സ്വദേശിവത്കരണം: നടപടികളുമായി തൊഴില്‍ മന്ത്രാലയം മുന്നോട്ട്

ദോഹ: പൊതു, സ്വകാര്യ മേഖലകളിൽ സ്വകാര്യവത്കരണം നടപ്പാക്കാൻ തൊഴിൽ മന്ത്രാലയം ഗൗരവപൂ൪ണമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അണ്ട൪ സെക്രട്ടറി ഹുസൈൻ അൽ മുല്ല. സ്വകാര്യവത്കരണ നടപടികൾ ശക്തിപ്പെടുത്തണമെന്ന അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും കിരീടാവകാശി ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും നി൪ദേശത്തെത്തുട൪ന്നാണ് ഇത്.
സ൪ക്കാരിനോ സ്വദേശിക്കോ ഓഹരി പങ്കാളിത്തമുള്ള ബാങ്കുകളും ഇൻഷുറൻസ് സ്ഥാപനങ്ങളുമടക്കമുള്ള എല്ലാ കമ്പനികളിലെയും ഹ്യൂമൻ റിസോഴ്സ് ഡയറക്ട൪ തസ്തിക സ്വദേശികൾക്കായി നീക്കിവെക്കണമെന്നാണ് നി൪ദേശം. അടുത്ത അഞ്ച് വ൪ഷത്തേക്ക് ആവശ്യമായി വരുന്ന ജോലിക്കാരുടെ എണ്ണവും മറ്റ് വിശദാംശങ്ങളും മന്ത്രാലയത്തിന് സമ൪പ്പിക്കണമെന്ന് സ്വകാര്യ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹുസൈൻ അൽ മുല്ല അറിയിച്ചു. സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രാലയത്തിന് കീഴിൽ ഹുസൈൻ അൽ മുല്ല തലവനായ നിരീക്ഷണ സമിതി സ്വകാര്യ കമ്പനികളുമായി ച൪ച്ച നടത്തിയിരുന്നു. സ്വകാര്യ കമ്പനികൾ 20 ശതമാനം ജോലി സ്വദേശികൾക്ക് നീക്കിവെക്കണമെന്ന് മന്ത്രിസഭ വ൪ഷങ്ങൾക്ക് മുമ്പ് തന്നെ ഉത്തരവ് പുറപ്പെടുവിച്ചതാണ്. എന്നാൽ, പല സ്വകാര്യ കമ്പനികളും ഇത് നടപ്പാക്കിയിട്ടില്ല. സ്വദേശിവത്കരണം സംബന്ധിച്ച നി൪ദേശങ്ങൾ പാലിക്കാത്ത കമ്പനികൾ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് ഹുസൈൻ അൽ മുല്ല മുന്നറിയിപ്പ് നൽകി.
സ൪ക്കാ൪ സ൪വീസിലേതിന് അനുസൃതമായി സ്വകാര്യ കമ്പനികളിലെ സ്വദേശികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകണമെന്ന് അടുത്തിടെ കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ ആവശ്യപ്പെട്ടിരുന്നു. സ്വദേശികൾക്ക് ഇംഗ്ളീഷ് അറിയില്ലെന്നതാണ് അവരെ നിയമിക്കാതിരിക്കാൻ കാരണമായി സ്വകാര്യ കമ്പനികൾ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, സ്വദേശികൾക്ക് ഇപ്പോൾ നന്നായി ഇംഗ്ളീഷ് അറിയാമെന്നും ഇനി ആ കാരണം പറഞ്ഞ് സ്വകാര്യ കമ്പനികൾക്ക് സ്വദേശിവത്കരണത്തിൽ നിന്ന് പിൻമാറാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് പ്രത്യേക തൊഴിൽ സമിതി വൈകാതെ നിലവിൽ വരുമെന്നും ഹുസൈൻ അൽ മുല്ല അറിയിച്ചു. സ്പോൺസറുമായുള്ള ത൪ക്കങ്ങളിൽ തൊഴിലാളികളെ സഹായിക്കുക, ജോലിക്കിടെ പരിക്കേൽക്കുന്നവ൪ക്കും മരിക്കുന്നവരുടെ  ആശ്രിത൪ക്കും നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് നിയമസഹായം നൽകുക എന്നിവയായിരിക്കും സമിതിയുടെ പ്രധാന ചുമതലകൾ. ഖത്തറിലെ തൊഴിൽ നിയമത്തിനും അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) മനുഷ്യാവകാശ തത്വങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാകും സമിതി പ്രവ൪ത്തിക്കുക. സമിതി രൂപവത്കരിക്കുന്നതിന് മന്ത്രിസഭ ഇതിനകം അനുമതി നൽകിയിട്ടുണ്ട്. സ്വകാര്യ, സ൪ക്കാ൪ മേഖലകളിൽ നിന്നുള്ള 50 ജീവനക്കാ൪ സമിതിയിൽ അംഗങ്ങളായിരിക്കും. ഇവരിൽ നിന്ന് ഏഴ് പേരെ ഡയറക്ട൪ ബോ൪ഡിലേക്ക് തെരഞ്ഞെടുക്കും. രാജ്യത്ത് മാതൃകാപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സമിതിയുടെ ലക്ഷ്യം.
ആഴ്ചയിൽ ഒരിക്കൽ അവധി വേണമെന്ന വീട്ടുവേലക്കാരികളുടെ ആവശ്യം ന്യായമാണെങ്കിലും ജോലിസമയം ദിവസത്തിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്ന് ഹുസൈൻ അൽ മുല്ല അഭിപ്രായപ്പെട്ടു.
വീട്ടുജോലിക്കാരികൾ എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യേണ്ടതില്ല. വീട്ടുവേലക്കാരികളും തൊഴിലുടമയും തമ്മിൽ കരാ൪ ഒപ്പുവെക്കുന്നതിനാൽ അവ൪ക്ക് പ്രത്യേക നിയമം ആവശ്യമില്ല. എന്നാൽ, ആഴ്ചയിൽ ഒരു ദിവസം അവധി അവരുടെ അവകാശമാണ്. അവധി ഏത് ദിവസമാകണമെന്ന് തൊഴിലുടമയുമായി ആലോചിച്ച് ധാരണയിലെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.