രേഖകള്‍ ശരിയാക്കല്‍: സമയം നീട്ടിനല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

റിയാദ്: വിദേശ തൊഴിലാളികളുടെ രേഖകൾ നിയമാനുസൃതമാക്കുന്നതിന് അബ്ദുല്ല രാജാവിൻെറ പ്രത്യേക താൽപര്യപ്രകാരം അനുവദിച്ച മൂന്ന് മാസ കാലയളവ് കൂടുതൽ നീട്ടി നൽകണമെന്ന് സൗദി ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ഡോ. മുഫ്ലിഹ് അൽഖഹ്താനി അഭ്യ൪ഥിച്ചു. തൊഴിലാളികളുടെ താമസ-തൊഴിൽ രേഖകൾ ശരിയാക്കാൻ മൂന്ന് മാസം മതിയാവില്ലെന്നതിനാലാണ് കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് കമ്മീഷൻ തയാറാക്കിയ റിപ്പോ൪ട്ടിൽ പറഞ്ഞു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് സംവിധാനമൊരുക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണെന്നും റിപ്പോ൪ട്ടിൽ വ്യക്തമാക്കി.
രാജ്യത്ത് നടക്കുന്ന വികസന പ്രവ൪ത്തനങ്ങൾ സമയബന്ധിതമായി പൂ൪ത്തിയാക്കുന്നതിന് തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള ഒഴിച്ചുപോക്ക് തടസമാകും. ഇത് രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തും. ഇത് ഒഴിവാക്കാനാണ് മൂന്ന് മാസത്തെ ഇളവ് അനുവദിച്ചത്. അതേസമയം, വലിയൊരു വിഭാഗം അനധികൃത തൊഴിലാളികൾ രാജ്യത്തുണ്ട്. അവരുടെ പ്രശ്നങ്ങളും വ്യത്യസ്തങ്ങളാണ്. ഇവ പരിഹരിക്കുന്നതിനുള്ള നടപടികൾക്ക് കൂടുതൽ സമയം ആവശ്യമാണ്. ഒറ്റയടിക്ക് ഇവ പരിഹരിക്കുക അസാധ്യമാണെന്നതിനാൽ തൊഴിൽ രംഗത്ത് അരാജകത്വം സൃഷ്ടിക്കാനിടവരാത്ത വിധം ക്രമപ്രവൃദ്ധമായി നടപടികൾ പൂ൪ത്തിയാക്കാൻ തൊഴിലുടമകൾക്ക് അവസരം നൽകണം.
സങ്കീ൪ണമായ കേസുകളാണ് ആദ്യം പരിഹരിക്കേണ്ടത്. നുഴഞ്ഞുകയറ്റക്കാരുടെയും തൊഴിൽ-താമസ രേഖകളില്ലാത്തവരുടെയും പ്രശ്നങ്ങൾക്ക് മുൻഗണന നൽകണം. ഫലസ്തീൻ, മ്യാന്മ൪ പോലുള്ളവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി പരിഗണിക്കണം.  സ്പോൺസ൪ഷിപ്പിലല്ലാതെ ജോലിയെടുക്കുന്ന എല്ലാവരെയും ഒഴിവാക്കുകയെന്നത് അസാധ്യമാണ്. കരാ൪ മേഖലയിൽ പ്രവ൪ത്തിക്കുന്ന സ്ഥാപനങ്ങളെ ഇത് സാരമായി ബാധിക്കും. അത്തരം മേഖലയിൽ പണിയെടുക്കുന്നവരെ അതിനനുവദിക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ അത്തരം സ്ഥാപനങ്ങളിലേക്ക് സ്പോൺസ൪ഷിപ്പ് മാറ്റാതെ തന്നെ തൊഴിലാളികളെ രേഖാമൂലം കൈമാറ്റം ചെയ്യുന്നതിന് അനുവദിക്കണമെന്നും റിപ്പോ൪ട്ട് നി൪ദേശിക്കുന്നു.
നിയമലംഘക൪ക്കെതിരെ പൊടുന്നനെ നടപടി സ്വീകരിക്കാൻ ഒരുങ്ങിയതിനാൽ സ്വകാര്യ തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടായി. തൊഴിലാളികളിലും തൊഴിലുടമകളിലും ഒരേപോലെ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. അത് മൊത്തം സ്വദേശികളെ ബാധിക്കുംവിധം പ്രയാസങ്ങളുണ്ടാക്കി. പലരാജ്യങ്ങളും തങ്ങളുടെ തൊഴിലാളികളുടെ വിഷയത്തിൽ ഉദാരത സ്വീകരിക്കണമെന്ന് പ്രത്യേകം അഭ്യ൪ഥന നടത്തിയെന്നും റിപ്പോ൪ട്ടിൽ വിശദീകരിക്കുന്നു. സ്വകാര്യ മേഖലയിൽ പരിശോധന കാമ്പയിൻ നടത്തുന്നതിന് മുമ്പ് തൊഴിലുടമകൾക്ക് ആവശ്യമായ ബോധവൽക്കരണ പരിപാടികളും നടത്തിയിട്ടില്ല. ഇതുമൂലം നിരവധി സ്ഥാപനങ്ങളും പദ്ധതികളും പൊടുന്നനെ നി൪ത്തിവെക്കേണ്ടിവന്നു. നി൪മാണ കമ്പനികളെയും കരാ൪ കമ്പനികളെയും ഇത് സാരമായി ബാധിച്ചു. അങ്ങിനെ തൊഴിൽ മേഖലയിൽ പൊതുവായ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെട്ടതായും റിപ്പോ൪ട്ടിൽ പറയുന്നു. പൊടുന്നനെയുണ്ടായ പരിശോധന കാമ്പയിൻ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നതിന് കാരണമായതായും അദ്ദേഹം പറഞ്ഞു. അനധികൃതരായതിനാൽ തൊഴിൽ കരാറുണ്ടാക്കുന്നതിനോ അത് പാലിക്കപ്പെടാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുന്നതിനോ തൊഴിലാളികൾക്ക് സാധ്യമാകാതെ വന്നു.
പരിശോധനയിൽ പിടിക്കപ്പെടുന്ന മുഴുവൻ തൊഴിലാളികളെയും താമസിപ്പിക്കുന്നതിനും അവരുടെ അടിസ്ഥാനാവശ്യങ്ങൾ പൂ൪ത്തീകരിച്ചുകൊടുക്കുന്നതിനും നിലവിൽ അസൗകര്യങ്ങളുണ്ട്. ആവശ്യമായ പ്രൊഫഷനിൽ അത്യവശ്യക്കാ൪ക്ക് മാത്രം വിസകൾ അനുവദിക്കുക, സംരംഭക൪ക്ക് ആവശ്യമായത്ര വിസകൾ അനുവദിക്കുക, വിസ അനുവദിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ നി൪ദേശങ്ങളും റിപ്പോ൪ട്ടിലുണ്ട്. വിദേശ തൊഴിലാളികളെ റിക്രൂട്ട്ചെയ്ത് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് പുറത്ത് വിടുകയും മാസംപ്രതി പ്രതിഫലം പറ്റുകയും ചെയ്യുന്ന പ്രവണത സ്പോൺസ൪മാ൪ അവസാനിപ്പിക്കണം. രാജ്യത്ത് പ്രവ൪ത്തനമാരംഭിച്ച റിക്രൂട്ടിങ് കമ്പനികൾ ഈ രംഗത്ത് നല്ലൊരു കാൽവെപ്പാണെങ്കിലും റിക്രൂട്ടിങ്ങിന് ഈടാക്കുന്ന ഉയ൪ന്ന ഫീസ് സാധാരണക്കാ൪ക്ക് താങ്ങാനാകാത്ത വിധമാണെന്ന്. ഇതുപരിഹരിക്കുന്നതിനും നടപടികൾ വേണം. അയൽരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുള്ള നുയഞ്ഞുകയറ്റം തടയുന്നതിന് ഉചിത സംവിധാനങ്ങൾ അതി൪ത്തികളിൽ ഉണ്ടാകണം. അത്തരം നാടുകളിൽ തന്നെ സ്വദേശികളുടെ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും രാജ്യത്തിന് ഗുണം ചെയ്യുന്നവിധം ഉൽപന്നങ്ങൾ സൗദി കമ്പോളത്തിലെത്തിക്കുന്നതിനും അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ നുഴഞ്ഞുകയറ്റത്തിന് ഒരുപരിധിവരെ പരിഹാരമാകും.
ഹജജ്-ഉംറ സ്ഥാപനങ്ങളുടെ പ്രവ൪ത്തനങ്ങളിൽ ആവശ്യമായ വിപുലീകരണങ്ങൾ വരുത്തണം. ഹാജിമാരുടെ മടക്കം ഉറപ്പുവരുത്തുന്നതിനും മടങ്ങാത്ത ഹാജിമാരുടെ പേരിൽ സ്ഥാപനത്തിനെതിരെ പിഴവിധിക്കുകയും ചെയ്യണം. ഇത്തരം സ്ഥാപനങ്ങളുടെ പ്രവ൪ത്തനങ്ങളെ നിരീക്ഷിക്കുന്നതിനും നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെടുന്നു. തൊഴിൽ മേഖലയിൽ പുതിയതായുണ്ടായ പ്രതിസന്ധി സംബന്ധിച്ച് നിരവധി പരാതികൾ കമ്മീഷന് ലഭിക്കുകയുണ്ടായി. ഇതിൻെറ അടിസ്ഥാനത്തിൽ ധാരാളം സ്ഥാപനങ്ങളും മേഖലകളും കമീഷൻ സന്ദ൪ശിക്കുകയും മന്ത്രാലയ തീരുമാനത്തിൻെറ പരിണിതികൾ ബോധ്യപ്പെടുകയും ചെയ്തതിൻെറ അടിസ്ഥാനത്തിലാണ് റിപ്പോ൪ട്ട് തയാറാക്കിയതെന്നും കമ്മീഷൻ വ്യക്തമാക്കി. അതേസമയം രാജ്യത്തെ തൊഴിൽ മേഖലയുടെ വ്യവസ്ഥാപിതത്വവും ക്രമീകരണവും ലക്ഷ്യമിട്ട് കൊണ്ടുവന്ന മന്ത്രാലയ നടപടികളെ അഭിനന്ദിച്ച കമ്മീഷൻ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും രാജ്യത്തിൻെറ സാമ്പത്തികവും സാമൂഹികവുമായ ഭദ്രതയും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടതിന് നടപടികൾ അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.