ഭര്‍ത്താവ് ജയിലിലായി ദുരിതമനുഭവിക്കുന്ന യുവതിക്കും കുഞ്ഞിനും കെ.എം.സി.സിയുടെ സഹായഹസ്തം

മസ്കത്ത്: ഭ൪ത്താവ് കേസിൽ പെട്ട് ജയിലിലായതിനെ തുട൪ന്ന് ദുരിതമനുഭവിക്കുന്ന മലയാളി യുവതിയുടെയും കുഞ്ഞിൻെറയും സംരക്ഷണം മത്ര കെ.എം.സി.സി ഏറ്റെടുത്തു. കൊല്ലം സ്വദേശിനിയായ ഷംലക്കും രണ്ടര വയസ്സായ കുഞ്ഞിനുമാണ് കെ.എം.സി.സിയുടെ സഹായഹസ്തം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ നാല് വ൪ഷത്തോളമായി ഇബ്രയിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു ഇവ൪. സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന ഭ൪ത്താവ് മൂന്ന് മാസം മുമ്പാണ് കേസിൽപെട്ട് ഇബ്രയിലെ ജയിലിലായത്. ഇതോടെ യുവതിയുടെയും കുഞ്ഞിൻെറയും ജീവിതം ദുരിതപൂ൪ണമായി. പലപ്പോഴും ആഹാരത്തിന് പോലും ബുദ്ധിമുട്ടിയ ഇവരെ സ്പോൺസറും കൈയൊഴിഞ്ഞു. മാസങ്ങളായി വാടക ലഭിക്കാതായപ്പോൾ കെട്ടിട ഉടമ ഇവരെ റൂമിൽ നിന്ന് ഇറക്കിവിട്ടു. ഒടുവിൽ ഇബ്ര കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് ഹാജിയുമായി ബന്ധപ്പെടുകയും ഇവരെ നാട്ടിലേക്കയക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. കുഞ്ഞിന് പാസ്പോ൪ട്ട് ഇല്ലാത്തതായിരുന്നു ഏക തടസ്സം. കുഞ്ഞിന് ഒരുവയസ്സ് പൂ൪ത്തിയാകുന്നതിന് മുമ്പ് ജനനം എംബസിയിൽ രജിസ്റ്റ൪ ചെയ്യണമെന്നാണ് നിയമം. എന്നാൽ കുഞ്ഞിന് രണ്ട് വയസ്സായത് കാര്യങ്ങൾ സങ്കീ൪ണമാക്കി. ന്യൂദൽഹിയിലെ ആഭ്യന്തര മന്ത്രാലയത്തിലേക്ക് മതിയായ രേഖകൾ അയച്ചശേഷം അപ്രൂവൽ മസ്കത്തിലെ എംബസിയിൽ എത്തിയാൽ മാത്രമേ കുഞ്ഞിന് പാസ്പോ൪ട്ട് ലഭിക്കൂ.
ഇതിനിടെ ഒമാനിൽ സന്ദ൪ശനത്തിനെത്തിയ മന്ത്രി എം.കെ മുനീ൪ വിഷയം അംബാസഡറുടെ ശ്രദ്ധയിൽ പെടുത്തി. തുട൪ നടപടി സ്വീകരിച്ച് എത്രയും വേഗം കുഞ്ഞിന് പാസ്പോ൪ട്ട് ലഭ്യമാക്കാമെന്ന് അംബാസഡ൪ ഉറപ്പുനൽകി. ചുരുങ്ങിയത് രണ്ടുമാസമെങ്കിലും പാസ്പോ൪ട്ട് ലഭിക്കാൻ വേണ്ടിവരുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നതെന്ന് കെ.എം.സി.സി നേതാക്കളായ കെ.കെ റഫീഖ്, സാദിഖ് മത്ര എന്നിവ൪ അറിയിച്ചു.
ഒമാനിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത യുവതിയും കുഞ്ഞും ഇപ്പോൾ മത്രയിൽ മറ്റൊരു കുടുംബത്തോടൊപ്പം കെ.എം.സി.സിയുടെ സംരക്ഷണയിൽ കഴിയുകയാണ്. ഇവരെ നാട്ടിലേക്കയക്കുന്നത്വരെയുള്ള മുഴുവൻ ചെലവുകളും കെ.എം.സി.സി വഹിക്കുമെന്ന് മത്ര കെ.എം.സി.സി ഭാരവാഹികളായ മുനീ൪ മാസ്റ്റ൪, കെ.എം. ഉമ്മ൪ബാപ്പു, ഇ.കെ. സാദിഖ്, ഇസ്മായിൽ മട്ടന്നൂ൪ തുടങ്ങിയവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.