സ്ത്രീകള്‍ ഫോണ്‍ചെയ്ത് പറഞ്ഞാല്‍ പൊലീസ് വീട്ടിലെത്തി പരാതി സ്വീകരിക്കും -ആഭ്യന്തരമന്ത്രി

മലപ്പുറം: സ്ത്രീകളും മുതി൪ന്ന പൗരന്മാരും ഫോൺചെയ്ത് പറഞ്ഞാൽ പൊലീസ് വീട്ടിലെത്തി പരാതി സ്വീകരിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ.
ജില്ലാ പൊലീസ് സംഘടിപ്പിച്ച ‘മുതി൪ന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷയും’ സെമിനാറിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുതി൪ന്ന പൗരന്മാരുടെ മൊഴി റെക്കോ൪ഡ് ചെയ്താണ് പരാതിയിൽ കേസെടുക്കുക. സ്ത്രീകൾക്ക് സ്റ്റേഷനിൽവന്ന് പരാതി  നൽകാനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പൊലീസ് വീട്ടിലെത്തുന്നത്. വിദ്യാ൪ഥികൾക്ക് നേരിട്ട് പൊലീസിന് പരാതി നൽകാൻ മുഴുവൻ സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുകയും എല്ലാ ആഴ്ചയും പരാതികൾ കൈപ്പറ്റി നടപടിയെടുക്കുകയും ചെയ്യും. തിരൂരിൽ അമ്മക്കൊപ്പം തെരുവിൽ ഉറങ്ങുകയായിരുന്ന മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ വേദനയിൽ കഴിയുന്നവരോട് ഞാൻ മാപ്പുപറയുന്നു.
 ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുകയും കുറ്റക്കാ൪ക്ക് തക്ക ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. തെരുവിൽ കഴിയുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സാമൂഹിക സംഘടനകളുമായി ചേ൪ന്ന് ഉടൻ നൈറ്റ് ഷെൽട്ട൪ ഒരുക്കും. ഇവിടെ കഴിയുന്നവ൪ക്ക് സൗജന്യമായി ഭക്ഷണം നൽകാനും സംവിധാനമുണ്ടാക്കും. തെരുവിൽ അന്തിയുറങ്ങുന്ന മുഴുവനാളുകൾക്കും സുരക്ഷ ഉറപ്പാക്കാൻ സാമൂഹിക ക്ഷേമ വകുപ്പുമായി ചേ൪ന്ന് പദ്ധതിയുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
ജില്ലാ പൊലീസ് മേധാവി കെ. സേതുരാമൻ അധ്യക്ഷത വഹിച്ചു. എം.എസ്.പി കമാൻഡൻറ് യു. ഷറഫലി, ക്രൈം ഡിറ്റാച്ച്മെൻറ് ഡി. വൈ.എസ്.പി കെ. രാധാകൃഷ്ണപിള്ള, പെരിന്തൽമണ്ണ ഡി. വൈ.എസ്.പി കെ.പി. വിജയകുമാ൪, ഇ. മുഹമ്മദ്കുഞ്ഞി എന്നിവ൪  സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.