കോന്നി: സംസ്ഥാന ബജറ്റിൽ അടവി ടൂറിസം പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചതോടെ ടൂറിസം രംഗത്ത് കോന്നിക്ക് പുതിയ പ്രതീക്ഷകൾ. ആനത്താവളം കേന്ദ്രീകരിച്ച് ഇപ്പോൾ നിലവിലുള്ള ഇക്കോ ടൂറിസം പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് തണ്ണിത്തോട് പഞ്ചായത്തിൽ അടവി ടൂറിസം പദ്ധതി ആരംഭിക്കുന്നത്. കോന്നി ആനത്താവളത്തിൽ എത്തുന്ന സന്ദ൪ശക൪ക്ക് കാടും കാട്ടാറും കാനന ഭംഗിയും ആവോളം ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. പ്രകൃതിയുടെ സ്വാഭാവികത നഷ്ടപ്പെടാതെയുള്ള ടൂറിസം പദ്ധതി എന്ന തരത്തിൽ ഇത് കൂടുതൽ ശ്രദ്ധിക്കപ്പെടാനാണ് സാധ്യത.
തണ്ണിത്തോട് പഞ്ചായത്തിലെ എലിമു ള്ളുംപ്ളാക്കലിന് സമീപം പേരുവാലി മുതൽ കല്ലാറും തീരപ്രദേശവും ഉൾപ്പെടുന്ന 300 ഏക്കറിലാണ് വിനോദ സഞ്ചാരപദ്ധതി നടപ്പാകുന്നത്. ബജറ്റിൽ തുക വകകൊള്ളിച്ചതോടെ അടുത്ത സാമ്പത്തിക വ൪ഷം ആദ്യം മുതൽ നി൪മാണ പ്രവ൪ത്തനങ്ങൾ ആരംഭിക്കുമെന്ന് കോന്നി ഡി.എഫ്.ഒ പി. പ്രദീപ് പറഞ്ഞു.
കോന്നി വനം ഡിവിഷൻ പരിധിയിലാണ് അടവി ടൂറിസം മേഖല. പരമ്പരാഗത രീതിയിൽ മുളയിലും തടിയിലുമായിരിക്കും ഇവിടെ നി൪മാണങ്ങൾ നടക്കുക. ആദ്യ ഘട്ടത്തിൽ വിനോദസഞ്ചാരികൾക്കുള്ള ഇരിപ്പിടവും കുളിക്കടവും രൂപവത്കരിക്കും. പരിസ്ഥിതി സൗഹൃദ ക്യാമ്പുകൾ ടൂറിസം പ്രവ൪ത്തനത്തിൽ ഇവിടെ പ്രധാനപ്പെട്ടവയാകും. കേന്ദ്ര സ൪ക്കാറിൻെറ സാമ്പത്തിക സഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പ്ളാസ്റ്റിക് നിരോധിത മേഖല എന്നതിനാൽ പ്രവേശ കവാടത്തിൽ തന്നെ ഇവകൾ തടയും.
സാഹസികതയിൽ താൽപ്പര്യമുള്ളവ൪ക്ക് കല്ലാറിൻെറ തീരത്ത് ആനസവാരി, ട്രക്കിങ്, കല്ലാറിൽ ഒഴുകി നീങ്ങാൻ റാഫ്റ്റിങ്, ശലഭപാ൪ക്ക് എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കോന്നി ആനത്താവളത്തിൽ നിന്നും വ്യത്യസ്തമായി ആനകളെ തുറസ്സായ സ്ഥലത്ത് തുറന്നുവിടുന്ന തരത്തിലാകും കൂടൊരുക്കുക. ആനകളുടെ ലഭ്യത കണക്കിലെടുത്ത് പദ്ധതി വിപുലപ്പെടുത്തും.
സംസ്ഥാന ബജറ്റിൽ അടവി ടൂറിസം പദ്ധതി ഇടം നേടിയതോടെ മലയോരവാസികൾ ഏറെ സന്തോഷത്തിലാണ്. പദ്ധതി യാഥാ൪ഥ്യമാകുന്നതോടെ മലയോര മണ്ഡലമായ കോന്നി ടൂറിസം ഭൂപടത്തിൽ ഇടം നേടും.
ഇപ്പോൾ കോന്നി ആനത്താവളം കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതി മാത്രമാണ് ടൂറിസ്റ്റുകൾക്ക് കോന്നിയിൽ ഉള്ളത്. അടവി പദ്ധതി കൂടി വരുന്നതോടെ കോന്നിയിൽ എത്തുന്ന സന്ദ൪ശകരെ ടൂറിസത്തിൻെറ കൂടുതൽ മേഖലയിലേക്ക് എത്തിക്കാൻ കഴിയും. ഇത് വികസനത്തിലേക്ക് കുതിക്കുന്ന കോന്നിക്ക് മറ്റൊരു മുഖഛായ കൂടി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.