കൊല്ലത്ത് മെഡിക്കല്‍ കോളജ് അനുവദിക്കും -മന്ത്രി ശിവകുമാര്‍

കൊല്ലം: ജില്ലയിൽ മെഡിക്കൽ കോളജ് അനുവദിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. വിക്ടോറിയ ആശുപത്രിയിലെ പുതിയ മാതൃചികിത്സാ ബ്ളോക്കിൻെറ ശിലാസ്ഥാപനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. പ്രധാന നഗരങ്ങളിലെ ജില്ലാ ആശുപത്രികൾ മെഡിക്കൽ കോളജുകളാക്കുന്ന കേന്ദ്രപദ്ധതിയുടെ ഭാഗമായാകും കൊല്ലത്ത് മെഡിക്കൽ കോളജ് ആരംഭിക്കുക. ഇതിനാവശ്യമായ 20 ഏക്ക൪ ഭൂമി കണ്ടെത്തി നൽകിയാൽ ഉടൻ പ്രഖ്യാപനമുണ്ടാകും.
മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയ൪ത്താൻ നടപടി സ്വീകരിക്കും. അമ്മയുടെയും കുഞ്ഞിൻെറയും ആരോഗ്യരക്ഷക്ക് വലിയ പ്രാധാന്യമാണ് സ൪ക്കാ൪ നൽകുന്നത്. ശിശു മരണനിരക്കും പ്രസവാനന്തരമുള്ള മാതൃമരണനിരക്കും സംസ്ഥാനത്ത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. ഇവ വീണ്ടും കുറക്കാനാണ് സ൪ക്കാ൪ ശ്രമം. ജനനം മുതൽ കുഞ്ഞിൻെറ വള൪ച്ചയുടെ ഓരോഘട്ടത്തിലും സ൪ക്കാറിൻെറ ശ്രദ്ധയുണ്ടാകും. ജനിച്ച് മൂന്നു ദിവസത്തിനകം രക്തപരിശോധന നടത്തി അപസ്മാരം, ഓട്ടിസം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കണ്ടെത്തും. സംസാരിക്കാനും കേൾക്കാനും കഴിയാത്ത കുട്ടികളുടെ ചികിത്സക്കായി അഞ്ച് ലക്ഷം രൂപവരെ നൽകുന്നുണ്ട്.
കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ട്രോമാകെയ൪ യൂനിറ്റ് ആരംഭിക്കും. കരുനാഗപ്പള്ളി, കൊട്ടാരക്കര ആശുപത്രികളിൽ ഡീ-അഡിക്ഷൻ സെൻററുകളും ജില്ലാ ആശുപത്രി കേന്ദ്രമാക്കി മാനസികാരോഗ്യപദ്ധതിയും ആരംഭിക്കും.
 മാനസികരോഗ വിദഗ്ദ൪ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ വരെയെത്തി ചികിത്സ നൽകുന്ന തരത്തിൽ പദ്ധതി ക്രമീകരിക്കും. ജില്ലാ ആശുപത്രിയിൽ ആ൪.സി.സിയുടെ മേൽനോട്ടത്തിൽ കാൻസ൪ ഡിറ്റക്ഷൻ സെൻററും തുട൪ചികിത്സാ കേന്ദ്രവും സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
വിക്ടോറിയ ആശുപത്രികളിൽ സ്വീവേജ് ട്രീറ്റ്മെൻറ് പ്ളാൻറ് അനുവദിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷതവഹിച്ച പി.കെ. ഗുരുദാസൻ എം.എൽ.എ ആവശ്യപ്പെട്ടു. എൻ. പീതാംബരക്കുറുപ്പ് എം.പി മുഖ്യപ്രഭാഷണം നടത്തി.
 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എസ്. ജയമോഹൻ, വൈസ് പ്രസിഡൻറ് കെ. ജഗദമ്മ ടീച്ച൪, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എസ്.എൽ. സജികുമാ൪, ജില്ലാ മെഡിക്കൽ ഓഫിസ൪ കെ. സലില, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.ആ൪. ജയശങ്ക൪, എൻ.ആ൪.എച്ച്.എം ചീഫ് എൻജിനീയ൪ എസ്. ജയശങ്ക൪, കൺസൾട്ടൻറ് എൻജിനീയ൪  വേണുഗോപാൽ വി. നായ൪, പ്രോഗ്രാം ഓഫിസ൪ ഡോ. എസ്. സുഭഗൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.