ആലപ്പുഴ: നഗരസഭയിലെ സമ്പൂ൪ണ ശുചിത്വ വാ൪ഡുകളുടെ പ്രഖ്യാപനം ഏപ്രിൽ 23ന് നഗരചത്വരത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നടത്തും. നഗരസഭയിലെ 12ഓളം വാ൪ഡുകളാണ് സമ്പൂ൪ണ ശുചിത്വ വാ൪ഡുകളായി പ്രഖ്യാപിക്കുക. തോമസ് ഐസക് എം.എൽ.എ, നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ എന്നിവ൪ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. ജൈവമാലിന്യ സംസ്കരണം അതത് വാ൪ഡുകളിൽ തന്നെ നി൪വഹിക്കുക, പ്ളാസ്റ്റിക് മാലിന്യം വേ൪തിരിച്ച് നൽകുക, റോഡരികിലെ ചപ്പുചവറുകൾ നീക്കം ചെയ്യുക എന്നീ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കുന്ന വാ൪ഡുകളെയാണ് ശുചിത്വ വാ൪ഡുകളായി പ്രഖ്യാപിക്കുക. ഇതിൻെറ ഭാഗമായി ഓരോ വാ൪ഡിലും 100 വീടുകളിൽ ബയോഗ്യാസ് പ്ളാൻറും 300 വീടുകളിൽ പൈപ്പ് കമ്പോസ്റ്റും നാല് കേന്ദ്രങ്ങളിൽ എയറോബിക് കമ്പോസ്റ്റിങ് സംവിധാനവും ഏ൪പ്പെടുത്തും. എയറോബിക് കമ്പോസ്റ്റിങ് കേന്ദ്രങ്ങളിൽ പ്ളാസ്റ്റിക്കും ജൈവമാലിന്യവും വേ൪തിരിക്കേണ്ടത് പരിശോധിക്കാനും ബോധ്യപ്പെടുത്താനും 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കും. ഏപ്രിൽ 10 മുതൽ 22വരെ 12 വാ൪ഡുകളിലും കലാജാഥ നടത്തും. ഒരു വാ൪ഡിൽ ദിവസം മൂന്ന് കേന്ദ്രങ്ങളിലാണ് ജാഥ എത്തുക. 22ന് വാ൪ഡുകളിൽ പൊതുശുചീകരണം നടത്തും. ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കാത്ത ഹോട്ടലുകൾക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയ൪പേഴ്സൺ പറഞ്ഞു. ഹോട്ടലുകൾ ബയോ ഗ്യാസ് പ്ളാൻറ് നി൪മിച്ച് മാലിന്യം സംസ്കരിക്കണമെന്ന നി൪ദേശം നൽകിയിരുന്നു. ഹോട്ടലിനോട് അനുബന്ധിച്ച് പ്ളാൻറിന് സൗകര്യമില്ലാത്തവ൪ വീടുകളിൽ പ്ളാൻറ് സ്ഥാപിച്ച് മാലിന്യം സംസ്കരിക്കണമെന്നായിരുന്നു നി൪ദേശം. ഇതിന് സമയ പരിധിയും കൊടുത്തിരുന്നു. മിക്ക ഹോട്ടലുകളും ഈ നി൪ദേശം പാലിച്ചിട്ടുണ്ട്. എന്നാൽ, പാലിക്കാത്ത ഹോട്ടലുകൾ അടച്ചുപൂട്ടുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ചെയ൪പേഴ്സൺ പറഞ്ഞു. ടൂറിസ്റ്റുകൾക്ക് ഹോം സ്റ്റേ സൗകര്യം ഒരുക്കുന്ന കേന്ദ്രങ്ങൾക്കും ഈ നിയമം ബാധകമാണെന്നും ചെയ൪പേഴ്സൺ വ്യക്തമാക്കി. വാ൪ത്താ സമ്മേളനത്തിൽ നഗരസഭ വൈസ് ചെയ൪മാൻ ബി. അൻസാരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ എം.ജി. സതീദേവി, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ വി.ജി. വിഷ്ണു എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.