റിയാദിലും ജുബൈലിലും ഖോബാറിലും നേരിയ ഭൂചലനം

റിയാദ്: ഗൾഫ് മേഖലയെ ഒന്നാകെ ആശങ്കയിലാഴ്ത്തിയ ഭൂചലനം റിയാദിലും പരിഭ്രാന്തി സൃഷ്ടിച്ചു. ഉച്ച തിരിഞ്ഞ് രണ്ടോടടുത്തുണ്ടായ ഭൂചലനം നഗരത്തിലെ ഉലയ്യ ഭാഗത്ത് കിങ് ഫഹദ് ഹൈവേയോടു ചേ൪ന്നുള്ള ചില ബഹുനിലകെട്ടിടങ്ങളിൽ അനുഭവപ്പെട്ടതോടെ ജനം പരിഭ്രാന്തിയിലായി. ചില കൂറ്റൻ കെട്ടിടങ്ങളിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കി. ബഹുനില കെട്ടിടങ്ങളിലെ മുകൾനിലയിലെ ഓഫിസുകളിൽ ജോലിചെയ്യുന്നവ൪ക്ക് അപ്രതീക്ഷിതമായി നേരിയ വിറയൽ അനുഭവപ്പെട്ടു.
ജോലിക്കിടെ തലകറക്കം പോലെ അനുഭവപ്പെട്ടെന്നും പിന്നീട് കെട്ടിടത്തിൻെറ മുകൾ നിലയിലുള്ള മുഴുവൻ പേരും കൂട്ടത്തോടെ പുറത്തേക്ക് ഓടുന്നതാണ് കണ്ടതെന്നും ഉലയ്യ മുറൂജ് ടവറിൽ ജോലിചെയ്യുന്ന തൃശൂ൪ സ്വദേശി റനീഷ് മുഹമ്മദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏപ്രിൽ ഒൻപതിനുണ്ടായ ഭൂചലനം കിഴക്കൻ പ്രവിശ്യയിൽ മാത്രമായിരുന്നു നേരിയ പ്രകമ്പനം സൃഷ്ടിച്ചതെങ്കിൽ ചൊവ്വാഴ്ച വീണ്ടും ഉണ്ടായ ചലനം റിയാദിലും പരിസരങ്ങളിലും ഇളക്കമുണ്ടാക്കി. ഇറാനിലെ ഭൂചലനം സൗദിയുടെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടതായി സൗദി ജിയോളജിക്കൽ വിഭാഗം മാധ്യമ വക്തമാവ് താരിഖ് അബുൽഖൈൽ സ്ഥിരീകരിച്ചു.  അതേസമയം പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കി. റിയാദിന് പുറമെ ദമ്മാം, ജുബൈൽ, അൽഖസീം പ്രവിശ്യകളിലും നേരിയ ചലനങ്ങൾ അനുഭവപ്പെട്ടു. ഖോബാറിലും ജുബൈലിലും കഴിഞ്ഞ തവണത്തേതിനേക്കാൾ വിറയൽ തോന്നിയതായി പ്രദേശവാസികൾ പറഞ്ഞു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.