ദുബൈ: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കളുടെ സംഘം വ്യാഴാഴ്ച യു.എ.ഇയിലെത്തും. മുഖ്യമന്ത്രിക്ക് പുറമെ കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എന്നിവ൪ ദുബൈയിലാണ് എത്തുക. കേന്ദ്രമന്ത്രി ശശി തരൂ൪, പാലോട് രവി എം.എൽ.എ തുടങ്ങിയവ൪ അബൂദബിയിലുണ്ടാകും. വ്യാഴാഴ്ച അബൂദബി ഐ.എസ്.സിയിൽ ആരംഭിക്കുന്ന മൂന്നാമത് ഒ.ഐ.സി.സി ഗ്ളോബൽ മീറ്റിൽ പങ്കെടുക്കാനാണ് ഉമ്മൻചാണ്ടിയും മറ്റു കോൺഗ്രസ് നേതാക്കളും വരുന്നത്. സ്മാ൪ട് സിറ്റി അധികൃതരുമായുള്ള ച൪ച്ചയാണ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പ്രധാന പരിപാടി. ഗ്ളോബൽ മീറ്റിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
വ്യാഴാഴ്ച രാവിലെ 11ന് സ്മാ൪ട്ട് സിറ്റി ഡയറക്ട൪ ബോ൪ഡ് യോഗത്തിൽ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുക്കും. ഇത്തവണ മുഖ്യമന്ത്രിയായ ശേഷം ഉമ്മൻചാണ്ടിയുടെ ആദ്യ യു.എ.ഇ സന്ദ൪ശനമാണിത്. ബുധനാഴ്ച രാത്രി ഒമ്പതിനാണ് അദ്ദേഹം എത്തുകയെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇത് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴിനാണ് എത്തുക. കെ.പി.സി.സി അധ്യക്ഷൻ രമേശ് ചെന്നിത്തലയും പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫും കൂടെയുണ്ടാകും.
കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാ൪ രവി, വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാൽ, മന്ത്രി എ.പി. അനിൽകുമാ൪, കെ.പി.സി.സി വൈസ് പ്രസിഡൻറ് എം.എം. ഹസൻ, എ.ഐ.സി.സി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ, എം.ഐ. ഷാനവാസ് എം.പി, വി.ഡി. സതീശൻ, മഹിള കോൺഗ്രസ് പ്രസിഡൻറ് ബിന്ദു കൃഷ്ണ തുടങ്ങിയവരും ത്രിദിന ഒ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.