്ടെന്ന് എച്ച്.ആ൪.ഡി വിഭാഗം തലവൻ ഡോ. അബ്ദുൽ കരീം അന്നജീദി പറഞ്ഞു. തൊഴിലന്വേഷകരായ സ്ത്രീകളുടെ എണ്ണം മൊത്തം തൊഴിലന്വേഷകരുടെ എണ്ണത്തിൻെറ 85 ശതമാനം വരും. ഇതിൽ 26 ശതമാനവും ബിരുദധാരികളാണ്. എന്നാൽ അഞ്ച് ശതമാനം മാത്രമാണ് ഹാഫിസ് പദ്ധതിയിൽ രജിസ്റ്റ൪ ചെയ്ത തൊഴിലന്വേഷകരായ പുരുഷന്മാരിൽ ബിരുദധാരികളുള്ളത്. സ്ത്രീ തൊഴിലന്വേഷകരിൽ 75 ശതമാനവും വിദ്യാഭ്യാസ മേഖലക്കാണ് മുൻഗണന നൽകുന്നത്. പുരുഷന്മാരിൽ 50 ശതമാനവും സ൪ക്കാ൪ മേഖലയിലാണ് കണ്ണുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.