കോട്ട കെട്ടി ക്ളോട്ഗെന്‍

അബൂദബി: ചരിത്ര സ്മാരകങ്ങളോ ഹോളിവുഡ് സിനിമകളിലൂടെ പ്രശസ്തമായ സെറ്റുകളോ എന്തുമാകട്ടെ, എത്ര വലിയ നി൪മിതികളും നിമിഷനേരം കൊണ്ട് കെട്ടിപ്പൊക്കും ഈ ജ൪മൻകാരൻ. താൻ ഏറെ സ്നേഹിക്കുന്ന പുസ്തകങ്ങളാണ് ജ൪മൻ കലാകാരനും കവിയുമായ ഫ്രാങ്ക് ക്ളോട്ഗെനിൻെറ ‘ഇഷ്ടിക’. പുസ്തകങ്ങൾ കൊണ്ട് കോട്ടകൾ കെട്ടിപ്പൊക്കി ശ്രദ്ധേയനായ ഫ്രാങ്ക് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിലും തരംഗമായി. 350 പുസ്തകങ്ങൾ കൊണ്ട് അബൂദബിയിലെ 250 വ൪ഷം പഴക്കമുള്ള ഖസ്൪ അൽ ഹുസ്ൻ കോട്ട നി൪മിച്ചാണ് ഫ്രാങ്ക് സന്ദ൪ശകരുടെ കൈയടി നേടിയത്. 90 മിനിറ്റ് കൊണ്ടാണ് ഫ്രാങ്ക് ‘പുസ്തകശിൽപം’ ഉണ്ടാക്കിയത്. ഇത്ര സമയം വേണ്ടി വന്നതിലെ നിരാശയും ഫ്രാങ്ക് മറച്ചുവെച്ചില്ല. ‘സാധാരണ ഇത്രയും സമയം എടുക്കാറില്ല. ഖസ്൪ അൽ ഹുസ്ൻ കോട്ടയുടെ വാസ്തുവിദ്യ അൽപം ദുഷ്കരമാണ്. ബെ൪ലിനിലെ വീട്ടിൽ ഞാൻ ഈ കോട്ടയുടെ രൂപം ഉണ്ടാക്കിയിട്ടുണ്ട്. ഇത് അബൂദബിയിലെ ജനങ്ങൾക്കായി സമ൪പ്പിക്കുന്നു’- ഫ്രാങ്ക് പറഞ്ഞു.
താജ്മഹൽ, ചൈനയിലെ വൻമതിൽ, ഈഫേൽ ടവ൪, പിസ ഗോപുരം, ജ൪മനിയിലെ ബ്രാൻഡൻബ൪ഗ് ഗേറ്റ് തുടങ്ങിയവയൊക്കെ ഫ്രാങ്കിൻെറ കരവിരുതിൽ പുന൪ജനിച്ചിട്ടുണ്ട്. സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ലോ൪ഡ് ഓഫ് ദി റിങ്സി’ലെയും ‘ഹാരി പോ൪ട്ടറി’ലെയും കോട്ടകൾ, ‘സ്റ്റാ൪വാ൪സി’ലെ ഡെത്ത്സ്റ്റാ൪ എന്നിവയും ഉണ്ടാക്കിയിട്ടുണ്ട്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയ പ്രമുഖ൪ ഇന്നലെ പുസ്തകമേള സന്ദ൪ശിച്ചു.
അതിനിടെ, അവധി ദിവസമായതിനാൽ വെള്ളിയാഴ്ച പുസ്തകമേളയിൽ സന്ദ൪ശകത്തിരക്കേറി. പുസ്തകപ്രേമികളായ മലയാളികൾ ധാരാളമായെത്തി. ഗൾഫ് മാധ്യമം, ഐ.പി.എച്ച്, ഡീസി ബുക്സ് തുടങ്ങിയ സ്റ്റാളുകൾ ഇവരെ കൊണ്ട് നിറഞ്ഞു. പുസ്തകമേളയോട് അനുബന്ധിച്ച് അബൂദബി നാഷണൽ എക്സിബിഷൻ സെൻററിൽ പാ൪ക്കിങ് സൗജന്യമാക്കിയതും സന്ദ൪ശത്തിരക്കേറാൻ കാരണമായി. മേളയുടെ ഭാഗമായി ഒരുക്കിയ അറബിക് കലാവിരുന്നുകളും സന്ദ൪ശക൪ ആസ്വദിച്ചു. മേള ചൊവ്വാഴ്ച സമാപിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് സമയം. പ്രവേശം സൗജന്യം.   

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.