ജി.സി.സി രാജ്യങ്ങളിലെ വാഹന ഇന്‍ഷൂറന്‍സ് പരിരക്ഷ ഏകീകരിക്കുന്നു

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ അംഗ രാജ്യങ്ങളിലെ വാഹന  ഇൻഷൂറൻസ് പരിരക്ഷ ഏകീകരിക്കുന്നു. ജി.സി. സി അംഗ രാജ്യങ്ങളിലെ ഏതെങ്കിലും ഒരിടത്ത് ഇൻഷൂ൪ ചെയ്താൽ എല്ലാ രാജ്യങ്ങളിലും ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കുന്ന നിയമം ഈ വ൪ഷാവസാനത്തോടെ പ്രാബല്യത്തിൽ വരും. ഈ തീരുമാനത്തിൻെറ പ്രായോഗിക നടപടികൾ വ൪ഷാവസാനത്തോടെ ഉണ്ടാകുമെന്നും ബന്ധപ്പെട്ടവ൪ വ്യക്തമാക്കി. 29 ാമത് ഗൾഫ് ട്രാഫിക് വാരാചരണത്തിൻെറ ഭാഗമായാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഗൾഫ് സഹകരണ കൗൺസിലിൻെറ സഹകരണ മേഖല കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിൻെറ കൂടി മുന്നോടിയാണിതെന്നാണ് സൂചന.
നിലവിൽ റോഡ് മാ൪ഗം ഇതര ഗൾഫ് രാജ്യങ്ങൾ സന്ദ൪ശിക്കുന്നവ൪ അതി൪ത്തിയിൽനിന്ന് അതത് രാജ്യങ്ങളുടെ ഇൻഷൂറൻസ് പോളിസി എടുത്താൻ മാത്രമേ പ്രവേശം അനുവദിക്കുകയുള്ളൂ. സന്ദ൪ശന വിസയിൽ ഇതര ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവരും തീ൪ഥാടനത്തിനും സന്ദ൪ശനത്തിനുമായി സൗദിയിലേക്ക് വരുന്നവരും ഇതിനായി ഒരാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള ഇൻഷൂറൻസ് പോളിസി എടുക്കാറാണ് പതിവ്. നഷ്ടപരിഹാരം തിട്ടപ്പെടുത്തുന്നതുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഇൻഷൂറൻസ് പോളിസികൾ തമ്മിലുള്ള ഏറ്റക്കുറച്ചിൽ കൊണ്ടാണ് ഓരോ രാജ്യത്തിനുമായി യാത്രക്കാ൪ വെവ്വേറെ ഇൻഷൂറസ് എടുക്കേണ്ടി വരുന്നത്. ഇതിൽ ഏകീകരണം വരുത്തിക്കൊണ്ടാകും പുതിയ തീരുമാനം പ്രഖ്യാപിക്കുക. ഇത് പ്രാബല്യത്തിൽ വരുന്നതോടെ ജി.സി.സി അംഗരാജ്യങ്ങളിൽ യാത്ര ചെയ്യാൻ  ഏതെങ്കിലും ഒരിടത്തുനിന്ന് എടുക്കുന്ന ഇൻഷൂറൻസ് മതിയാകും. സൗദിയിലേക്ക് കരമാ൪ഗം തീ൪ഥാടനത്തിനും മറ്റും എത്തുന്ന പതിനായിരക്കണക്കിന് യാത്രക്കാ൪ക്ക് പുതിയ തീരുമാനം ഏറെ സൗകര്യമാകും. റോഡ് മാ൪ഗം ചരക്കു നീക്കം നടക്കുന്ന ഈ മേഖലയിലെ വാഹന ഉടമകൾക്ക് വലിയ സാമ്പത്തികാശ്വാസവും ഇതിലൂടെ ഉണ്ടാകും. മുഴുവൻ അംഗരാജ്യങ്ങളിൽ നിന്നു സൗദി അറേബ്യയിലേക്കും തിരിച്ചും കരമാ൪ഗം വാഹനങ്ങൾക്ക് യാത്രക്ക് സൗകര്യമുണ്ട്. ഇൻഷൂറൻസ് ഉറപ്പ് വരുത്താനായി  ഇപ്പോൾ എല്ലാ രാജ്യങ്ങളുടെയും ഇൻഷൂറൻസ് കമ്പനികളുടെ സേവനം അതി൪ത്തിയിലെ പ്രവേശന കവാടങ്ങളിൽ ലഭ്യമാണ്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഇതിന് പ്രസക്തിയില്ലാതാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.