ദുബൈ: യു.എ.ഇയിലെ ഏഴു എമിറേറ്റുകളെയും കോ൪ത്തിണക്കുന്ന ഇത്തിഹാദ് റെയിൽപാതയുടെ രണ്ടാം ഘട്ടത്തിന് രൂപരേഖ തയാറാക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം പശ്ചിമ മേഖലയിൽ നടത്തിയ പരീക്ഷണ ഓട്ടം വിജയിച്ച സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിന് ഒരുക്കങ്ങൾ ആരംഭിച്ചത്. ഇതിലൂടെ അബൂദബിയിലേക്ക് റെയിൽപാത നീളും.
എൻജിനും ഏതാനും വാഗണുകളുമാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്. പ്രധാനമായും സിഗ്നൽ സംവിധാനങ്ങളും പാതയുടെ സുരക്ഷയുമാണ് ഇതിലൂടെ പരീക്ഷിച്ചത്. ആദ്യഘട്ടത്തിലെ സാങ്കേതിക സംവിധാനങ്ങളെല്ലാം വിജയമാണെന്ന് അധികൃത൪ പറഞ്ഞു.
അതേസമയം, രണ്ടാംഘട്ടം സംബന്ധിച്ച ച൪ച്ചകളും മറ്റു നടപടികളും ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ സി.ഇ.ഒ ഡോ. നാസ൪ അൽ മൻസൂരി അറിയിച്ചു. അബൂദബി ചാനൽ ച൪ച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിസംബറോടെ അബൂദബി പശ്ചിമ മേഖലയിലെ ഷാ, ഹബ്ഷാൻ-റുവൈസ് റൂട്ടിലാണ് ട്രെയിൻ സ൪വീസ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ ഷാ, ഹബ്ഷാൻ എന്നിവിടങ്ങളിൽനിന്ന് റുവൈസിലേക്ക് 264 കിലോമീറ്റ൪ പാതയാണ് നി൪മിക്കുന്നത്. രണ്ടാം ഘട്ടത്തിൽ അബൂദബിയെ പശ്ചിമ മേഖലയുമായി ബന്ധിപ്പിക്കും. മൂന്നാം ഘട്ടത്തിൽ ദുബൈയിലേക്ക് നീട്ടും. ദുബൈക്ക് പുറമെ ദൈദ്, ഫുജൈറ, ഖോ൪ഫുക്കാൻ, റാസൽഖൈമ എന്നിവിടങ്ങളിലേക്കും മൂന്നാം ഘട്ടത്തിൽ പാത നി൪മിക്കും.
രണ്ടാം ഘട്ടത്തിൽ 628 കിലോമീറ്ററും മൂന്നാം ഘട്ടത്തിൽ 279 കിലോമീറ്ററും നി൪മിക്കും. യഥാക്രമം 2016, 2018 വ൪ഷങ്ങളിലാണ് രണ്ട്, മൂന്ന് ഘട്ടങ്ങൾ ഗതാഗത സജ്ജമാകുക.പദ്ധതിയിൽ മൊത്തം 1,200 കിലോമീറ്റ൪ വരും.
പശ്ചിമ മേഖലയിലെ ഷാ, മുസൈറ, മദീന സായിദ്, മി൪ഫ, റുവൈസ് എന്നിവയാണ് ആദ്യ ഘട്ടത്തിൽ വരുന്ന സ്റ്റേഷനുകൾ.
അബൂദബിയെ പശ്ചിമ മേഖലയുമായി ബന്ധിപ്പിക്കുന്ന രണ്ടാം ഘട്ടത്തിൽ തരീഫ്, ഐകാഡ്, ഖലീഫ തുറമുഖം, അൽഐൻ എന്നിവയായിരിക്കും പ്രധാന സ്റ്റേഷനുകൾ. പശ്ചിമ മേഖലയിലെ ലിവയിൽനിന്ന് അൽഐനിലേക്ക് റെയിൽപാത നി൪മിക്കും. 190 കിലോമീറ്ററാണ് നീളം. ഇതിനുപുറമെ റുവൈസിൽനിന്ന് യു.എ.ഇ-സൗദി അതി൪ത്തി കവാടമായ അൽഗുവൈഫയിലേക്ക് 137 കിലോമീറ്റ൪ പാതയും നി൪മിക്കും. ഇത്തിഹാദ് റെയിൽവേയുടെ രണ്ടാം ഘട്ടമായാണ് ലിവ ജങ്ഷൻ-അൽഐൻ, റുവൈസ്-അൽഗുവൈഫ പാതകൾ നി൪മിക്കുക.
ദുബൈ മേഖലയിലേക്കുള്ള പാത 2018ൽ സജ്ജമാകും. ദുബൈയിൽ മൂന്നു സ്റ്റേഷനുകളാണുണ്ടാവുക. ആൽ മക്തൂം വിമാനത്താവളം, ദുബൈ ലാൻഡ് സ്റ്റേഷൻ, സെൻട്രൽ സ്റ്റേഷൻ എന്നിവയാണിത്. ജബൽ അലി തുറമുഖത്തേക്കും റെയിൽപാത വരും. ദുബൈയിൽനിന്ന് ദൈദ്, ഫുജൈറ, ഖോ൪ഫുക്കാൻ, റാസൽഖൈമ എന്നിവിടങ്ങളിലേക്കാണ് പാത നി൪മിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.