തീവ്രാനുഭവങ്ങളുടെ കാഴ്ചയും അടയാളങ്ങളും

ദോഹ: പാരതന്ത്ര്യത്തിൻെറ വേദനകൾക്കിടയിലും ജീവിക്കാനായി നിശബ്ദമായ ചെറുത്തുനിൽപ്പ് നടത്തുന്നവരുടെ തീവ്രാനുഭവങ്ങൾ, ഇസ്രായേൽ അധിനിവേശത്തിൻെറ ദുരിതം നിഴൽപോലെ പിന്തുടരുന്ന ഫലസ്തീനികളുടെ സംഘ൪ഷപൂ൪ണമായ ജീവിതക്കാഴ്ചകൾ, സ്വാതന്ത്ര്യം സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ടവരുടെ സമരമുഖങ്ങൾ, അറബ്വസന്തം സൃഷ്ടിച്ച രാഷ്ട്രീയചലനങ്ങളുടെ സ൪ഗാത്മക ദൃശ്യങ്ങൾ...ഇതൊക്കെയായിരുന്നു അൽജസീറ അന്താരാഷ്ട്ര ഡോക്യുമെൻററി ചലച്ചിത്രമേളയുടെ രണ്ടാം ദിവസമായ ഇന്നലെ പ്രദ൪ശിപ്പിച്ച ചിത്രങ്ങളുടെ സവിശേഷതകൾ.
ചിത്രങ്ങളിൽ മിക്കവയുടെയും പ്രമേയങ്ങൾ അറബ് വസന്തത്തിൻെറ സാമൂഹിക പ്രത്യാഘാതങ്ങളെയോ അധoനിവിഷ്ട ഫലസ്തീൻെറ ജീവിതത്തേയോ ചില രാജ്യങ്ങളിൽ ഉയ൪ന്നുവരുന്ന സ്വാk
തന്ത്ര്യ മുന്നേറ്റങ്ങളെയോ സ൪ഗാത്മകമായി അടയാളപ്പെടുത്തുന്നവയായിരുന്നു. അറബ്വസന്ത വിപ്ളവങ്ങളെ യുവതലമുറ എങ്ങനെ സമീപിക്കുന്നുവെന്നതും യുദ്ധമുഖങ്ങളിൽ മാധ്യമപ്രവ൪ത്തക൪ അഭിമുഖീകരിക്കേണ്ടിവരുന്ന പരീക്ഷണങ്ങളും ഭീഷണികളും പ്രമേയമാക്കിയ ചിത്രങ്ങളുമുണ്ടായിരുന്നു. കെയ്റോ തെരുവുകളിൽ ജനാധിപത്യപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കെ ഈജിപ്ഷ്യൻ സാമൂഹിക ജീവിതത്തിൻെറ വിവിധ മുഖങ്ങളെ ട്വിറ്ററിലൂടെയും ഫെയ്സ്ബുക്ക് പേജുകളിലൂടെയും എസ്.എം.എസ് സന്ദേശങ്ങളിലൂടെയും പുറംലോകത്തെത്തിക്കുന്ന ഹിബ അഫീഫി എന്ന 22 കാരിയുടെ കഥയാണ് മായി ഇസ്കന്ത൪ സംവിധാനം ചെയ്ത ‘വേ൪ഡ്സ് ഓഫ് വിറ്റ്നസ്’ പറയുന്നത്. അറബ് അമേരിക്കൻ സംവിധായികയായ മായി ഇസ്കന്തറുടെ ‘ഗാ൪ബേജ്’ എന്ന ഡോക്യുമെൻററി 26 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മുഹ്സിൽ ഇസ്ലാം സാദിഹ് സംവിധാനം ചെയ്ത ഇറാനിയൻ ചിത്രമായ ‘അബൂസലീം ജയിലിൻെറ നിഗൂഢതകൾ’ ഗദ്ദാഫി ഭരണത്തിന് കീഴിൽ 42 വ൪ഷം അബൂസലിം ജയിലിൽ നടന്ന ഞെട്ടിപ്പിക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ വരച്ചുകാട്ടുന്നു.
പ്രസിഡൻറ് അലി അബ്ദുല്ല സാലിഹിനെ സ്ഥാനഭ്രഷ്ടനാക്കിയ വിപ്ളവത്തിനിടെ വേ൪പെട്ടുപോയ ഒരു പിതാവിൻെറയും മകൻെറയും കഥയിലൂടെ പുതിയ യെമൻെറ രാഷ്ട്രീയ യാഥാ൪ഥ്യങ്ങളെ അടയാളപ്പെടുത്തുന്ന ‘ദി പ്രസിഡൻറ് മാൻ ആൻറ് ഹിസ് റെവലൂഷനറി സൺ’ എന്ന ചിത്രവും (സംവിധാനം: ക്രിസ്റ്റീൻ ഗരാബിദിയൻ) പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
ഇന്ത്യയിൽ നിന്നുള്ള ‘വൈറ്റ് നൈറ്റ്’ (സംവിധാനം: ആ൪തി ശ്രീവാസ്തവ) ഇന്ന് വൈകിട്ട് 4.30നും ‘ഇൻശാ അല്ലാ കശ്മീ൪’ (സംവിധാനം: അശ്വിൻകുമാ൪) വൈകിട്ട് ആറിനും ഷെറാട്ടണലിലെ സൽവ 3 ഹാളിൽ പ്രദ൪ശിപ്പിക്കും. നാല് ദിവസത്തെ മേള നാളെ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.