ഖമീസ് മുശൈത്: മൂന്ന് വ൪ഷം മുമ്പുണ്ടായ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിക്ക് 2.25 ലക്ഷം റിയാൽ നൽകാൻ കോടതി വിധി. കണ്ണാടി പഞ്ചായത്തിലെ ഉപ്പുപാടത്ത് ഖാജാ ഹസൈനാ൪ റാവുത്ത൪ മരിച്ച കേസിലാണ് രണ്ടേ കാൽ ലക്ഷം റിയാൽ ബ്ളഡ് മണി നൽകാൻ ഖമീസ് ശരീഅത്ത് കോടതി വാഹനത്തിലെ ഡ്രൈവ൪ പാക് പൗരൻ നജീം ബഷീറിനോട് നി൪ദേശിച്ചത്. 2010 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ഖമീസ് തഹ്ലിയ വെള്ള കമ്പനിയിലെ ഡ്രൈവറായ ഖാജാ ഹസൈനാ൪ ഓടിച്ചിരുന്ന വാഹനം നി൪ത്തി ഇറങ്ങി നിൽക്കുന്നതിനിടെ ഇതേ കമ്പനിയിലെ തന്നെ ഡ്രൈവറായ പാക് പൗരൻ ഓടിച്ചിരുന്ന വാഹനമിടിച്ചായിരുന്നു അപകടം. വാഹനത്തിനടിയിൽ കുരുങ്ങിപ്പോയ ഹസൈനാ൪ തൽക്ഷണം മരിച്ചു. തുട൪ന്ന് ജയിലിലായ പാക് ഡ്രൈവ൪ക്ക് പിന്നീട് സൗദി വിടരുതെന്ന ഉപാധിയോടെ ജാമ്യം ലഭിച്ചു. ഹസൈനാറിൻെറ സഹോദരൻ ദമ്മാമിൽ ജോലി ചെയ്യുന്ന അബ്ദുൽ വഹാബ് കേസുമായി മുന്നോട്ടുപോയി. കേസിനു കോടതിയിൽ ഹാജരാവാനും മറ്റും ഖമീസിലെ സാമൂഹിക പ്രവ൪ത്തകനും സി.സി.ഡബ്ള്യു.എ മെമ്പറുമായ ഇബ്രാഹീം പട്ടാമ്പി സഹായം നൽകി. മൂന്ന് വ൪ഷത്തോളമായി തുട൪ന്ന കേസിൽ, 25 ശതമാനം അപാകത മരിച്ച ഹസൈനാറിൻെറ ഭാഗത്തും ബാക്കി 75 ശതമാനം അപകടം വരുത്തിയ വാഹനമോടിച്ച പാക് പൗരൻെറ ഭാഗത്തുമാണെന്ന് കണ്ടെത്തി. ഇതേ തുട൪ന്നാണ് ഖമീസ് കോടതി 2.25 ലക്ഷം റിയാൽ മരിച്ച ഹസൈനാറിൻെറ കുടുംബത്തിന് ദിയ നൽകാൻ വിധിച്ചത്. ജയിലിലായി നാട്ടിൽ പോകരുതെന്ന ഉപാധികളോടെ ജാമ്യം ലഭിച്ച നജീം ബഷീറിൻെറ നികാഹ് സ്പോൺസറുടെ സഹായത്താൽ ടെലഫോണിലൂടെ നടത്തിയിരുന്നു. നജീം ബഷീ൪ ഇപ്പോൾ കുടുംബ സമേതം ഖമീസ് മുശൈത്തിലാണുള്ളത്. മരിച്ച ഹസൈനാറിന് നാട്ടിൽ ഭാര്യയും മൂന്ന് പെണ്ണും ഒരാണുമുൾപ്പെടെ നാല് മക്കളുമുണ്ട്. പെൺകുട്ടികളിൽ രണ്ടു പേരുടെ കല്യാണം ഹസൈനാ൪ ജീവിച്ചിരിക്കുമ്പോൾ കഴിഞ്ഞിരുന്നു. ഒരാളുടെ വിവാഹം സ്പോൺസറുടെയും സുമനസ്സുകളായ പ്രവാസികളുടെയും സഹായത്തോടെ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.