അബൂദബി: തലസ്ഥാന എമിറേറ്റിൽ റസിഡൻസ് വിസ ലഭിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം ഏ൪പ്പെടുത്താൻ അബൂദബി ഹെൽത്ത് അതോറിറ്റി ആലോചിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ എമിഗ്രേഷൻ വിഭാഗവുമായിട്ടുള്ള ഇ-ലിങ്ക് ആണ് നടപ്പാക്കുക. ഇത് യാഥാ൪ഥ്യമാകുന്നതോടെ വിസക്ക് വേണ്ടിയുള്ള മെഡിക്കൽ പരിശോധനക്ക് ശേഷം അതിൻെറ റിപ്പോ൪ട്ട് വാങ്ങാൻ അപേക്ഷകൻ അല്ലെങ്കിൽ സ്പോൺസ൪ വീണ്ടും മെഡിക്കൽ സ്ക്രീനിങ് സെൻററിലേക്ക് പോകേണ്ടതില്ല. പരിശോധന പൂ൪ത്തിയായി എന്നുള്ള എസ്.എം.എസ് അപേക്ഷകൻെറ മൊബൈലിലെത്തും. അപ്പോൾ നേരിട്ട് എമിഗ്രേഷനിലേക്ക് പോയാൽ മതിയാകും. നിലവിൽ മൂന്ന് ഘട്ടമായിട്ടാണ് ഈ പ്രക്രിയകൾ നടക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇത് രണ്ട് ആയി കുറയുമെന്ന് അബൂദബി ഹെൽത്ത് അതോറിറ്റിയിലെ കമ്യൂണിക്കബിൾ ഡിസീസസ് വിഭാഗം മാനേജ൪ ഡോ. ഫരീദ അൽ ഹുസ്നി പറഞ്ഞു.
പുതുതായി വിസ എടുക്കുന്നവരും പുതുക്കുന്നവരും എച്ച്.ഐ.വി, ടി.ബി തുടങ്ങിയ പരിശോധനകൾക്ക് വിധേയരാകണം. അതോറിറ്റിക്ക് കീഴിലുള്ള പത്ത് സ്ക്രീനിങ് കേന്ദ്രങ്ങളിൽ എവിടെയെങ്കിലും വെച്ചാണ് ഇത് നടക്കുന്നത്. പരിശോധനയിൽ കുഴപ്പങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞാൽ 72 മണിക്കൂറിനുള്ളിൽ അപേക്ഷകന് ക്ളിയറൻസ് സ൪ട്ടിഫിക്കറ്റ് നൽകും. നിലവിൽ അപേക്ഷകൻ അല്ലെങ്കിൽ സ്പോണസ൪ സ്ക്രീനിങ് കേന്ദ്രങ്ങളിൽ തിരിച്ചെത്തി ഈ സ൪ട്ടിഫിക്കറ്റ് വാങ്ങി എമിഗ്രേഷനിലേക്ക് പോകുകയാണ് ചെയ്യുക. അതോറിറ്റി ഇ-ലിങ്ക് വഴി സ൪ട്ടിഫിക്കറ്റ് എമിഗ്രേഷനിലേക്ക് നേരിട്ട് കൊടുക്കുമെന്നതിനാൽ ഇത് ഒഴിവായി കിട്ടും. പൊതുജനങ്ങൾക്ക് സമയലാഭം നൽകുന്നതിനൊപ്പം വിസാ നടപടികൾ ‘കടലാസ് വിമുക്ത’മാകുമെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് ഡോ. ഫരീദ ചൂണ്ടിക്കാട്ടി. മെഡിക്കൽ സ്ക്രീനിങ് കേന്ദ്രങ്ങളിലെ തിരക്കും കുറയും. പരീക്ഷണാ൪ഥം കഴിഞ്ഞ വ൪ഷം തുടങ്ങിയ പുതിയ സംവിധാനം ഈ വ൪ഷം തന്നെ നടപ്പാക്കും. മൂന്ന് ദിവസം കൊണ്ട് ടി.ബി. പരിശോധന പൂ൪ത്തിയാക്കുന്ന സംവിധാനവും ഈ വ൪ഷം നിലവിൽ വരും. ഇപ്പോൾ ആറ് ആഴ്ച വരെ ഇതിന് സമയം എടുക്കുന്നുണ്ട്. കഴിഞ്ഞ വ൪ഷം തലസ്ഥാന എമിറേറ്റിൽ പത്ത് ലക്ഷത്തോളം പേരെ റസിഡൻറ് വിസാ നടപടികളുടെ ഭാഗമായി മെഡിക്കൽ പരിശോധനക്ക് വിധേയരാക്കിയെന്ന് ഡോ. ഫരീദ പറഞ്ഞു. പുതിയ അപേക്ഷകരും പുതുക്കുന്നവരും ഇതിൽപ്പെടും. ഇതിൽ 160 എച്ച്.ഐ.വി ബാധിതരെയും 4,948 ക്ഷയരോഗികളെയും കണ്ടെത്തിയെന്നും അധികൃത൪ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.