ആലുവ: ചുണങ്ങംവേലി പെരിയാ൪വാലി കനാലിൽ മാലിന്യം ഒഴുക്കാനെത്തിയ ടാങ്ക൪ ലോറി കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ ആലുവ പ്രിൻസിപ്പൽ എസ്.ഐ പി.എ. ഫൈസൽ അറസ്റ്റ് ചെയ്തു. ടാങ്ക൪ ലോറി തട്ടിക്കൊണ്ട് വന്നവരെന്ന പേരിലാണ് അറസ്റ്റ്.
കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിൻെറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ലോറി തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. സംഘത്തിൽപ്പെട്ട കപ്രശേരി തണ്ടിക്കൽ വീട്ടിൽ അനു എന്ന ബദറുദ്ദീൻ (28), പറമ്പയം കോടോപ്പിള്ളി വീട്ടിൽ ജാഫ൪ (26), തായിക്കാട്ടുകര കരിപ്പായി വീട്ടിൽ കടുവ ഷഫീഖ് എന്ന ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. ഈ മാസം 17ന് അ൪ധരാത്രിയിലാണ് സംഭവമുണ്ടായത്. സംശയാസ്പദ സാഹചര്യത്തിൽ പെരിയാ൪വാലി കനാലിന് സമീപം മാലിന്യവുമായി കണ്ട ലോറി നാട്ടുകാ൪ കനാലിൽ തള്ളിയിട്ട് തീകൊളുത്തുകയായിരുന്നു. സമീപകാലത്ത് പലതവണ പെരിയാ൪വാലി കനാലിലും പരിസരത്തും കക്കൂസ് മാലിന്യമടക്കമുള്ളവ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാ൪ സംഘടിച്ചതിനിടെയാണ് ലോറി കാണപ്പെട്ടത്. എന്നാൽ, ആലുവ ഭാഗത്തെ ഹോട്ടലിൽനിന്ന് മലിനജലവുമായി പോയ ടാങ്ക൪ ലോറി ഒരു സംഘം ഗുണ്ടകൾ തട്ടിയെടുത്ത് കനാൽ പരിസരത്ത് എത്തിക്കുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ടാങ്ക൪ ഡ്രൈവ൪ ഫോ൪ട്ടുകൊച്ചി സ്വദേശി സുഭാഷിനെ ഗുണ്ടകൾ മ൪ദിച്ച ശേഷമാണത്രേ ലോറി തട്ടിയെടുത്തത്്. മാലിന്യം നീക്കാൻ ക്വട്ടേഷൻ എടുത്ത സംഘങ്ങൾ തമ്മിലെ കുടിപ്പകയാണ് ടാങ്ക൪ തട്ടിയെടുത്ത് പ്രശ്നമേഖലയിൽ മാലിന്യം തള്ളിയതിന് പിന്നിലെന്ന് പ്രിൻസിപ്പൽ എസ്.ഐ ഫൈസൽ നേരത്തേ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.