നിയമവിധേയമല്ലാത്തവരെ റിക്രൂട്ടിങ് കമ്പനികളിലേക്ക് മാറ്റാന്‍ ആലോചന

റിയാദ്: സൗദിയിൽ നിയമവിധേയമല്ലാതെ കഴിയുന്ന വിദേശി തൊഴിലാളികളെ പുതിയ റിക്രൂട്ടിങ് കമ്പനികളിലേക്ക് മാറ്റാൻ തൊഴിൽ മന്ത്രാലയം ആലോചിക്കുന്നു. സൗദി തൊഴിൽവിപണിയിൽ പരിശീലനം നേടിയവരും എന്നാൽ വിവിധ കാരണത്താൽ നിയമപരമായ പ്രയാസം നേരിടുന്നവരുമായ വിദേശി തൊഴിലാളികളെ മന്ത്രാലയം പുതുതായി അംഗീകാരം നൽകിയ 14 ഭീമൻ റിക്രൂട്ടിങ് കമ്പനികളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നത്.
സ്പോൺസ൪ഷിപ്പ്, പ്രഫഷൻ, ഇഖാമ പ്രശ്നങ്ങളിൽ പെട്ട് പ്രയാസപ്പെടുന്നവ൪ സൗദി വിട്ടുപോകുന്നതിന് പകരം ഇത്തരം തൊഴിലാളികളുടെ തൊഴിൽ പരിചയം സൗദി വിപണിക്ക് അനുകൂലമായി ഉപയോഗിക്കാനാവുമെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. റിക്രൂട്ടിങ് കമ്പനിയുടെ കീഴിലേക്ക് മാറ്റുന്നതോടെ തൊഴിൽ വിപണിയുടെ ആവശ്യത്തിനനുസരിച്ച് ഈ തൊഴിലാളികളെ രാജ്യത്തെ വ്യക്തികൾക്കും കമ്പനികൾക്കും ആവശ്യാനുസരണം വിതരണം ചെയ്യാനും കമ്പനിക്ക് സാധിക്കും.
പുതുതായി അംഗീകാരം ലഭിച്ച റിക്രൂട്ടിങ് കമ്പനി അധികൃതരിൽ ചിലരാണ് ഈ ചിന്ത തൊഴിൽമന്ത്രാലയത്തിനു മുന്നിൽ അവതരിപ്പിച്ചത്. വിദേശത്തുനിന്ന് അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പകരം സൗദിയിൽ കഴിയുന്ന നിയമവിരുദ്ധരെ കമ്പനിക്ക് കീഴിലേക്ക് മാറ്റിയാൽ അവരുടെ മുൻപരിചയം തൊഴിൽ വിപണിക്ക് ഉപകാരപ്പെടുമെന്നാണ് റിക്രൂട്ടിങ് കമ്പനി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിട്ടുള്ളത്. തൊഴിൽ വിപണി നിയമവിധേയമാക്കാൻ ഏറ്റവും വേഗത്തിലുള്ളതും പ്രായോഗികവുമായ രീതി നിയമവിരുദ്ധരെ റിക്രൂട്ടിങ് കമ്പനികളിലേക്ക് മാറ്റലായിരിക്കുമെന്ന് റിയാദ് ചേമ്പറിലെ അഹ്മദ് അൽക൪ദീസ് അഭിപ്രായപ്പെട്ടു. മറിച്ച് പരിശോധന ക൪ശനമാക്കി നിയമവിരുദ്ധരെ പൂ൪ണമായും നാടുകടത്തുന്ന സമീപനം തൊഴിൽ, സാമ്പത്തിക, ഉൽപാദന മേഖലക്ക് പ്രയാസം സൃഷ്ടിക്കുമെന്നും അൽക൪ദീസ് കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.