നഗരഗ്രാമങ്ങള്‍... ഉടല്‍ ആത്മാക്കള്‍ പുതിയ കവിതയുടെ മുഖം

മലയാള കവിതയിൽ 90കളിൽ പിറവിയെടുത്ത ആധുനികാനന്തര ഭാവുകത്വത്തിലും ബ്ളോഗെഴുത്തിലും സജീവമായ സുധീഷ് കോട്ടേമ്പ്രത്തിൻെറ 50 കവിതകളുടെ സമാഹാരമാണ് ‘ശരീരസമേതം മറൈൻ ഡ്രൈവിൽ.’ അനായാസതയും അനാ൪ഭാടതയും ക്ഷിപ്രസാധ്യമായ ലാളിത്യവും പൊതുമുദ്രയായ പുതു കവിതാസരണിയിലാണ് സുധീഷ് എഴുതുന്നതെങ്കിലും പ്രതിപാദനത്തിൻെറ ആത്മാ൪ഥതകൊണ്ടും കാലത്തോട് ജാഗ്രത പുല൪ത്തുന്ന സെൻസിറ്റിവിറ്റികൊണ്ടും ഇവ വായനക്കാരെ സ്പ൪ശിക്കുന്നു. ചിത്രകാരൻ കൂടിയായ കവിയുടെ ആവിഷ്കാരങ്ങൾ പുതുമയാ൪ന്ന ശിൽപരൂപങ്ങളിലേക്ക് പ്രവേശിക്കുന്നതും കാണാം.
നാട്ടോ൪മ, അപരം, ഉടൽനഗരം എന്നിങ്ങനെ ഇതിലെ കവിതകളെ മൂന്നായി തിരിച്ചിരിക്കുന്നു. നാട്ടോ൪മയിൽ താൻ ജനിച്ച ഗ്രാമത്തിലെ നാടൻമനുഷ്യരുടെ കാരിക്കേച്ചറുകളാണെങ്കിൽ ഉടൽനഗരത്തിൽ പട്ടണത്തിൽ ജീവിക്കുന്ന മനുഷ്യരുടെ അസ്തിത്വ വൈചിത്രങ്ങൾ വെളിവാകുന്നു. അപരം എന്ന വിഭാഗത്തിലാകട്ടെ ഒരു പ്രത്യേക പ്രതീകത്തെയോ ഒരു പ്രത്യേക സംജ്ഞയെയോ കേന്ദ്രീകരിച്ച് കവി പുതിയ പരീക്ഷണങ്ങൾ നടത്തുന്നു.
ഗ്രാമനഗരങ്ങൾ തമ്മിലും ശരീര ആത്മാക്കൾ തമ്മിലുമുള്ള സംവാദമാണ് ഈ കവിയുടെ കവിതകളുടെ ആശയപരവും സൗന്ദര്യപരവുമായ പരിസരം. ഗ്രാമത്തിൽനിന്ന് കൊച്ചുപട്ടണങ്ങളിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്ന സമകാലീന കേരളത്തെ ചിത്രകാരൻ കൂടിയായ കവി ലാൻഡ് സ്കെച്ചുകളും കാരിക്കേച്ചറുകളും അബ്സ്ട്രാക്ട് മ്യൂറലുകളുമൊക്കെയായി വരച്ചിടുന്നു.
ഗ്രാമത്തിൽ കാലം സാവകാശത്തിലും മന്ദഗതിയിലുമാണ്. ‘മൂരികളുടെ അപ്പനും എൻെറ മകളും’ എന്ന കവിതയിൽ ഓരോ ഋതുവിലും തൻെറ കലപ്പകൊണ്ട് മണ്ണിൽ ചിത്രവേല ചെയ്യുന്ന ക൪ഷകനെ കാണാം. നാട് പുരോഗമിച്ചപ്പോൾ വെയിൽ വിരിച്ചിട്ട പാടങ്ങളും വെളുത്ത മൂരികളും ഇല്ലാതായിക്കഴിഞ്ഞു. അപ്പനെയോ അപ്പൻെറ കലപ്പയെയോ കണ്ടിട്ടില്ലാത്ത കവിയുടെ മകൾ ചോദിക്കുന്നു: ‘അരിയുണ്ടാകുന്ന മരം ഏതാണമ്മേ?’. മറ്റൊരു കവിതയിൽ തൻെറ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെപ്പറ്റി കവിയോ൪ക്കുന്നു -‘കടം വാങ്ങിയ മലയാള പാഠാവലി മഴയിൽ കുതി൪ന്നുപോയി. ഗുണനപട്ടികക്ക് കശുവണ്ടി കൂട്ടിവെച്ചു. ചട്ടകൊണ്ട് ടി.വിയുണ്ടാക്കി കളിച്ചു. ആ കാലത്ത് അമ്മ വള൪ത്തിയ കോഴികളാണ് തങ്ങളെ മുട്ട തന്ന് പോറ്റിയത്. ഇന്ന് റോയൽ ബേക്കറിയിൽ ചിക്കൻ ഷവ൪മയുടെ മുന്നിലിരിക്കുമ്പോൾ ഒരു കോഴി ഉള്ളിൽ തൊള്ളതുറക്കുന്നു.
കഴിഞ്ഞ 30 വ൪ഷത്തിൽ മലയാളി ജീവിതത്തിനുണ്ടായ മാറ്റം ഈ കവിതകൾ വെളിവാക്കുന്നു. എന്നാൽ, പി. കുഞ്ഞിരാമൻ നായരും ഇടശ്ശേരിയും ചെയ്തതുപോലെ ഈ കവിതകൾ ഗ്രാമത്തെ ആദ൪ശവത്കരിക്കുന്നില്ല. എൻ.എൻ. കക്കാടും പാലൂരും ചെയ്തതുപോലെ നഗരത്തെ ഒരു രാക്ഷസനായി സങ്കൽപിക്കുന്നില്ല. നഗരത്തെ അയാൾ തൻെറ സ്വാഭാവിക ജീവിതപരിസരമായി സ്വീകരിക്കുന്നു. എം.ജി റോഡിലെ പാരഡൈസ് ഹോട്ടലിലും മറൈൻ ഡ്രൈവിലും ഒക്കെ അയാൾ കവിത കണ്ടെത്തുകയും നഗരത്തിൻെറ കാമനകളിൽ തൻെറ കാമനകളെ കൂട്ടിച്ചേ൪ക്കുകയും ചെയ്യുന്നു. ‘തീവണ്ടി ഒരു ഇൻസ്റ്റലേഷൻ ആ൪ട്ട്’, ‘ഒറ്റക്ക് പൊറോട്ട തിന്നുന്നവനെക്കുറിച്ച് ഒരു മെലോഡ്രാമ’ മുതലായ കവിതകളിൽ ലോകത്തെ ഒന്നാക്കുന്ന ആഗോളവത്കരണത്തിൻെറ സൈബ൪ സ്പേസും സൈബ൪ ടൈമും കവിതയുടെ രൂപനി൪മിതിയെ നി൪ണയിക്കുന്നു.
ഗ്രാമ-നഗരങ്ങൾ തമ്മിലുള്ള സംവാദത്തെപ്പോലെതന്നെ ഉടലും ആത്മാവും തമ്മിലുള്ള വിഭജനവും പാരമ്പര്യവും പല കവിതകളിലും കാണാം. പഴയ കാൽപനിക കവികൾ മനുഷ്യാത്മാവിനെയാണ് അഭിസംബോധന ചെയ്യുകയും പക൪ത്തുകയും ചെയ്തിരുന്നതെങ്കിൽ ആധുനികാനന്തരതയിൽ ‘ശരീരം’ ഒരു സൈദ്ധാന്തിക പരികൽപനയായി കടന്നുവരുന്നു. ‘ശരീരസമേതം മറൈൻ ഡ്രൈവിൽ’ എന്ന കവിതകൾ ‘കോ൪പറേഷൻെറ ഇരുമ്പുകസേരയിൽ മാംസളമാകുന്നു എൻെറ അമ്പതു കിലോ പ്രണയരാഹിത്യം’ എന്ന് കവി തന്നെ വിശേഷിപ്പിക്കുന്നു. പരകായം, അപരം മുതലായ കവിതകളിൽ മനുഷ്യശരീരം മുഖ്യവിഷയമായി കടന്നുവരുന്നു.
മറ്റൊരു കവിതയിൽ പറയുന്നു ‘കെട്ടിപ്പിടിക്കുമ്പോൾ അരുതാത്തത് ചെയ്യുകയല്ല, സ്വന്തം ശരീരത്തെ തുറക്കാനുള്ള താക്കോൽ പരതുകയാണ്.’ ഉത്തരാധുനിക ചിന്തകനായ മൈക്കൽ ഫൂത്തോ സാമ്രാജ്യത്വം സൂക്ഷ്മമായ അധികാരപ്രയോഗത്തിലൂടെ വ്യക്തികളെ എങ്ങനെയാണ് വരുതിയിൽ വരുത്തുന്നതെന്ന് വിശദമാക്കുന്നുണ്ട്. നഗരവത്കരണവും ആഗോളീകരണവും തന്നിലേൽപിക്കുന്ന സൂക്ഷ്മ അധികാരപ്രയോഗങ്ങളിൽനിന്ന് കുതറിമാറാനുള്ള ഒരു ഉപകരണമാണ് സുധീഷ് കോട്ടേമ്പ്രത്തിന് കവിത. അയാൾതന്നെ മുഖവുരയിൽ പറയുംപോലെ ‘അപരത്വത്തിലേക്ക് വളരുന്ന ഒരു ഉള്ള് അടിസ്ഥാനപരമായി കല തരുന്ന വിമോചനമാ൪ഗമാണ്. കാണായലോകത്തിൻെറ അപ്പുറത്തിലേക്കുള്ള ഒരു ചികയൽ. ഭാഷകൊണ്ട് വെളിപ്പെടാത്ത വിനിമയം’.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.