കുമളി: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ജീവനക്കാരൻ വൈദ്യുതാഘാതമേറ്റ് മരിക്കാനിടയായ സംഭവത്തിൽ രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുമളി സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥ൪ക്കെതിരെയും വൈകാതെ നടപടിയുണ്ടാകുമെന്നാണ് വിവരം.
കുമളി സെക്ഷനിലെ ഓവ൪സിയ൪ എൻ.ഡി. ബെന്നി, ലൈൻമാൻ ബിനോയി മാത്യു എന്നിവരാണ് സസ്പെൻഷനിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 6.15ഓടെയാണ് വ൪ക്കറായ മൂലമറ്റം സ്വദേശി ഷാജിമോൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ആനവിലാസം വള്ളിയാന്തടത്തിൽ സ്വകാര്യ ഏലത്തോട്ടത്തിൽ ലൈൻ കമ്പികൾ മാറ്റി സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. കാര്യമായ തകരാറുകൾ ഇല്ലാതിരുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിച്ചതിന് പിന്നിലുള്ള ജീവനക്കാരുടെ താൽപ്പര്യം സംബന്ധിച്ചും സംശയം ഉയ൪ന്നിട്ടുണ്ട്.
വൈകുന്നേരം അഞ്ചോടെ വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി പൂ൪ത്തിയാക്കണമെന്ന് നി൪ദേശം നിലനിൽക്കവെയാണ് ജീവനക്കാരിൽ ചില൪ അമിത താൽപ്പര്യം കാട്ടി സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ വൈദ്യുതി ലൈനിൽ സമയം വൈകിയും പണി നടത്തിയത്.
ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ജീവനക്കാരനായ ഷാജിമോൻ ഇരിക്കുമ്പോഴാണ് ഒപ്പമുണ്ടായിരുന്നവ൪ ഇത് ശ്രദ്ധിക്കാതെ വൈദ്യുതി ലൈൻ ചാ൪ജ് ചെയ്തതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയവ൪ ഒപ്പം ഉണ്ടെന്ന് ഉറപ്പാക്കുകയോ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ അവസരം ഉണ്ടായിട്ടും ഇതിന് തയാറാകാതെ ലൈൻ ചാ൪ജ് ചെയ്തത് വലിയ വീഴ്ചക്കാണ് വഴിയൊരുക്കിയത്. ഷോക്കേറ്റ് ലൈൻ കമ്പനിയിൽ മരിച്ച് കുടുങ്ങിക്കിടന്ന ഷാജിമോനെ വീണ്ടും ലൈൻ ഓഫാക്കിയാണ് താഴെ ഇറക്കിയതെന്ന് നാട്ടുകാ൪ പറയുന്നു.
ഇതിനിടെ ഒരു വ൪ഷത്തിലധികമായി അസി. എൻജിനീയറുടെ കസേര ഒഴിഞ്ഞുകിടക്കുന്ന കുമളി ഓഫിസിൻെറ പ്രവ൪ത്തനം സംബന്ധിച്ചും നിരവധി പരാതികൾ ഉയ൪ന്നിട്ടുണ്ട്. പത്തോളം ഹൈടെൻഷൻ വൈദ്യുതി കണക്ഷനുകളുള്ള കുമളി സെക്ഷനിൽ ഇവയുടെ റീഡിങ് ശേഖരിക്കാൻ ചുമതലയുള്ള അസി.എൻജിനീയറുടെ കസേര ഒരു വ൪ഷത്തിലധികമായി ഒഴിഞ്ഞുകിടന്നിട്ടും നടപടി ഉണ്ടാകാത്തത് ചിലരുടെ ഇടപെടലുകൾ മൂലമാണെന്ന് ആക്ഷേപം ശക്തമാണ്.
വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കുമളി ഉൾപ്പെടെ പ്രദേശങ്ങളിലായി 12 ഓളം ട്രാൻസ്ഫോ൪മറുകളും പതിനായിരത്തിലധിം ഉപഭോക്താക്കളുമാണ് കുമളി സെക്ഷനിലുള്ളത്. വൻകിട ഹോട്ടലുകളും റിസോ൪ട്ടുകളും മറ്റ് നിരവധി സ്ഥാപനങ്ങളുമുള്ള കുമളി സെക്ഷനിൽ നടക്കുന്ന വിവിധ ജോലികളിൽ പലവിധത്തിലുള്ള ക്രമക്കേടുകൾ തുടരുന്നതായി നേരത്തേ തന്നെ ആക്ഷേപം ഉയ൪ന്നിരുന്നു. അറ്റകുറ്റപ്പണിയുടെയും മറ്റ് ഇടപാടുകളുടെ ഭാഗമായി ലഭിക്കുന്ന വൻവരുമാനത്തിനെ തുട൪ന്ന് വ൪ഷങ്ങളായി കുമളി ഓഫിസ് വിട്ടുപോകാൻ തയാറാകാതെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കുമളി ഓഫിസിൽ തുടരുന്ന ചിലരുടെ അനാസ്ഥയും ജീവനക്കാരൻ മരിക്കാനിടയായ സംഭവത്തിലുണ്ടെന്ന് പ്രാഥമികാന്വേഷണത്തതിൽ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ കുറ്റക്കാരും ക്രമക്കേടിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന ചില൪ക്കെതിരെ വരും ദിവസങ്ങളിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് സംഭവം സംബന്ധിച്ച് അന്വേഷിച്ചവ൪ വ്യക്തമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.