റിയാദ്: രാജ്യത്തിൻെറ പലഭാഗങ്ങളിലും തുടരുന്ന മഴമൂലമുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലും ചെളിക്കെട്ടിലും പെട്ട 412പേരെ കഴിഞ്ഞ 24മണിക്കൂറിനിടെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. മഴ ശമിച്ച ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശാൻ തുടങ്ങിയതിനാൽ ആരോഗ്യപരമായ മുൻകരുതലുകൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് സിവിൽ ഡിഫൻസും ആരോഗ്യമന്ത്രാലയവും ജാഗ്രതാനി൪ദേശങ്ങളും പുറപ്പെടുവിച്ചു.
അസീ൪, അൽബാഹ, നജ്റാൻ പ്രവിശ്യകളിലാണ് ഗുരുതരമായ നിലയിൽ മഴ നാശംവിതച്ചുകൊണ്ടിരിക്കുന്നത്. റിയാദിൻെറ ചിലഭാഗങ്ങളിലും കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിലും പടിഞ്ഞാറൻ പ്രവിശ്യയിലെ മക്ക, താഇഫ് എന്നിവിടങ്ങളിലും മഴക്കെടുതികളുണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളിൽനിന്നെല്ലാം ഒരു രാവും പകലിനുമിടെ 976 രക്ഷാപ്രവ൪ത്തന അഭ്യ൪ഥനകളാണ് ലഭിച്ചതെന്ന് സിവിൽ ഡിഫൻസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു.
പലഭാഗങ്ങളിലുണ്ടായ പ്രളയങ്ങളിൽനിന്ന് നേരിട്ട് 339പേരെയാണ് രക്ഷപ്പെടുത്തിയത്. താഇഫിൽ അഞ്ച് ചെറിയ കുട്ടികളുൾപ്പടെ 93പേരും അൽബാഹയിൽ 109പേരും അസീ൪ മേഖലയിൽ 113ആളുകളും റിയാദിൻെറ പ്രാന്തപ്രദേശങ്ങളിൽനിന്ന് 24പേരും അൽഅഹ്സയിൽ വെള്ളപ്പൊക്കത്തിൽപെട്ട ഒരു സ്കൂൾ ബസിലെ 24അധ്യാപകരും നജ്റാനിൽ 49പേരുമാണ് രക്ഷപ്പെട്ടത്. മഴവെള്ളപ്പാച്ചിലിൽ വീടുകൾ തക൪ന്നും വാഹനങ്ങൾ ഒലിച്ചുപോയുമുണ്ടായ അപകടങ്ങൾക്കൊപ്പം ചെളിക്കെട്ടിലും മഴവെള്ളം കെട്ടിനിന്ന് ചതുപ്പുനിലങ്ങളായി മാറിയ മരുഭൂമികളിലും വാഹനങ്ങൾ പോയിപെട്ടും അപകടങ്ങളുണ്ടായിട്ടുണ്ട്.
അസീ൪ മേഖലയിലെ ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയവരിൽ 114പേരെ അടിയന്തര ക്യാമ്പുകളിലേക്ക് മാറ്റിപാ൪പ്പിച്ചു. താഇഫിൽ 63പേരെ ഒരു അപ്പാ൪ട്ട്മെൻറ് സമുച്ചയത്തിലേക്കും 51പേരെ അൽബാഹയിലെ ക്യാമ്പിലേക്കും മാറ്റി.
താഴ്വരകൾ, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങൾ, മലയാടിവാരങ്ങൾ, നിരന്ന പ്രദേശങ്ങൾ തുടങ്ങി ജലപ്രളയഭീഷണി നേരിടുന്ന സ്ഥലങ്ങളെല്ലാം കേന്ദ്രീകരിച്ച് സിവിൽ ഡിഫൻസ് സുരക്ഷാസേനയെ വ്യന്യാസിച്ചിരിക്കുകയാണ്. പ്രധാന അണക്കെട്ടുകളുടെയെല്ലാം ജലനിരപ്പും നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ പൂ൪ണസജ്ജമാണ് മുഴുവൻ സുരക്ഷാവിഭാഗങ്ങളും. ഹെലികോപ്റ്ററുകളും പ്രളയത്തിൽ രക്ഷാപ്രവ൪ത്തനം നടത്താൻ പ്രത്യേക പരിശീലനം ലഭിച്ച വിഭാഗവുമെല്ലാം സിവിൽ ഡിഫൻസിൻെറ സഹായത്തിനുണ്ട്. കഴിഞ്ഞ ദിവസം താഇഫിൽ അണക്കെട്ട് തക൪ന്നുണ്ടായ ദുരന്തസ്ഥലത്തും ഈ വിഭാഗങ്ങളുടെയെല്ലാം സഹായം ലഭ്യമാക്കിയിരുന്നു. അത് ദുരന്തത്തിൻെറ വ്യാപ്തി കുറച്ചതായും സിവിൽ ഡിഫൻസ് അധികൃത൪ വ്യക്തമാക്കി.
പരിധിയിൽ കവിഞ്ഞ് ജലനിരപ്പുയ൪ന്ന പല അണക്കെട്ടുകളിൽനിന്നും വെള്ളം സുരക്ഷിത മാ൪ഗങ്ങളിലൂടെ ഒഴുക്കിക്കളയാനും ശ്രമമാരംഭിച്ചിട്ടുണ്ട്. അണക്കെട്ടുകളുള്ള ഭാഗങ്ങളിലെ ജനവാസകേന്ദ്രങ്ങൾക്ക് ജാഗ്രതാനി൪ദേശം നൽകിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങൾ ഒരുക്കിയിട്ടുണ്ട്.
റിയാദ് നഗരത്തിൽ ശനിയാഴ്ച രാത്രി മുതലാണ് പൊടിക്കാറ്റ് വീശിതുടങ്ങിയത്. ഞായറാഴ്ച പകലും പൊടിനിറഞ്ഞ അന്തരീക്ഷമാണ്. കാഴ്ച മങ്ങിയ അവസ്ഥയായിരുന്നു പകലും. കടുത്തനിലയിൽ പൊടിനിറഞ്ഞ അന്തരീക്ഷം ആളുകളിൽ ശ്വാസകോശ സംബന്ധമായ അസ്വാസ്ഥ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. പൊടിപടലങ്ങൾ നിറഞ്ഞതുമൂലം ആളുകൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് അടിയന്തര ചികിത്സലഭ്യമാക്കാൻ റിയാദിലെ മുഴുവൻ ആശുപത്രികളും ക്ളിനിക്കുകളും മറ്റ് ആരോഗ്യകേന്ദ്രങ്ങളും പൂ൪ണസജ്ജരായി ജാഗ്രതയിലായിരിക്കണമെന്ന് ഞായറാഴ്ച രാവിലെ തന്നെ ഹെൽത്ത് അഫയേഴ്സ് ഡയറക്ട൪ അദ്നാൻ അബ്ദുൽകരീം നേരിട്ട് നി൪ദേശം നൽകിയിരുന്നു. ആസ്തമ രോഗികളുൾപ്പടെയുള്ള ശ്വാസോഛാസ സംബന്ധിയായ പ്രയാസങ്ങൾ നേരിടുന്നവ൪ കടുത്ത മുൻകരുതലുകളാണ് സ്വീകരിക്കേണ്ടതെന്നും വാഹനങ്ങളിൽ സഞ്ചരിക്കുന്നവ൪ വിൻഡോ ഗ്ളാസുകൾ താഴ്ത്തരുതെന്നും മന്ത്രാലയ വക്താവ് സാദ് അൽ ഖഹ്ത്വാനി പുറപ്പെടുവിച്ച വാ൪ത്താക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.
പൊടിക്കാറ്റും മഴയും വരും ദിവസങ്ങളിലും തുട൪ന്നേക്കാമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.